KeralaNews

പരിശോധന നടന്നത് 56 ഇടത്ത്, പി.എഫ്.ഐ റെയ്ഡിൽ ആയുധങ്ങളും ഡിജിറ്റൽ തെളിവുകളും കണ്ടെത്തിയെന്ന് എൻഐഎ

തിരുവനന്തപുരം: പോപുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 56 കേന്ദ്രങ്ങളിലാണ് ഇന്ന് റെയ്ഡ് നടത്തിയതെന്ന് ദേശീയ അന്വേഷണ സംഘം. ആയുധങ്ങളും ഡിജിറ്റൽ തെളിവുകളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സെപ്റ്റംബറിൽ ദേശീയ അന്വേഷണ ഏജൻസി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസുകളിലാണ് നടപടി. പോപുലർ ഫ്രണ്ടിൻ്റെ 7 എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങൾ, 7 മേഖലാ തലവന്മാർ എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തിയെന്ന് എൻഐഎ വാർത്താക്കുറിപ്പിൽ അറിയിച്ചു.

പോപ്പുലർ ഫ്രണ്ടിൻ്റെ രണ്ടാം നിര നേതാക്കളെ കേന്ദ്രീകരിച്ചായിരുന്നു ഇന്നത്തെ റെയ്ഡ്. പലരും പിഎഫ്ഐ നിരോധനം മുതൽ തന്നെ എൻഐഎ നിരീക്ഷണത്തിലായിരുന്നു. ഡൽഹിയിൽ നിന്നടക്കം എൻഐഎ ഉദ്യോഗസ്ഥരെത്തിയാണ് റെയ്ഡ് നടത്തിയത്. കേരള പൊലീസും റെയ്ഡിൽ ഭാഗമായി. എവിടെയും പ്രതിഷേധവും പ്രതിരോധമോ ഉണ്ടായിരുന്നില്ല.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിന് തുടർച്ചയായാണ് ഈ റെയ്ഡ് എന്നാണ് എൻഐഎ നൽകുന്ന സൂചന. സെപ്തംബറിൽ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന് പിന്നാലെയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്.

റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, എൻസിഎച്ച്ആർഒ, നാഷണൽ വുമൺസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യാ ഫൗണ്ടേഷൻ , റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ സംഘടനകളെയാണ് കേന്ദ്രം നിരോധിച്ചത്.

സെപ്തംബറിൽ നടന്ന റെയ്‌ഡ് കേന്ദ്രസേനകളുടെ സഹായത്തോടെ ആയിരുന്നു. കേരള പൊലീസിനെ റെയ്ഡിൽ നിന്ന് പൂർണമായി ഒഴിവാക്കിയിരുന്നു. ഇക്കുറി കേരള പൊലീസാണ് റെയ്ഡ് നടപടികൾക്ക് വേണ്ട സുരക്ഷയൊരുക്കിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker