സെെക്കിൾ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടർന്ന് പിടിച്ച് നടി നവ്യ നായരും കുടുംബവും; കെെയടിച്ച് സോഷ്യൽമീഡിയ
ആലപ്പുഴ: സൈക്കിൾ യാത്രികനെ ഇടിച്ചിട്ട ലോറിയെ പിന്തുടർന്ന് തടഞ്ഞുനിർത്തിയ നടി നവ്യാ നായർക്കും കുടുംബത്തിനും സോഷ്യൽമീഡിയയുടെ പ്രശംസ. സിനിമയിൽ മാത്രമല്ല ജീവിതത്തിലും നവ്യ താരമാണെന്നും ആളുകൾ പറയുന്നു. നവ്യാ നായരുടെ അവസരോചിതമായ ഇടപെടൽ മാതൃകാപരമെന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.
തിങ്കളാഴ്ച ആലപ്പുഴയിലെ പട്ടണക്കാടാണ് സംഭവമുണ്ടായത്. പട്ടണക്കാട് സ്വദേശി രമേശൻ സഞ്ചരിച്ച സെെക്കിളിൽ ദേശീയപാത നവീകരണത്തിനായി തൂണുകളുമായി വന്ന ഹരിയാന രജിസ്ട്രേഷൻ ട്രെയിലർ ഇടിക്കുകയായിരുന്നു. കൊച്ചിയിലേയ്ക്കുള്ള യാത്രാമധ്യേയാണ് നവ്യയും കുടുംബവും അപകടസ്ഥലത്തെത്തുന്നത്. സെെക്കിൾ യാത്രികനെ ഇടിച്ചിട്ട ട്രെയിലർ നിർത്താതെ പോയതോടെ നവ്യയുടെ വാഹനം പിന്തുടർന്നു.
ഈ സമയം അപകടവിവരം നടി പോലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചിരുന്നു. നവ്യാ നായരുടെ വാഹനം ട്രെയിലറിനെ പിന്തുടർന്ന് നിർത്തിച്ചപ്പോൾ ഹെെവേ പോലീസും സ്ഥലത്തെത്തി. നവ്യയെ കൂടാതെ അമ്മ വീണ, സഹോദരൻ രാഹുൽ, മകൻ സായി കൃഷ്ണ, അച്ഛൻ രാജു നായർ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. സഹോദരൻ രാഹുൽ ആയിരുന്നു വാഹനമോടിച്ചത്.
ട്രെയിലറിൻ്റെ ഡ്രെെവറെ പോലീസുകാർ സ്റ്റേഷനിലേയ്ക്ക് കൂട്ടിക്കൊണ്ടുപോവുകയും പരിക്കേറ്റ സെെക്കിൾ യാത്രികന് ചികിത്സ ഉറപ്പാക്കുകയും ചെയ്ത ശേഷമാണ് നവ്യ സ്ഥലത്തുനിന്ന് മടങ്ങിയത്.