കാഠ്മണ്ഡു: റിസോര്‍ട്ടില്‍ രണ്ട് മലയാളി കുടുംബങ്ങള്‍ വിഷവാതകം ശ്വസിച്ച് ശ്വാസംമുട്ടി മരിയ്ക്കാനുണ്ടായ സംഭവം , റിസോര്‍ട്ടിനെ കുറിച്ച് സഹയാത്രികരുടെ വെളിപ്പെടുത്തല്‍ പുറത്ത്.
നേപ്പാളില്‍ ദമാനിലെ റിസോര്‍ട്ടില്‍ നാല് കുട്ടികളടക്കം എട്ട് പേര്‍ മരിച്ച സംഭവത്തില്‍ റിസോര്‍ട്ടധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണുണ്ടായതെന്ന് വെളിവാക്കി സഹയാത്രികന്റെ അനുഭവസാക്ഷ്യം.
കുഞ്ഞുങ്ങളുമായി എത്തിയ കുടുംബങ്ങളോട് റൂം ഹീറ്ററില്ലെന്നാണ് റിസോര്‍ട്ടധികൃതര്‍ ആദ്യം പറഞ്ഞതെന്നും, പിന്നീട് റെസ്റ്റോറന്റില്‍ വച്ചിരുന്ന ഹീറ്ററെടുത്ത് മുറിയില്‍ വച്ച് കൊടുക്കുകയായിരുന്നെന്നും കൂടെ യാത്ര ചെയ്തിരുന്ന ഇവരുടെ സുഹൃത്ത് രാംകുമാര്‍ പറഞ്ഞു.
രാംകുമാര്‍ പറയുന്നതിങ്ങനെ
ഞങ്ങള്‍ നാല് കൂട്ടുകാരും കുടുംബങ്ങളും ഡല്‍ഹിയില്‍ ഒപ്പം എത്തി നേപ്പാള്‍ സന്ദര്‍ശിക്കാമെന്നതായിരുന്നു പ്ലാന്‍. ആദ്യ ദിനം കാഠ്മണ്ഡുവിലേക്ക് എത്തി. രണ്ടാം ദിവസം പൊഖ്‌റയില്‍ പോയി. അതിന് ശേഷം മൂന്നാം ദിനം ദാമനില്‍ പോയി. അവിടെ എത്തിയ ശേഷം രാത്രി ചെലവഴിക്കാനാണ് എവറസ്റ്റ് പനോരമ റിസോര്‍ട്ടിലേക്ക് എത്തിയത്.
മുറിയില്‍ വന്നപ്പോള്‍ റൂം ഹീറ്റര്‍ വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നില്ല. ബെഡ് ഹീറ്റര്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. അതും വര്‍ക്ക് ചെയ്യാത്ത സ്ഥിതിയായിരുന്നു. ഞങ്ങള്‍ നാല് വെവ്വേറെ മുറികളാണ് ബുക്ക് ചെയ്തിരുന്നത്. മൈനസ് ഡിഗ്രി താപനിലയില്‍ കുഞ്ഞുങ്ങള്‍ക്ക് കിടക്കാന്‍ പറ്റാത്തതുകൊണ്ട് ഞങ്ങള്‍ റൂം ഹീറ്റര്‍ തരാമോ എന്ന് ചോദിച്ചു.
റെസ്റ്റോറന്റില്‍ ടവര്‍ ഹീറ്ററുണ്ടായിരുന്നു. അവിടെ ഇത്തിരി ചൂടുണ്ടായിരുന്നതുകൊണ്ട്, മുറിയില്‍ ഹീറ്ററില്ലെങ്കില്‍ റസ്റ്റോറന്റില്‍ വന്നിരുന്നോളാമെന്ന് പ്രവീണ്‍ പറഞ്ഞു. എന്നാല്‍ അവര്‍ പറഞ്ഞത് റസ്റ്റോറന്റില്‍ ഇരിക്കാന്‍ പറ്റില്ലെന്നാണ്. ടവര്‍ ഹീറ്ററെടുത്ത് രാത്രി 12 മണിയോടെ പ്രവീണിന്റെ മുറിയിലെടുത്ത് വച്ച് തരാമെന്ന് റസ്റ്റോറന്റുകാര്‍ പറഞ്ഞു. അങ്ങനെ എടുത്ത് വയ്ക്കുകയും ചെയ്തു. ഒരൊറ്റ മുറിയില്‍ മാത്രമാണ് ഹീറ്ററുള്ളത് എന്നതുകൊണ്ട്, രഞ്ജിത്തിന്റെ ഇളയ മോനെയും കൊണ്ട് രഞ്ജിത്തും ഭാര്യയും ആ മുറിയിലേക്ക് മാറി. മൂത്ത മോന്‍ ഉറങ്ങിയിരുന്നു. അതുകൊണ്ട് അവനെ ഉറക്കിക്കിടത്തിയാണ് അപ്പുറത്തെ മുറിയിലേക്ക് പോയത്.
രഞ്ജിത്തും ഭാര്യയും ഇളയ കുഞ്ഞും അങ്ങോട്ട് വന്ന ശേഷമാണ് ഞങ്ങള്‍ കിടക്കാന്‍ പോയത്. പിന്നെ രാവിലെ എല്ലാവര്‍ക്കും ബെഡ് കോഫി അറേഞ്ച് ചെയ്ത് ഞാന്‍ രഞ്ജിത്തിന്റെ മുറിയിലേക്ക് പോയപ്പോഴാണ് മൂത്ത കുഞ്ഞ് കരയുന്നത് കണ്ടത്. അവനെ എടുത്ത് പ്രവീണിന്റെ മുറിയില്‍ പോയപ്പോഴാണ് എല്ലാവരും ബോധരഹിതരായി കിടക്കുന്നത് കണ്ടത്. പിന്നെ അവരെ ഹോട്ടലിലറിയിച്ച് ഹെലികോപ്റ്റര്‍ വഴി ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ, എത്തിച്ചപ്പോഴേക്ക് മരണം സ്ഥിരീകരിച്ചിരുന്നു. സുഹൃത്തുക്കളുമായി ആഘോഷിക്കാനെത്തിയവരെ ഉറക്കത്തില്‍ മരണം കൊണ്ടുപോയത് വിശ്വസിക്കാനായിട്ടില്ല ഇനിയും പലര്‍ക്കും