എസ്.എ.ടി ആശുപത്രിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചത് ചികിത്സാ പിഴവിനെ തുടര്‍ന്നെന്ന് ആരോപണം; പ്രതിഷേധവുമായി ബന്ധുക്കള്‍
തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചത് ചികിത്സാ പിഴവിനെ തുടര്‍ന്നാണെന്ന് ആരോപണം. അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. കൊട്ടാരക്കര സ്വദേശിനിയെ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ശേഷം ഇന്ന് പുലര്‍ച്ചെ യുവതി പ്രസവിച്ചു. എന്നാല്‍ പ്രസവ ശേഷം കുഞ്ഞ് അംഗ വൈകല്യത്തെ തുടര്‍ന്ന് മരണപ്പെട്ടുവെന്നാണ് ആശുപത്രി നല്‍കിയ വിശദീകരണം. ആദ്യം കുഞ്ഞിനെ മെഡിക്കല്‍ കോളേജിലെ പഠന ആവശ്യത്തിന് ഉപയോഗിക്കുമെന്നും ബന്ധുക്കള്‍ക്ക് വിട്ടു നല്‍കില്ലെന്നും അറിയിച്ചു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ അമ്മയ്ക്കോ, കുഞ്ഞിനോ പ്രശ്‌നങ്ങള്‍ ഉള്ളതായി അധികൃതര്‍ അറിയിച്ചിരുന്നില്ല. തുടര്‍ന്ന് കുഞ്ഞിനെ നേരില്‍ കണ്ട ബന്ധുക്കള്‍ അംഗ വൈകല്യത്തിന്റെ കാര്യത്തില്‍ സംശയം തോന്നിയാണ് അധികൃതരോട് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടത്. അധികൃതര്‍ മതിയായ വിശദീകരണം നല്‍കിയില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. പ്രതിഷേധം ശക്തമായതോടെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കുഞ്ഞിനെ വിട്ടു നല്‍കാമെന്ന ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരിന്നു.