റായ്‌പൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ നക്‌സലൈറ്റുകൾ നടത്തിയ ഐഇഡി സ്ഫോടനത്തിൽ രണ്ട് ജവാൻമാർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. സ്‌റ്റേറ്റ് ടാസ്‌ക് ഫോഴ്‌സിലെ ചീഫ് കോൺസ്‌റ്റബിൾ ഭരത് ലാൽ സാഹുവും കോൺസ്‌റ്റബിൾ സതേർ സിംഗിനുമാണ് ജീവൻ നഷ്‌ടമായത്. ടാറെം പോലീസ് സ്‌റ്റേഷൻ പരിധിയിലെ മന്ദിമർക വനമേഖലയിൽ ഇന്നലെ രാത്രിയാണ് ഐഇഡി സ്‌ഫോടനം ഉണ്ടായത്.
സുരക്ഷാ സേനാംഗങ്ങൾ നക്‌സൽ വിരുദ്ധ ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പൈപ്പ് ബോംബ് പൊട്ടിത്തെറിച്ചത്. പുരുഷോത്തം നാഗ്, കോമൾ യാദവ്, സിയറാം സോറി, സഞ്ജയ് കുമാർ എന്നീ ജവാൻമാർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൂടുതൽ വിദഗ്‌ധ ചികിത്സക്കായി ഇവരെ റായ്‌പൂരിലേക്ക് എയർലിഫ്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്.
ബീജാപൂർ, ദന്തേവാഡ, സുക്‌മ ജില്ലകൾക്കിടയിലുള്ള അതിർത്തി പ്രദേശത്ത് ദർഭ ഡിവിഷൻ, വെസ്‌റ്റ് ബസ്തർ ഡിവിഷൻ, മിലിട്ടറി കമ്പനി നമ്പർ 2 എന്നിവിടങ്ങളിലെ മാവോയിസ്‌റ്റുകളുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ചൊവ്വാഴ്‌ച മുതൽ ഈ മേഖലയിൽ വിവിധ ഗ്രൂപ്പുകളെ വിന്യസിച്ചിരുന്നു.
എസ്‌ടിഎഫ്, ജില്ലാ റിസർവ് ഗ്രൂപ്പ് (ഡിആർജി), കമാൻഡോ ബറ്റാലിയൻ എന്നിവയുടെ സംയുക്ത സംഘങ്ങൾ, റെസല്യൂട്ട് ആക്ഷൻ (കോബ്രാ), സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) എന്നീ ഗ്രൂപ്പുകൾക്ക് ആയിരുന്നു ചുമതല. ഇതിന് പിന്നാലെയാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇതോടെ കൂടുതൽ സുരക്ഷാ സേനയെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്.