FeaturedHome-bannerKeralaNews

ശവമഞ്ചം ചുമന്ന് മേയർ, സല്യൂട്ട് നൽകി പോലീസ്,കളിപ്പാട്ടങ്ങള്‍ അര്‍പ്പിച്ച് നാട്ടുകാര്‍; വിടരുംമുമ്പേ കൊഴിഞ്ഞ കുരുന്നിന് വിട നല്‍കി കൊച്ചി നഗരം

കൊച്ചി: പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റില്‍ അമ്മ കൊലപ്പെടുത്തിയ നവജാതശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു. പുല്ലേപ്പടി പൊതുശ്മശാനത്തില്‍ പോലീസിന്റെയും കൊച്ചി കോര്‍പറേഷന്റെയും നേതൃത്വത്തിലായിരുന്നു സംസ്‌കാരം. വിടരുംമുമ്പേ കൊഴിഞ്ഞ കുരുന്നിനെ സല്യൂട്ട് നല്‍കിയാണ് പോലീസ് യാത്രയാക്കിയത്.

മേയര്‍ ഉള്‍പ്പെടെയുള്ളവരാണ് കുഞ്ഞുശവപേടകം ആംബുലന്‍സില്‍നിന്ന് ശ്മശാനത്തിലേക്ക് എത്തിച്ചത്. പിന്നീട്, പോലീസ് ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും നാട്ടുകാരും ശവമഞ്ചത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു. ചിലര്‍ കളിപ്പാട്ടങ്ങളാണ് പേടകത്തിനുമുകളില്‍വെച്ചത്. തുടര്‍ന്ന് ശ്മശാനത്തിന്റെ ഒരു കോണിലൊരുക്കിയ വിശ്രമസ്ഥാനത്ത് അവനെയടക്കി.

ഒരുനഗരം മുഴുവനുമാണ് കുരുന്നിനെ ഏറ്റെടുത്തതെന്ന്, സംസ്‌കാരത്തിനു ശേഷം കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ പറഞ്ഞു. ‘മേയര്‍ ഒരു വ്യക്തിയേക്കാളുപരി നഗരത്തിന്റെ പ്രതീകമാണ്. സമൂഹത്തില്‍ ആരും അനാഥരല്ലെന്നാണ് ഇത് തെളിയിക്കുന്നത്. പലപ്പോഴും വലിയ ആളുകള്‍ക്ക് കിട്ടുന്ന സല്യൂട്ടാണ് പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധപൂര്‍വം അവന് നല്‍കിയത്. സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന മൂല്യങ്ങളുടെ തെളിവാണത്. ഇനിയും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പനമ്പിള്ളി നഗറിലെ ഫ്‌ലാറ്റിലെ ശുചിമുറിയില്‍ പ്രസവിച്ച അവിവാഹിതയായ യുവതി കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ സമ്മതപത്രം വാങ്ങിയാണ് പോലീസ് മൃതദേഹം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചത്.

രാവിലെ 8.20നാണ് കൊച്ചി പനമ്പിള്ളി നഗറിലെ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. മുകളിൽ നിന്ന് റോ‍ഡിലേക്ക് എന്തോ വീഴുന്ന ദൃശ്യം സിസി ടിവിയിൽ പതിഞ്ഞതോടെ സമീപത്തുള്ള ഫ്ലാറ്റിൽ താമസിച്ചിരുന്ന യുവതിയിലേക്ക് അന്വേഷണമെത്തി. ഇവർ ഗർഭിണിയായിരുന്ന കാര്യം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല എന്ന് പൊലീസ് വ്യക്തമാക്കി.

ഫ്ലാറ്റിലെ കുളിമുറിയിൽ പ്രസവിച്ച യുവതി പരിഭ്രാന്തിയെ തുടർന്ന് കുഞ്ഞിനെ ഒരു കുറിയർ കവറിലാക്കി താഴേക്ക് എറിയുകയായിരുന്നു. യുവതി ലൈംഗിക പീഡനത്തെ തുടർന്നാണോ ഗർഭിണി ആയതെന്ന് സംശയമുണ്ടെന്നും ഇക്കാര്യം അന്വേഷിക്കുകയാണെന്നും പൊലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയില്‍ പ്രാഥമിക മൊഴിയെടുക്കാന്‍ മാത്രമേ പൊലീസിന് സാധിച്ചിട്ടുള്ളൂ. ആദ്യം ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെങ്കിലും അണുബാധയുണ്ടായതോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

യുവതിയുടെ സുഹൃത്തായ യുവാവിൽ നിന്ന് പൊലീസ് മൊഴിയെടുത്തെങ്കിലും ഇയാൾക്കെതിരെ കുറ്റമാരോപിക്കാൻ വകുപ്പില്ല എന്നാണ് പൊലീസ് പറയുന്നത്. അതേസമയം, ആരോഗ്യനില മെച്ചപ്പെട്ടതിനു ശേഷം യുവതിയെ കസ്റ്റഡിയില്‍ വാങ്ങി നടത്തുന്ന വിശദമായ ചോദ്യം ചെയ്യല്‍ അനുസരിച്ചായിരിക്കും കേസിന്റെ മുന്നോട്ടുപോക്ക്. കുഞ്ഞിന്റെ ഡിഎൻഎ സാമ്പിളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker