സി.ഐയെ കാണാതായ സംഭവത്തില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും
കൊച്ചി: കൊച്ചിയിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നാടുവിട്ട സംഭവത്തില്‍ ആരോപണ വിധേയനായ അസിസ്റ്റന്‍ഡ് കമ്മീഷണര്‍ സുരേഷ് കുമാറിനെതിരെ അച്ചടക്ക നടപടിയ്ക്ക് സാധ്യത. എ.സി.പിയുമായി ചില വാക്കുതര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായും ജോലി മടുത്തപ്പോഴാണ് നാടുവിട്ടതെന്നുമയിരുന്നു സി.ഐ നവാസ് പറഞ്ഞത്. വകുപ്പ് തല അന്വേഷണത്തിന് ശേഷമാകും നടപടി. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ നവാസ് മാധ്യമങ്ങളോട് കാര്യങ്ങള്‍ പിന്നീട് പറയാമെന്നാണ് പ്രതികരിച്ചത്.
കൊച്ചിയില്‍ മടങ്ങിയെത്തിയ നവാസ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പരസ്യമായി ഇത് വരെ ഒന്നും പറഞ്ഞിട്ടില്ല. സേനയുടെ ആത്മവീര്യം തകര്‍ക്കുന്ന രീതിയില്‍ പ്രതികരണമുണ്ടാകരുതെന്ന് ഉദ്യോഗസ്ഥര്‍ നവാസിനോട് ആവശ്യപ്പെട്ടിടുണ്ട്. സംഭവത്തില്‍ വകുപ്പ് തല അന്വേഷണവും തുടരുകയാണ്.
കൊച്ചി അസിസ്റ്റന്‍ഡ് കമ്മീഷണറായിരുന്ന സുരേഷ്‌കുമാറിനെ മട്ടാഞ്ചേരി അസിസ്റ്റന്‍ഡ് കമ്മീഷണറായി സ്ഥലം മാറ്റിയിരുന്നു. എന്നാല്‍, വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ ചുമതല സുരേഷ്‌കുമാറിന് നല്‍കിയേക്കില്ല. നവാസും,അസിസ്റ്റന്‍ഡ് കമ്മീഷണറുമായി വയര്‍ലെസ് സെറ്റിലൂടെ നടത്തിയ സംഭാഷണം പരിശോധിച്ച് വരികയാണ്. പൊലീസ് കണ്‍ട്രോള്‍ റൂമിലെ ഈ റെക്കോര്‍ഡുകള്‍ പരിശോധിച്ച ശേഷമാകും അച്ചടക്ക നടപടി.