NationalNews

അനില്‍ അംബാനിയ്ക്ക് സ്വന്തം പേരും നഷ്ടം;ഹിന്ദുജയുടെ സ്വന്തം റിലയന്‍സ്

മുംബൈ:പാപ്പരായ റിലയന്‍സ് ക്യാപിറ്റല്‍ ഏറ്റെടുക്കുന്ന ഹിന്ദുജ ഗ്രൂപ്പ് ‘റിലയന്‍സ്’ ബ്രാന്‍ഡ് ഉപയോഗിക്കുന്നതില്‍ നിന്ന് തടയണമെന്ന് ആവശ്യപ്പെട്ട അനില്‍ ധീരുഭായ് അംബാനി വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ അപേക്ഷ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ തള്ളി.

 ‘റിലയന്‍സ്’ ബ്രാന്‍ഡ് മൂന്ന് വര്‍ഷത്തേക്ക് ഉപയോഗിക്കാന്‍ ഹിന്ദുജ ഗ്രൂപ്പിന്‍റെ ഉപസ്ഥാപനമായ ഇന്‍ഡസ്ഇന്‍ഡ് ഇന്‍റര്‍നാഷണല്‍ ഹോള്‍ഡിംഗ്സിനെ കമ്പനി ലോ ട്രൈബ്യൂണല്‍  അനുവദിച്ചു. ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ റിലയന്‍സ് ക്യാപിറ്റലിനെ ‘ഇന്‍ഡസ്ഇന്‍ഡ്’ എന്ന പേരില്‍ റീബ്രാന്‍ഡ് ചെയ്യാന്‍ പദ്ധതിയിടുന്നതായി ഹിന്ദുജ ഗ്രൂപ്പ് വ്യക്തമാക്കി.

എന്‍സിഎല്‍ടിയുടെ റെസല്യൂഷന്‍ പ്ലാന്‍ അനുസരിച്ച് ‘റിലയന്‍സ്’ പേര് ഉപയോഗിക്കാന്‍ അനുവദിച്ചിരിക്കുന്ന മൂന്ന് വര്‍ഷത്തെ  കാലയളവിന് ശേഷം ഈ റീബ്രാന്‍ഡിംഗ് നടക്കും. നേരത്തെ മൂന്ന് വര്‍ഷത്തേക്ക്  ‘റിലയന്‍സ്’ ബ്രാന്‍ഡ് ഉപയോഗിക്കാന്‍  ഹിന്ദുജ ഗ്രൂപ്പിന്‍റെ ഉപസ്ഥാപനമായ ഇന്‍ഡസ്ഇന്‍ഡ് ഇന്‍റര്‍നാഷണല്‍ ഹോള്‍ഡിംഗ്സിനെ കമ്പനി ലോ ട്രൈബ്യൂണല്‍ അനുവദിച്ചതിനെതിരെ അനില്‍ ധീരുഭായ് അംബാനി വെഞ്ച്വേഴ്സ പരാതി നല്‍കുകയായിരുന്നു.

അനില്‍ ധീരുഭായ് അംബാനി വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡും റിലയന്‍സ് ക്യാപിറ്റലും തമ്മിലുള്ള 2014 ഏപ്രിലിലെ ബ്രാന്‍ഡ് ലൈസന്‍സിംഗ് കരാറാണ്  തര്‍ക്കത്തിന് തുടക്കം കുറിച്ചത്. കരാറിന് കീഴില്‍, 10 വര്‍ഷത്തേക്ക് ബ്രാന്‍ഡ് ഉപയോഗിക്കുന്നതിന് റിലയന്‍സ് ക്യാപിറ്റലിന് ലൈസന്‍സ് നല്‍കിയിരുന്നു. അത് കാലഹരണപ്പെട്ടെങ്കിലും ഫെബ്രുവരി 27-ലെ ഉത്തരവില്‍, മൂന്ന് വര്‍ഷത്തേക്ക് ബ്രാന്‍ഡ് ഉപയോഗിക്കാന്‍ ഇന്‍ഡസ്ഇന്‍ഡ് ഇന്‍റര്‍നാഷണല്‍ ഹോള്‍ഡിംഗ്സിനെ അനുവദിക്കുകയായിരുന്നു. റിലയന്‍സ് ക്യാപിറ്റലിന്‍റെ ബ്രാന്‍ഡും ലോഗോയും മൂന്ന് വര്‍ഷത്തേക്ക് ഉപയോഗിക്കുന്നതിന് ഇത് വഴി ഇന്‍ഡസ് ഇന്‍ഡിന് സാധിക്കും.

വന്‍ കടബാധ്യത കാരണം പ്രതിസന്ധിയിലായ അനില്‍ അംബാനിയുടെ റിലയന്‍സ് ക്യാപിറ്റലിനെ  ഇന്‍ഡ്സ് ഇന്‍ഡ് ഇന്‍റര്‍നാഷണല്‍ ഹോള്‍ഡിംഗ്സ് 9,650 കോടി രൂപ മുടക്കിയാണ് ഏറ്റെടുക്കുന്നത്. അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പ് കമ്പനിയുടെ ഭരണപരമായ പ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളും കാരണം 2021 നവംബറില്‍ റിസര്‍വ് ബാങ്ക് റിലയന്‍സ് ക്യാപിറ്റലിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് നീക്കം ചെയ്തിരുന്നു.

കമ്പനിയെ ഏറ്റെടുക്കുന്നതിന് 2022 ഫെബ്രുവരിയില്‍ താല്‍പര്യ പത്രം ക്ഷണിക്കുകയും അഡ്മിനിസ്ട്രേറ്ററെ നിയമിക്കുകയും ചെയ്തു.  റിലയന്‍സ് ക്യാപിറ്റലിന് 40,000 കോടി രൂപയിലധികം വരുന്ന കടബാധ്യതയാണ് ഉള്ളത്. 2019 ഒക്ടോബര്‍ മുതല്‍ റിലയന്‍സ് ക്യാപിറ്റല്‍ കടങ്ങളുടെ തിരിച്ചടവില്‍ വീഴ്ച വരുത്താന്‍ തുടങ്ങിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ആര്‍ബിഐ പരിശോധനയില്‍,റിലയന്‍സ് ക്യാപിറ്റല്‍ മിനിമം റെഗുലേറ്ററി ക്യാപിറ്റല്‍ റേഷ്യോ പാലിക്കുന്നില്ലെന്നും കണ്ടെത്തുകയായിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker