മാള: ‘സാര്‍, ഞങ്ങള്‍ വിവാഹിതരായി, പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞിട്ടില്ല. അവരെ ഒന്ന് വിവരം അറിയിക്കണം’. വിവാഹിതരായെന്ന വാര്‍ത്ത വീട്ടിലറിയിക്കാന്‍പോലീസിന്റെ സഹായം തേടി യുവദമ്പതികള്‍. മാള പോലീസ് സ്റ്റേഷനിലെത്തിയ പൊയ്യ പൂപ്പത്തി ഷാപ്പുംപടി സ്വദേശിയായ വരനും മടത്തുംപടി സ്വദേശിനിയായ വധുവുമാണ് സഹായം തേടിയത്.
പെണ്‍കുട്ടിയെ കാണാതായതായി സ്റ്റേഷനില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ പോലീസ് വീട്ടുകാരെ വിവരം അറിയിക്കേണ്ട ചുമതല ഏറ്റെടുത്തു. ഇതിനിടയില്‍ പെണ്‍കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
രാവിലെ ഏഴരയോടെയാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്. പ്രായപൂര്‍ത്തി ആയതിനു ശേഷം പരസ്പര സമ്മതത്തോടെയാണ് ഇരുവരും വിവാഹിതരായതെന്നു പോലീസ് പറഞ്ഞു. വരന്റെ വീട്ടുകാര്‍ വിവാഹത്തിനു ഉണ്ടായിരുന്നു. പോലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്നു പെണ്‍കുട്ടിയുടെ വീട്ടുകാരെത്തി.