അതെന്താ സാറേ പെമ്പിള്ളാര്‍ക്ക് രാത്രിയില്‍ പുറത്തിറങ്ങാനാവില്ലെന്ന് വെല്ല റൂളുമുണ്ടോ?; മധുരരാജക്ക് ശേഷം വൈശാഖിന്റെ ക്രൈം ത്രില്ലര്‍ നൈറ്റ് ഡ്രൈവിന്റെ ട്രെയിലര്‍ പുറത്ത്
റോഷന്‍ മാത്യുവും അന്ന ബെന്നും പ്രധാനകഥാപാത്രങ്ങളായെത്തുന്ന നൈറ്റ് ഡ്രൈവിന്റെ ട്രെയിലര്‍ പുറത്ത്. ക്രൈംത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാണ് നൈറ്റ് ഡ്രൈവ്. രാത്രിയിലെ യാത്രക്കിടയില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തില്‍ പറയുന്നത്.
പ്രക്ഷകന് ഒരു തരത്തിലുമുള്ള ക്ലൂവും തരാതെ ഒരുപാട് നിഗൂഡതകള്‍ നിറച്ചാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ഒരു ജേര്‍ണലിസ്റ്റായാണ് അന്നാ ബെന്‍ ചിത്രത്തിലെത്തുന്നത്. സാറാസിന് ശേഷമുള്ള അന്നാ ബെന്നിന്റെ ശക്തമായ ഒരു കഥാപാത്രമായിരിക്കും നൈറ്റ് ഡ്രൈവിലേത്. ഇന്ദ്രജിത്തും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രമായെത്തുന്നു. സിദ്ദിഖ്, രണ്‍ജി പണിക്കര്‍, സന്തോഷ് കീഴാറ്റൂര്‍, കലാഭവന്‍ ഷാജോണ്‍, മുത്തുമണി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കപ്പേളക്ക് ശേഷം അന്നാ ബെന്നും റോഷന്‍ മാത്യവും വീണ്ടും ജോഡികളാകുന്ന സിനിമ കൂടിയാണ് നൈറ്റ് ഡ്രൈവ്. മമ്മൂട്ടിയുടെ മധുരരാജക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന നൈറ്റ് ഡ്രൈവിനായി അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
കൊച്ചിയാണ് പ്രധാന ലൊക്കേഷന്‍. ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ചിത്ര സംയോജനം സുനില്‍ എസ് പിള്ളയാണ്. ചിത്രം നിര്‍മിക്കുന്നത് നീത പിന്റോയും പ്രിയ വേണുവും ചേര്‍ന്നാണ്. ആന്‍ മെഗാ മീഡിയയുടെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. രഞ്ജിന്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.