തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഗരുഡ പ്രീമിയം ഞായറാഴ്ച സർവീസ് ആരംഭിക്കും. കോഴിക്കോട്-ബെംഗളൂരു പാതയിലാണ് ബസ് സര്‍വീസ് നടത്തുക. പുലർച്ചെ നാല് മണിക്ക് കോഴിക്കോട്ട് നിന്ന് ആരംഭിക്കുന്ന സർവീസ് 11.35ന് ബെംഗളൂരുവിലെത്തും.
കൽപ്പറ്റ, സുൽത്താൻ ബത്തേരി, ഗുണ്ടൽപേട്ട്, മൈസൂർ, മാണ്ഡ്യ വഴിയാണ് യാത്ര. ഉച്ചയ്ക്ക് 2.30ന് തുടങ്ങി രാത്രി 10.5ന് കോഴിക്കോട് തിരിച്ചെത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
1171 രൂപയാണ് സെസ് അടക്കമുള്ള നിരക്ക്. എ.സി. ബസുകൾക്കുള്ള 5 ശതമാനം ലക്ഷ്വറി ടാക്സും നൽകണം. 26 പുഷ്ബാക്ക് സീറ്റുകളാണ് ബസിലുള്ളത്. ലിഫ്റ്റ്, ശുചിമുറി, ടെലിവിഷൻ, മൊബൈൽ ചാർജർ തുടങ്ങിയ സൗകര്യങ്ങളും ബസിൽ ഒരുക്കിയിട്ടുണ്ട്.
ബസ് മാസങ്ങളായി വെറുതെ കിടക്കുന്നുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് ഉപയോഗിക്കുന്ന കാര്യത്തില്‍ തീരുമാനം ആയത്.