ദില്ലി : സര്‍ക്കാര്‍ ആശുപത്രിയില്‍ വെന്റിലേറ്ററുകള്‍ ലഭ്യമല്ലാത്തതിനെത്തുടര്‍ന്ന് ഒരു നവജാതശിശു മരിച്ചു. തുടര്‍ന്ന് പ്രകോപിതരായ ബന്ധുക്കള്‍ ഒരു നഴ്‌സിനെ ഒരു മുറിയില്‍ പൂട്ടിയിട്ടതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മാല്‍വിയ നഗറിലെ ദില്ലി സര്‍ക്കാര്‍ ആശുപത്രിയില്‍ വ്യാഴാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. നേരത്തെ വെന്റിലേറ്ററുകള്‍ ഇല്ലാത്തതിനാല്‍ ല്യൂട്ടീന്‍സ് ദില്ലിയിലെ കേന്ദ്ര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു.
മണിക്കൂറുകള്‍ക്ക് ശേഷം കേന്ദ്ര സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ചാണ് കുഞ്ഞ് മരിച്ചത്, തുടര്‍ന്ന് കോപാകുലരായ നവജാതശിശുവിന്റെ ബന്ധുക്കള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തി നഴ്‌സിനെ ഒരു മുറിയില്‍ പിടിച്ചിരുത്തുകയായിരുന്നു. ആരോഗ്യ പ്രവര്‍ത്തകനെ തടവിലാക്കിയെന്നാരോപിച്ച് പിസിആര്‍ വിളിച്ചതിനെ തുടര്‍ന്ന് ഒരു സംഘത്തെ ആശുപത്രിയിലേക്ക് അയച്ചതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.