‘ഉമ്മയെന്നെ കൊല്ലും’; മുടി മുറിച്ച് നസ്രിയ, കമന്റ് ബോക്സ് ആഘോഷിച്ച് താരങ്ങളും
കൊച്ചി:ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ ജൂനിയർ എന്ന റിയാലിറ്റി ഷോയിലെ അവതാരകയായി മലയാളികൾക്ക് സുപരിചിതയായ ആളാണ് നസ്രിയ. പിന്നീട് പളുങ്ക് എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം, മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി ഉയർന്നു. സ്വാഭാവിക അഭിനയവും ക്യൂട്ട്നെസും കൊണ്ട് ഒത്തിരി ആരാധകരെ സ്വന്തമാക്കിയ നസ്രിയ, ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷവും അഭിനയത്തിലും അണിയറപ്രവര്‍ത്തനങ്ങളിലും സജീവമാണ്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന പോസ്റ്റുകൾ ഞൊടിയിട കൊണ്ട് ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു പോസ്റ്റാണ് ഇപ്പോൾ വൈറൽ ആകുന്നത്. ഹെയർ കട്ട് ചെയ്ത കാര്യം അറിയിച്ചു കൊണ്ടുള്ളതാണ് പോസ്റ്റ്. എത്രത്തോളം മുടിയാണ് വെട്ടിയതെന്നും ഫോട്ടോയിലൂടെ നസ്രിയ അറിയിക്കുന്നുണ്ട്. ഉമ്മ എന്നെ കൊല്ലും എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോകൾ പുറത്തുവന്നത്.
ചെന്നൈയിലെ പ്രശസ്ത സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ ധനശേഖരൻ ആണ് നസ്രിയയുടെ മുടി മുറിച്ചത്. ഫോട്ടോകൾ നടി പങ്കുവച്ചതിന് പിന്നാലെ കമന്റുകളുമായി നരവധി സെലിബ്രിറ്റികളാണ് രംഗത്ത് എത്തിയത്. എന്നാൽ മുടി മുറിച്ചത് നന്നായി എന്ന് പറയുന്ന ആരാധകരും നിരാശ പ്രകടിപ്പിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. അതേസമയം, പുഷ്പ 2വിനായി ഫഹദ് മൊട്ട അടിക്കുന്നുവെന്നും ഇവിടെ മുടി മുറിക്കുകയാണെന്നും തുടങ്ങി രസകരമായ കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.
സൂക്ഷ്മദര്‍ശിനി എന്ന ചിത്രമാണ് നസ്രിയയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ബേസിൽ ജോസഫ് ആണ് നായകൻ. എംസി ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ധാർത്ഥ ഭരതനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അണ്ടേ സുന്ദരാനികി എന്ന തെലുങ്ക് ചിത്രത്തിന് ശേഷം നസ്രിയ അഭിനയിക്കുന്ന സിനിമ കൂടിയാണിത്. ക്രിസ്റ്റോ സേവ്യറാണ് സംഗീതം ഒരുക്കുന്നത്.