Entertainment

ഡിഗ്രിയ്ക്ക് ഒരുമിച്ച് പഠിച്ച കൂട്ടുകാരി ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറാകുമെന്ന് ഒരിക്കലും കരുതിയില്ല; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. നടിക്ക് പിറന്നാളാശംസകള്‍ അറിയിച്ച് ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സ് ഇന്ത്യ അടക്കം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വൈറല്‍ ആകുന്നത് താരത്തിന് പിറന്നാളാശംസകള്‍ അറിയിച്ച് കൊണ്ട് തിരുവല്ല മാര്‍ത്തോമ കോളെജിലെ സഹപാഠി എഴുതിയ കുറിപ്പാണ്.

തുടക്ക കാലത്ത് ആരാധകരേക്കാള്‍ കൂടുതല്‍ വിമര്‍ശകര്‍ ഏറ്റു വാങ്ങേണ്ടി വന്ന നടി ഇന്ന് ഒറ്റയ്ക്ക് സിനിമ പിടിച്ച് നിര്‍ത്താന്‍മാത്രം വളരുമെന്ന് ആരും കരുതിക്കാണില്ലെന്നാണ് പോസ്റ്റില്‍ സഹപാഠിയായ മഹേഷ് കടമ്മനിട്ട പറയുന്നത്. ഡിഗ്രി ക്ലാസില്‍ 2002-2005 ബാച്ചില്‍ ഒരുമിച്ച് പഠിച്ച കൂട്ടുകാരി ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറാകുമെന്ന് ഒരിക്കലും കരുതിയില്ല. നെപോട്ടിസം വാഴുന്ന ഒരു ഇന്‍ഡസ്ട്രിയില്‍ ഒരു സിനിമാ പാരമ്പര്യവും ഇല്ലാതെ ഒരു സ്ത്രീ ഇത്രയും കാലം പിടിച്ചു നിന്നു എന്നത് അത്ഭുതം തന്നെയാണെന്നും അദ്ദേഹം പറയുന്നു.

തിരുവല്ല എന്ന ചെറിയ ഗ്രാമത്തില്‍ നിന്ന് ഇത്രയും പ്രശസ്തിയിലേക്ക് വളര്‍ന്നത് സ്വന്തം കഠിനാധ്വാനവും അര്‍പ്പണ ബോധവും കൊണ്ടാണ്. ഞങ്ങളുടെ പ്രിയ സുഹൃത്ത് ഡയാനയ്ക്ക്, നിങ്ങളുടെ നയന്‍താരയ്ക്ക് ഒരായിരം ജന്മദിനാശംസകള്‍ എന്നാണ് മഹേഷ് ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്. ഒപ്പം നയന്‍താരയുടെ ഡിഗ്രി കാലത്തെ കയ്യെഴുത്തിന്റെ ചിത്രവും മഹേഷ് പോസ്റ്റിനൊപ്പം വെച്ചിട്ടുണ്ട്. തന്റെ ഭാര്യയാണ് കയ്യെഴുത്ത് സൂക്ഷിച്ച് വെച്ചതെന്നും മഹേഷ് കുറിപ്പില്‍ പറയുന്നു.

നയന്‍താരയുടെ 36ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാള്‍ ദിനത്തില്‍ നടി നായികയായെത്തുന്ന നിഴല്‍ സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തു വിട്ടിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലുമാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ഇരുവരും നയന്‍താരയ്ക്ക് ജന്മദിനാശംസകള്‍ നേരുകയും ചെയ്തു. കുഞ്ചാക്കോ ബോബനും നയന്‍താരയും ആദ്യമായി മുഴുനീള വേഷം ചെയ്യുന്ന ചിത്രമാണ് നിഴല്‍. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവാണ്.

അതേസമയം നയന്‍താര അന്ധയായി അഭിനയിക്കുന്ന നെട്രികണ്‍ എന്ന ചിത്രത്തിന്റെ ടീസറും പുറത്തിറങ്ങി. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ വിഘ്നേശ് ശിവനാണ്. നയന്‍താരയുടെ 65ാമത്തെ ചിത്രമാണ് നെട്രികണ്‍. മലയാളി താരമായ അജ്മല്‍ അമീറാണ് വില്ലനായി എത്തുന്നത്.

മഹേഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ഡിഗ്രി ക്ലാസില്‍ (മാര്‍ത്തോമ കോളെജില്‍, 2002-2005 ഇംഗ്ലീഷ് ലിറ്ററേച്ചര്‍) ഒപ്പമിരുന്നു പഠിച്ച കൂട്ടുകാരി ഇന്ന് തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല…
നെപോട്ടിസം വാഴുന്ന ഒരു ഇന്‍ഡസ്ട്രിയില്‍ ഒരു സിനിമാ പാരമ്പര്യവുമില്ലാതെ ഒരു സ്ത്രി ഇത്രയും കാലം പിടിച്ചു നിന്നത് അല്‍ഭുതം തന്നെയാണ്…
തുടക്കകാലത്ത് ആരാധകരേക്കാള്‍ വിമര്‍ശകര്‍ ഉണ്ടായിരുന്ന നടി ഇന്ന്
ഒറ്റയ്ക്ക് ഒരു സിനിമ പിടിച്ചു നിര്‍ത്താന്‍ കഴിയുന്നത്ര വളരുമെന്ന് ആരും കരുതിക്കാണില്ല…
കുറ്റപ്പെടുത്തലുകളും, വിമര്‍ശനങ്ങളും ആവോളം കേട്ട്, എല്ലാം തരണം ചെയ്ത് കൊയ്‌തെടുത്ത വിജയം… ഒരു ഇന്‍ഡസ്ട്രി മുഴുവന്‍ ആദരിക്കുന്ന വ്യക്തി…
തിരുവല്ല എന്ന ചെറിയ ഗ്രാമത്തില്‍ നിന്ന് ഇത്രയും പ്രശസ്തിയിലേക്ക് വളര്‍ന്നത് സ്വന്തം കഠിനാധ്വാനവും, അര്‍പ്പണബോധവും കൊണ്ടാണ്…
ഞങ്ങളുടെ പ്രിയ സുഹൃത്ത് ഡയാനയ്ക്ക്, നിങ്ങളുടെ എല്ലാം പ്രിയപ്പെട്ട നയന്‍താരയ്ക്ക് ഒരായിരം ജന്മദിനാശംസകള്‍…

17 വര്‍ഷത്തിലേറെയായി ഈ ഇന്‍ഡസ്ട്രിയില്‍ മുന്‍നിരയില്‍ തന്നെ പിടിച്ച് നില്‍ക്കുന്നത്.. അവിശ്വസനീയം… നിങ്ങളുടെ അര്‍പ്പണബോധത്തേയും പരിശ്രമത്തേയും ഞങ്ങള്‍ ബഹുമാനിക്കുന്നു സുഹൃത്തേ…

( ഈ കയ്യെഴുത്ത് ഇത്രയും നാള്‍ സൂക്ഷിച്ച് വെച്ച എന്റെ പ്രിയ പത്‌നിയ്ക്ക്)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker