ന്യൂഡല്‍ഹി: രണ്ട് കുടുംബങ്ങളിലെ എട്ടു പേര്‍ മരിച്ച നേപ്പാള്‍ ദാമനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ട് നേപ്പാള്‍ ടൂറിസം അധികൃതര്‍ അടച്ചു പൂട്ടി. മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നത്. വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ സംഭവങ്ങളില്‍ റിസോര്‍ട്ടിനു വീഴ്ചകള്‍ സംഭവിച്ചുവെന്ന് അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണിത്. ജനുവരി 21 നാണ് കേരളത്തെ നടുക്കിയ ആ ദുരന്തം ഉണ്ടായത്. വിനോദയാത്രക്കെത്തിയ സംഘത്തിലെ രണ്ട് കുടുംബങ്ങളിലെ എട്ട് പേരാണ് റൂമിലെ ഹീറ്ററിലെ ഗ്യാസ് ലീക്കായി മരിച്ചത്.
തിരുവനന്തപുരം ശ്രീകാര്യം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിനു സമീപം അയ്യന്‍കോയിക്കല്‍ ‘രോഹിണി’യില്‍ സി. കൃഷ്ണന്‍ നായരുടെയും പ്രസന്ന കുമാരിയുടെയും മകന്‍ പ്രവീണ്‍കുമാര്‍ കെ. നായര്‍ (39), ഭാര്യ ശരണ്യ ശശി (34), മക്കള്‍ ശ്രീഭദ്ര (9), ആര്‍ച്ച (7), അഭിനവ് (4), കോഴിക്കോട് കുന്നമംഗലം താളിക്കുണ്ട് പുനത്തില്‍ മാധവന്‍ നായരുടെയും പ്രഭാവതിയുടെയും മകന്‍ ടി.ബി. രഞ്ജിത്കുമാര്‍ (39), ഭാര്യ ഇന്ദുലക്ഷ്മി (34), മകന്‍ വൈഷ്ണവ് (2) എന്നിവരാണു മരിച്ചത്. ഒരേ മുറിയിലാണ് ഇവരെല്ലാം കിടന്നിരുന്നത്. രഞ്ജിത്തിന്റെ മൂത്ത മകന്‍ മാധവ് (6) മറ്റൊരു മുറിയിലായിരുന്നതിനാല്‍ രക്ഷപ്പെട്ടു.