അഡ്‌ലെയ്ഡ്: ട്വന്റി 20 ലോകകപ്പിലെ നിര്‍ണായകമായ സൂപ്പര്‍ 12 പോരാട്ടത്തില്‍ അയര്‍ലന്‍ഡിനെ പരാജയപ്പെടുത്തി ന്യൂസിലന്‍ഡ് സെമി പ്രതീക്ഷ സജീവമാക്കി. 35 റണ്‍സിനാണ് ന്യൂസിലന്‍ഡിന്റെ വിജയം. 186 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അയര്‍ലന്‍ഡിന് നിശ്ചിത 20-ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുക്കാനേ സാധിച്ചുളളൂ. ഇതോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയന്റോടെ ഗ്രൂപ്പ് ഒന്നില്‍ നിലവില്‍ ഒന്നാംസ്ഥാനത്താണ് ന്യൂസിലന്‍ഡ്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകള്‍ക്ക് നിലവില്‍ അഞ്ച് പോയന്റുണ്ട്. അവസാനത്തെ മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. ഗ്രൂപ്പ് ഒന്നിലെ സെമി ചിത്രം അതിന് ശേഷം മാത്രമേ വ്യക്തമാകൂ. തോല്‍വിയോടെ അയര്‍ലന്‍ഡ് ലോകകപ്പില്‍ നിന്ന് പുറത്തായി.
ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അയര്‍ലന്‍ഡിന് നല്ല തുടക്കമാണ് ഓപ്പണര്‍മാരായ പോള്‍ സല്റ്റിര്‍ലിങ്ങും ആന്‍ഡ്രൂ ബാല്‍ബിര്‍നിയും നല്‍കിയത്. ഒമ്പതാം ഓവറിലെ ആദ്യ പന്തില്‍ ബാല്‍ബിര്‍നിയെ മിച്ചല്‍ സാന്റ്‌നര്‍ പുറത്താക്കി. 25 പന്തില്‍ നിന്ന് 30 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. അടുത്ത ഓവറില്‍ പോള്‍ സ്റ്റിര്‍ലിങ്ങും കൂടാരം കയറി. 27 പന്തില്‍ നിന്ന് 37 റണ്‍സെടുത്ത് താരത്തെ സ്പിന്നര്‍ ഇഷ് സോധിയാണ് പുറത്താക്കിയത്.
സ്‌കോര്‍ബോര്‍ഡില്‍ കാര്യമായ ചലനം സൃഷ്ടിക്കുന്നതിന് മുന്നേ ഹാരി ടെക്ടറും ഗാരത് ഡിലനിയും ലോര്‍കന്‍ ടക്കറും പവലിയനിലേക്ക് മടങ്ങി. രണ്ട് റണ്ണെടുത്ത് ഹാരി ടെക്ടറിനെ സാന്റ്‌നറും 10 റണ്ണെടുത്ത ഡിലനിയെ ലോക്കി ഫെര്‍ഗൂസനുമാണ് പുറത്താക്കിയത്. 13 റണ്‍സെടുത്ത ടക്കറിനെ ഇഷ് സോധിയും മടക്കി.
പിന്നീടിറങ്ങിയവര്‍ക്കാര്‍ക്കും ക്രീസില്‍ നിലയുറപ്പിക്കാനാവാതെ വന്നതോടെ അയര്‍ലന്‍ഡ് പരാജയത്തിലേക്കടുത്തു. 23 റണ്‍സെടുത്ത ജോര്‍ജ് ഡോക്രെല്ലിനെ ലോക്കി ഫെര്‍ഗൂസന്‍ പുറത്താക്കി. കര്‍ട്ടിസ് കാംഫര്‍(7), ഫിയോന്‍ ഹാന്‍ഡ്(5),മാര്‍ക്ക് അഡയര്‍(4) എന്നിവരെ കിവീസ് ബൗളര്‍മാര്‍ വേഗം കൂടാരം കയറ്റി. നിശ്ചിത 20-ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സിന് അയര്‍ലന്‍ഡ് ഇന്നിങ്‌സ് അവസാനിച്ചു.
നേരത്തേ അഡ്‌ലെയ്ഡില്‍ ടോസ് നേടിയ അയര്‍ലന്‍ഡ് ന്യൂസിലന്‍ഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണിങ്ങ് കൂട്ടുകെട്ടില്‍ ഫിന്‍ അലനും ഡേവിഡ് കോണ്‍വേയും മികച്ച തുടക്കമാണ് കീവിസിന് സമ്മാനിച്ചത്. പതിനെട്ട് പന്തില്‍ നിന്ന് 32 റണ്‍സെടുത്ത ഫിന്‍ അലനാണ് സ്‌കോറിങ്ങിന് വേഗത കൂട്ടിയത്. അലനെ ആറാം ഓവറില്‍ മാര്‍ക്ക് അഡയര്‍ പുറത്താക്കി.
പിന്നീടിറങ്ങിയ കിവീസ് ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണും കോണ്‍വേയുമൊത്ത് ചേര്‍ന്ന് ടീമിനെ മികച്ച നിലയിലേക്ക് എത്തിച്ചു. ടീം സ്‌കോര്‍ 96-ല്‍ നില്‍ക്കുമ്പോള്‍ ഗാരത് ഡിലനി കോണ്‍വേയെ മടക്കി. 28-റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഒമ്പത് പന്തില്‍ നിന്ന് 17 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സിനേയും ഡിലനി പുറത്താക്കി.
ഡാരി മിച്ചലിനേയും കൂട്ടുപിടിച്ച് നായകന്‍ കെയിന്‍ വില്ല്യംസണാണ് കിവീസ് സ്‌കോര്‍ 150-കടത്തിയത്. 35 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയുടേയും മൂന്ന് സിക്‌സിന്റേയും അകമ്പടിയോടെ 61 റണ്‍സെടുത്ത വില്ല്യംസണെ ജോഷ്വ ലിറ്റില്‍ പുറത്താക്കി. പിന്നീട് എറിഞ്ഞ അടുത്ത രണ്ട് പന്തുകളും വിക്കറ്റെടുത്ത് ജോഷ്വ ലിറ്റില്‍ ഹാട്രിക്കും നേടി. ജിമ്മി നീഷാം, മിച്ചല്‍ സാന്റ്‌നര്‍ എന്നിവരേയാണ് ജോഷ്വ പുറത്താക്കിയത്. നിശ്ചിത 20-ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സിന് ന്യൂസിലന്‍ഡ് ഇന്നിങ്‌സ് അവസാനിച്ചു.
ഹാട്രിക്കെടുത്ത ജോഷ്വ ലിറ്റിലാണ് അയര്‍ലന്‍ഡിനായി തിളങ്ങിയത്. ഡിലനി രണ്ട് വിക്കറ്റെടുത്തപ്പോള്‍ മാര്‍ക്ക് അഡയര്‍ ഒരു വിക്കറ്റെടുത്തു.