NationalNews

കോൺഗ്രസിന്റെ പുതിയ പട്ടികയിലും റായ്ബറേലിയും അമേഠിയും ഇല്ല; പത്രികാസമർപണത്തിന് ഇനി 3 ദിനം മാത്രം

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ പുതിയ സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. ഹരിയാന, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളേയാണ് പ്രഖ്യാപിച്ചത്. അതേസമയം അമേഠിയിലും റായ്ബറേലിയിലും സ്ഥാനാർഥികളുടെ പേരുകൾ ഈ പട്ടികയിലും ഇല്ല. ഇതോടെ ഈ മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

നാലുപേരുടെ പേരുകൾ മാത്രമാണ് ഇപ്പോൾ പുറത്തുവന്ന പട്ടികയിലുള്ളത്. മുൻ കേന്ദ്ര മന്ത്രി ആനന്ദ് ശർമ്മ ഹിമാചലിലെ കങ്കര മണ്ഡലത്തിൽനിന്ന് മത്സരിക്കും. ഹിമാചലിലെ ഹാമിർപുരിയിൽ നിന്ന് മുൻ എം.എൽ.എ. സത്പൽ റൈസാദ മത്സരിക്കും. ഇവിടെ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറാണ് ബി.ജെ.പി. സ്ഥാനാർഥി. ഹരിയാനയിലെ ഗുഡ്ഗാവിൽ രാജ് ബബ്ബറും മഹാരാഷ്ട്രയിലെ മുംബൈ നോർത്തിൽനിന്ന് ഭൂഷൺ പാട്ടീലും ജനവിധി തേടും.

നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയ്ക്ക് വെറും മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെ അമേഠിയിലേയും റായ് ബറേലിയിലേയും സസ്പെൻസ് തുടരുകയാണ്. അമേഠിയിലും റായ്ബറേലിയിലും സ്ഥാനാർഥികളുടെ കാര്യത്തിൽ ചൊവ്വാഴ്ച തീരുമാനമാകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, ഇന്ന് പുറത്തിറക്കിയ ലിസ്റ്റിലും ഈ രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. അഞ്ചാം ഘട്ടമായി മേയ് 20-നാണ് അമേഠിയിലെ വോട്ടെടുപ്പ്.

ഈ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ കാര്യത്തിലുള്ള അനിശ്ചിതത്വം നീക്കണമെന്ന് പ്രവർത്തകരും നേതാക്കളും തുടർച്ചയായി ആവശ്യം ഉന്നയിച്ചുവരികയായിരുന്നു. അമേഠിയ്ക്ക് രാഹുലിനേയോ പ്രിയങ്കയേയോ സ്ഥാനാർഥിയായി വേണമെന്ന ആവശ്യവുമായി ഒരു സംഘം ആളുകൾ ഇന്ന് പാർട്ടി ഓഫീസിന് മുന്നിൽ പ്രതിഷേധിം നടത്തിയിരുന്നു. അമേഠി ജില്ലാ കോൺഗ്രസ് അധ്യക്ഷൻ, മുൻ ജില്ലാ അധ്യക്ഷൻ അടക്കമുള്ളവരാണ് പ്രതിഷേധിച്ചത്. ‘ഞങ്ങൾക്ക് സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെ വേണം. നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ പ്രതാപം വീണ്ടെടുക്കണം’- പാർട്ടില ജില്ലാ വക്താവ് അനിൽ സിങ് പറഞ്ഞു.

അമേഠിയിൽ രാഹുലും റായ്ബറേലിയിൽ നിന്ന് പ്രിയങ്കാ ഗാന്ധിയും മത്സരിക്കുമെന്നായിരുന്നു നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നത്. എന്നാൽ ഇതുസംബന്ധിച്ച ചോദ്യത്തിന്, ‘ഞാൻ ഒരു പ്രവർത്തകൻ മാത്രമാണെന്നും കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് തീരുമാനമെടുക്കുന്നത്’ എന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി. മൂന്ന് തവണ രാഹുലിനൊപ്പം നിന്ന മണ്ഡലം 2019-ലെ തിരഞ്ഞെടുപ്പിൽ ബിജെപി സ്മൃതി ഇറാനിയിൽ കൂടി പിടിച്ചെടുക്കുകയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച ചേർന്ന എ.ഐ.സി.സി. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ തീരുമാനം അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് വിട്ടിരുന്നു. തുടർന്ന് വൈകാതെ തന്നെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായേക്കുമെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇനിയും സ്ഥാനാർഥിപ്രഖ്യാപനത്തിന് കോൺഗ്രസ് നേതൃത്വം തയ്യാറാകാത്തത് വ്യാപകമായ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.

അതേസമയം, അമേഠിയിൽ രാഹുൽ മത്സരിക്കുന്നില്ലെങ്കിൽ തനിക്ക് മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കി റോബർട്ട് വാദ്ര രംഗത്തെത്തിയിരുന്നു. പോസ്റ്ററുകളടക്കം റോബർട്ട് വാദ്രയ്ക്കനുകൂലമായി ഉയർന്നിരുന്നു. എന്നാൽ, അമേഠി സീറ്റ് റോബർട്ട് വദ്രയ്ക്ക് നൽകിയാൽ ബാക്കിയുള്ള ഘട്ടം തിരഞ്ഞെടുപ്പുകളിൽ വലിയതോതിൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന ചിന്തയും കോൺഗ്രസ് നേതൃത്വത്തിനുണ്ട്.

സംസ്ഥാനത്തിന്റെ ചുമതലയുള്ള അവിനാശ് പാണ്ഡെയും നിയമസഭാകക്ഷി നേതാവ് ആരാധന മിശ്രയും ഖാർഗെയോടും സോണിയാഗാന്ധിയോടും രാഹുൽ ഗാന്ധിയെ അമേഠിയിലും പ്രിയങ്കാഗാന്ധിയെ റായ്ബറേലിയിലും നിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. മണ്ഡലങ്ങൾ ഗാന്ധികുടുംബം ഒഴിവാക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും ബി.ജെ.പി.ക്ക് ഒളിച്ചോടിയെന്ന പ്രചാരണം നൽകാൻ സഹായിക്കുമെന്നും ഇരുവരും ചൂണ്ടിക്കാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker