KeralaNews

നിയോകോവ് വൈറസ്: നാലാം കൊവിഡ് തരംഗത്തിന് കാരണമാകുമോ? വിശദീകരണങ്ങളിങ്ങനെ

കൊച്ചി:നിയോകോവ്​ വൈറസ്​ സംബന്ധിച്ച വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം കൂടുതല്‍ ആശങ്കകള്‍ സൃഷ്​ടിച്ചിരുന്നു. കൊറോണ​ വൈറസ്​ വകഭേദങ്ങളായ ഡെല്‍റ്റ, ഒമിക്രോണ്‍ എന്നിവക്ക്​ ശേഷം ഏറ്റവും മാരക പ്രഹര ശേഷിയുള്ള നിയോകോവ്​ വരുന്നു എന്ന നിലക്കായിരുന്നു വാര്‍ത്തകള്‍ വന്നത്​.

എന്നാല്‍, ആശ്വാസകരമായ സംഗതികളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്​.

മനുഷ്യരില്‍ പ്രവേശിച്ച്‌ രോഗമുണ്ടാക്കാന്‍ ശേഷിയുള്ള ആയിരക്കണക്കിന് വൈറസുകള്‍ വവ്വാലുകളടക്കമുള്ള വന്യജീവികളിലുണ്ട്. അവയിലൊന്ന് മാത്രമാണ് നിയോകോവ് എന്ന കൊറോണ വൈറസ് എന്നറിഞ്ഞിരിക്കേണ്ടതാണ്. ഇതില്‍ കവിഞ്ഞ്​ ഇതില്‍ ആശങ്കപ്പെടാന്‍ കാര്യമില്ലെന്നും മേഖലയിലെ പ്രമുഖര്‍ പറയുന്നു.

നിയോകോവ് വൈറസിനെക്കുറിച്ച്‌ ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അതേക്കുറിച്ച്‌ വിശദമാക്കി പ്രശസ്ത ആരോഗ്യവിദഗ്ധന്‍ ഡോ. ബി. ഇക്ബാലും രംഗത്തെത്തി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇത്​ സംബന്ധിച്ച സമഗ്ര വിവരം നല്‍കും.

ഡോ. ബി. ഇക്​ബാലി​ന്‍റെ കുറിപ്പില്‍നിന്ന്​:

നിയോകോവ് വൈറസ് നാലാം തരംഗത്തിന് കാരണമാവുമോ?

മാരകമായ രോഗാണുബാധക്ക് കാരണമായ നിയോകോവ് (NeoCov) എന്നൊരു പുതിയ കൊറോണ വൈറസ് പടരാന്‍ സാധ്യതയുണ്ടെന്ന അതിശയോക്തിലര്‍ന്ന വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളില്‍ കണ്ടെത്തിയ നിയോകോവ് വൈറസുമൂലം രോഗം ബാധിക്കുന്ന മുന്നിലൊരാള്‍ മരണമടയുമെന്ന് ചൈനീസ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയതായാണ് വാര്‍ത്ത.

2012-14 കാലത്ത് സൗദിഅറേബ്യയില്‍ ഉത്ഭവിച്ച മെഴ്‌സ് (MERS: Middle East Respiratory Syndrome) പടര്‍ത്തിയ മെഴ്‌സ് കൊറോണ വൈറസിനോട് സാമ്യമുള്ളതാണ് നിയോകോവ് എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വവ്വാലുകളില്‍ നിന്ന് ഒട്ടകത്തിലൂടെ മനുഷ്യരിലെത്തിയ മെഴ്‌സ് വൈറസ് 2519 ഓളം പേരെ ബാധിക്കുകയും 866 പേര്‍ മരണമടയുകയും ചെയ്തിരുന്നു (മരണനിരക്ക് 34.3%).

നിയോകോവ് വൈറസ് പുതുതായി കണ്ടെത്തിയ വൈറസല്ല. 2011ല്‍ അലോബാറ്റ്‌സ് (Aloe Bats) എന്നറിയപ്പെടുന്ന നിയൊറോമികിയ (Neoromicia,) എന്ന ഇനം വവ്വാലുകളില്‍ നിയോകോവ് വൈറസിന്റെ സാന്നിധ്യം ആഫ്രിക്കന്‍ മലഗാസി പ്രദേശത്ത് കണ്ടെത്തിയിരുന്നതാണ്. മെഴ്‌സ് കൊറോണ വൈറസിനോട് 85 ശതമാനം ജനിതകസാമ്യമുള്ള വൈറസാണ് നിയോകോവ്. എന്നാല്‍ മനുഷ്യകോശങ്ങളില്‍ പ്രവേശിക്കാന്‍ മെഴ്‌സ് വൈറസ് ഉപയോഗിക്കുന്ന മനുഷ്യശരീരത്തിലെ DPP4 റിസപ്റ്റര്‍ (Dipeptidyl peptidase 4 receptor) ഉപയോഗിക്കാന്‍ ഈ വൈറസിന് കഴിയില്ല.

കോവിഡിന് കാരണമായ സാര്‍സ് കൊറോണ വൈറസ്-2 മനുഷ്യകോശങ്ങളില്‍ പ്രവേശിക്കുന്നത് മനുഷ്യശരീരത്തിലെ ACE 2 ഗ്രാഹികള്‍ (ACE-2 Reeptor: Angiotensin converting enzyme-2 Receptor) വഴിയാണ്. നിയോകോവ് വൈറസ് വവ്വാലുകളുടെ കോശങ്ങളില്‍ കടക്കുന്നത് ACE 2 ഗ്രാഹികളിലൂടെയാണ്. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഗവേഷണപഠനം പറയുന്നത് നിലവില്‍ മനുഷ്യകോശങ്ങളിലെ ACE 2 ഗ്രാഹികളുമായി ചേരാനോ രോഗമുണ്ടാക്കാനോ ഉള്ള ശേഷി നിയോകോവ് വൈറസിനില്ലെന്നും എന്നാല്‍ നിയോകോവ് വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനില്‍ ഉചിതമായ ജനിതകവ്യതിയാനം സംഭവിച്ചാല്‍ ACE 2 ഗ്രാഹികളുമായി ചേര്‍ന്ന് മനുഷ്യ കോശങ്ങളില്‍ പ്രവേശിക്കാന്‍ നിയോകോവ് വൈറസിന് കഴിഞ്ഞേക്കാമെന്നും മാത്രമാണ്.

മനുഷ്യരില്‍ പ്രവേശിച്ച്‌ രോഗമുണ്ടാക്കാന്‍ ശേഷിയുള്ള ആയിരക്കണക്കിന് വൈറസുകള്‍ വവ്വാലുകളടക്കമുള്ള വന്യജീവികളിലുണ്ട്. അവയിലൊന്ന് മാത്രമാണ് നിയോകോവ് എന്ന കൊറോണ വൈറസ് എന്നറിഞ്ഞിരിക്കേണ്ടതാണ്. വവ്വാലുകളിലും മറ്റും അവക്ക് രോഗമുണ്ടാക്കാതെ കഴിയുന്ന ഇത്തരം വൈറസുകള്‍ മനുഷ്യരിലേക്ക് കടന്ന് ജനിതകവ്യതിയാനത്തിലൂടെ രോഗകാരണമാവാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കാനാണ് ഗവേഷകര്‍ ശ്രമിച്ചത്. മനുഷ്യരിലേക്ക് ഇങ്ങനെ മറ്റ് ജീവികളില്‍ നിന്നും വൈറസ് കടക്കുന്നതിനെ സ്പില്‍ ഓവര്‍ (Spill Over) എന്നാണ് വിശേഷിപ്പിക്കുക. പലപ്പോഴും ഒരു ഇടനിലജീവിയിലൂടെയാണ് (Intermediate Host) വൈറസ് മനുഷ്യരിലെത്തുന്നത്. ചൈനയില്‍ 2002-04 ല്‍ വ്യാപിച്ച സാര്‍സ് (SARS: Severe Acute Respiratory Syndrome) വവ്വലുകളില്‍ നിന്നും ചൈനീസ് മാംസകമ്ബോളത്തിലെ (Wet market) വെരുകിലൂടെയാണ് (Civet Cat) മനുഷ്യരിലെത്തിയത്. കോവിഡ് വൈറസ് മനുഷ്യരിലെത്തിയതിന് കാരണമായ ഇടനിലജീവിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

ഇത്തരത്തിലുള്ള രോഗാണുക്കളെ നേരത്തെതന്നെ ജനിതകപഠന നിരീക്ഷണത്തിലൂടെ (Genomic Surveillance) കണ്ടെത്തുകയും, ജനിതക സവിശേഷതകള്‍ പഠനവിധേയമാക്കുകയും ചെയ്യുന്നതിലൂടെ, വൈറസ് സ്രോതസ്സുകളായ വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചും മാംസ മൃഗവ്യാപാരങ്ങളടക്കമുള്ള മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധപ്പെടലുകള്‍ ഉചിതമായി നിയന്ത്രണ വിധേയമാക്കിയും ഭാവിയിലെ മഹാമാരികളെ തടയാന്‍ കഴിയും. ഈ ലക്ഷ്യത്തോടെ നടക്കുന്ന പഠനങ്ങളില്‍ ഒന്നു മാത്രമാണ് നിലവില്‍ പുറത്തുവന്നിരിക്കുന്ന നിയോകോവ് ഗവേഷണ പഠനം.

എന്തായാലും നിയോകോവ് വൈറസ് ഒമിക്രോണിന് ശേഷമുള്ള അടുത്ത കോവിഡ് വൈറസ് വകഭേദമാണെന്നും കൂടുതല്‍ മരണസാധ്യതയുള്ള നാലാം തരംഗത്തിന് കാരണമാവുമെന്നും മറ്റും ഭയപ്പെടേണ്ടതില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker