കൊച്ചി:ന്യൂസിലന്‍ഡില്‍ ജസീന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമായി ചരിത്രം കുറിച്ച് പ്രിയങ്ക രാധാകൃഷ്ണന്‍. എറണാകുളം പറവൂര്‍ സ്വദേശിനിയാണ് പ്രിയങ്ക. ആദ്യമായിട്ടാണ് ഇന്ത്യയില്‍ നിന്നുള്ള ഒരാള്‍ ന്യൂസിലന്‍ഡില്‍ മന്ത്രിയാകുന്നത്. പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡേണിന്റെ ഉറ്റസുഹൃത്ത് കൂടിയാണ് പ്രിയങ്ക.
തന്റെ മുതു മുത്തച്ഛന്‍ ഇടതുപക്ഷ പുരോഗമന രാഷ്ട്രീയത്തില്‍ സജീവമായിരുന്നുവെന്നും കേരള രൂപീകരണത്തില്‍ സുപ്രധാന പങ്കു വഹിക്കുകയും ചെയ്തിട്ടുണ്ടെന്ന് പ്രിയങ്ക ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.
ഉന്നതപഠനത്തിനായി 2004-ല്‍ സിംഗപ്പൂരില്‍ നിന്ന് ന്യുസിലന്‍ഡിലേക്കു സ്റ്റുഡന്റ് വിസയില്‍ എത്തിയതാണ് പ്രിയങ്ക. 2006-ല്‍ ലേബര്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന് പൊതു പ്രവര്‍ത്തനം ആരംഭിച്ചു. ലേബര്‍ പാര്‍ട്ടിയുടെ നയരൂപീകരണ കമ്മിറ്റിയുടെ അംഗവും പാര്‍ട്ടിയിലെ പല സബ് കമ്മിറ്റികളിലും അംഗവും ഉപദേശകയും ആയിരുന്നു. ന്യൂസിലന്‍ഡിലെ മലയാളി സമൂഹത്തിന് പ്രധാനമന്ത്രി ജസീന്‍ഡ ഓണാശംസകള്‍ നേര്‍ന്നത് പ്രിയങ്കയുടെ സാമൂഹിക മാധ്യമ പേജുകളിലൂടെയായിരുന്നു.
പ്രിയങ്കയുടെ അച്ഛന്‍ രാമന്‍ രാധാകൃഷ്ണനും അമ്മ ഉഷ രാധാകൃഷ്ണനുമാണ്.
വെല്ലിംഗ്ടണിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയില്‍ നിന്നു ഡവലപ്മെന്റ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രിയങ്ക മീഡിയ സ്റ്റഡീസിലും സോഷ്യോളജിയിലും പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പോളിസി നയവിശകലനം, സാമൂഹ്യസേവനം എന്നീ മേഖലകളില്‍ സജീവമായി. ക്രൈസ്റ്റില്‍ ചര്‍ച്ചില്‍ നിന്നുള്ള സ്‌കോട്ട്ലണ്ട് വംശജനായ റിച്ചാര്‍ഡ്സണ്‍ ആണ് പ്രിയങ്കയുടെ ഭര്‍ത്താവ്.
തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും എം.പിയായ ആളാണ് പ്രിയങ്ക. ന്യുസിലന്‍ഡിലെ തെരഞ്ഞെടുപ്പ് രീതി ഇന്ത്യയില്‍ നിന്നു വ്യത്യസ്തമാണ്. ആകെയുള്ള 120 പാര്‍ലമെന്റിലെ സീറ്റില്‍ 71 ഇലക്ട്റല്‍ സീറ്റ് ആണ്. ഈ മണ്ഡലങ്ങളിലേക്ക് വോട്ടര്‍മാര്‍ നേരിട്ട് അവരുടെ എം.പിയെ തിരഞ്ഞെടുക്കുമ്പോള്‍ ബാക്കിയുള്ള 49 സീറ്റ് അകെ ഓരോ പാര്‍ട്ടിക്കും കിട്ടിയ വോട്ടു ശതമാനം കണക്കാക്കി അതാതു പാര്‍ട്ടി നല്‍കുന്ന ലിസ്റ്റില്‍ നിന്നാണ് എം.പിമാരെ കണ്ടെത്തുന്നത്.
ഇങ്ങനെ എം.പിമാരാകേണ്ട ലേബര്‍ പാര്‍ട്ടിയുടെ ലിസ്റ്റില്‍ രണ്ടു തവണയും ഉള്‍പ്പട്ടെയാളാണ് പ്രിയങ്ക. മോംഗക്കേക്കി മണ്ഡലത്തില്‍ ജനവിധി തേടിയ പ്രിയങ്ക കടുത്ത പോരാട്ടത്തിനൊടുവില്‍ 3000 വോട്ടിനാണ് പരാജയപ്പെട്ടത്. പ്രിയങ്കയുടെ കഴിവ് കണക്കിലെടുത്താണ് അവരെ ലേബര്‍ പാര്‍ട്ടി എം.പിയായി നാമനിര്‍ദേശം ചെയ്തത്. ഇത്തവണ അവര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ 112-ാം സ്ഥാനത്തായിരുന്നു.