നയൻതാര- വിഘ്‌നേഷ് ശിവൻ വിവാഹം; തീയതിയും വേദിയും നിശ്ചയിച്ചു
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ആരാധകരുടെ പ്രിയ ജോഡികളായ നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹിതരാവുന്നു. ഏഴുവർഷത്തെ പ്രണയസാഫല്യമാണ് വിവാഹത്തിൽ എത്തിയിരിക്കുന്നത്. വിവാഹത്തിന്റെ തീയതിയും വേദിയും നിശ്ചയിച്ചു.ജൂൺ ഒൻപതിന് തിരുപ്പതി ക്ഷേത്രത്തിൽ വച്ചാണ് ഇരുവരും വിവാഹിതരാവുന്നതെന്നാണ് സൂചന. പിന്നാലെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി മാലിദ്വീപിൽ വിവാഹവിരുന്നും ഉണ്ടാകും.
നയൻതാരയും വിഘ്‌നേഷും തിരുപ്പതിയിൽ ക്ഷേത്രദർശനത്തിനായി എത്തുന്നത് പതിവായിരുന്നു. ഇരുവരും വീണ്ടുമൊന്നിച്ച പുതിയ ചിത്രമായ ‘കാതുവാക്കുലെ രെണ്ട് കാതൽ’ കഴിഞ്ഞ ഏപ്രിൽ 28നാണ് തിയേറ്ററുകളിൽ എത്തിയത്. വിജയ് സേതുപതി നായകനായ ചിത്രത്തിൽ സാമന്തയാണ് മറ്റൊരു നായിക. ചിത്രത്തിന്റെ റിലീസിന് തൊട്ടുമുൻപായും ഇരുവരും തിരുപ്പതിയിൽ എത്തിയിരുന്നു. വിഘ്‌നേഷ് പങ്കുവച്ച തിരുപ്പതി ചിത്രങ്ങൾ വൈറലാവുകയും ചെയ്തിരുന്നു.
2011ൽ പുറത്തിറങ്ങിയ ‘ശ്രീരാമ രാജ്യം’ എന്ന ചിത്രത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുത്ത നയൻതാര 2015ൽ പുറത്തിറങ്ങിയ വിഘ്‌നേഷ് ശിവൻ ചിത്രം നാനും റൗഡി താനിലൂടെയാണ് തിരിച്ചെത്തിയത്. ഈ ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു ഇരുവരും പ്രണയത്തിലാവുന്നത്. സൂപ്പർ ഹിറ്റായി മാറിയ ചിത്രത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിരുന്നു.