KeralaNews

രണ്ടാഴ്ച മുമ്പ് ഉമ്മ, ഇപ്പോൾ ബാപ്പയും, തനിച്ചായി നൗഷാദിൻ്റെ 13 കാരിയായ ഏകമകൾ നഷ്​വ

തിരുവല്ല:പ്രശസ്ത പാചക വിദഗ്ധനും സിനിമാ നിര്‍മാതാവുമായ നൗഷാദിന്റെ മരണം മലയാളികള്‍ക്കാകെ വേദനയായി. നൗഷാദിന്റെ ഏക മകള്‍ നഷ്​വയെ കുറിച്ചോര്‍ക്കുമ്പോൾ അതിനെക്കാള്‍ ദുഃഖമാണ്.

രണ്ടാഴ്ച മുമ്പാണ്​ നൗഷാദിന്റെ ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടര്‍ന്ന്​ മരിച്ചത്​. ഇപ്പോള്‍ നഷ്​വയെ തനിച്ചാക്കി നൗഷാദ്​ കൂടി യാത്രയായിരിക്കുന്നു. ദിവസങ്ങളുടെ വ്യത്യാസത്തിലുണ്ടായ ഈ ഇരട്ട ദുരന്തം 13കാരിയായ നഷ്​വയെ തളര്‍ത്തരുതേ എന്ന പ്രാര്‍ത്ഥനയിലാണ് നൗഷാദിന്റെ സുഹൃത്തുക്കളും.

ഒരു മാസമായി തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നൗഷാദ്​. രോഗങ്ങളോട്​ പൊരുതി കൊണ്ടിരിക്കെ ഭാര്യ ഷീബ രണ്ടാഴ്ച മുമ്ബ്​ മരിച്ചത്​ നൗഷാദിനെ വല്ലാതെ തളര്‍ത്തിയിരുന്നു. ഭാര്യയുടെ മൃതദേഹം ഐ സി യുവില്‍ കിടന്നാണ് അദ്ദേഹം കണ്ടത്. മാതാവിന്റെ മരണം നല്‍കിയ മാനസികാഘാതത്തിനൊപ്പം പിതാവ്​ തിരികെ വരുമെന്ന പ്രതീക്ഷയിലുമായിരുന്നു നഷ്​വ. അതും അസ്ഥാനത്താക്കിയാണ്​ നൗഷാദിന്റെ മടക്കം. ദീര്‍ഘ നാളത്തെ ചികിത്സയ്ക്കു ശേഷമാണ്​ നൗഷാദ്​- ഷീബ ദമ്ബതികള്‍ക്ക്​ മകള്‍ ജനിച്ചത്​. പെരുമാറ്റത്തില്‍ സൗമ്യത പുലര്‍ത്തിയ പ്രിയങ്കരനായ നൗഷാദിന്റെ വിയോഗത്തിന്റെ നടുക്കത്തിലാണ് സിനിമാ ലോകത്തെ സുഹൃത്തുക്കളും. അവര്‍ക്കും നഷ്​വയുടെ ഈ നഷ്ടം വിശ്വസിക്കാനാകുന്നില്ല. ‘അത്രയും പ്രിയപ്പെട്ട എന്റെ നൗഷുമോന്‍ യാത്രയായി..ഷീബയുടെ അടുത്തേയ്ക്ക്.. ദിവസങ്ങളുടെ മാത്രം ഇടവേളയില്‍ സ്വര്‍ഗത്തില്‍ അവര്‍ ഒരുമിച്ചു. സ്നേഹിതാ… പ്രിയപ്പെട്ടവള്‍ക്കൊപ്പം അവിടെ വിശ്രമിക്കുക.. പരമകാരുണികനായ അള്ളാഹു ഭൂമിയില്‍ നഷ്‌വ മോളെ ചേര്‍ത്തു പിടിച്ചു കൊള്ളും’ – നിര്‍മാതാവ്​ ആ​ന്റോ ജോസഫ് ഫേസ്​ബുക്കില്‍ കുറിച്ചത്​ ഇങ്ങനെയാണ്.

അദ്ദേഹത്തിന്‍റെ ചിരിക്കുന്ന മുഖം മനസില്‍ നിന്നു മായുന്നില്ല. 13 വയസുള്ള നഷ്‌വ എന്ന മോളാണ് ഇക്കയ്ക്കുള്ളത്. നഷ്‌വയെ നമ്മുക്ക് ചേര്‍ത്തുനിര്‍ത്താം’- എന്നായിരുന്നു നിര്‍മാതാവും പ്രോജക്​ട്​ ഡിസൈനറുമായ എന്‍ എം ബാദുഷയുടെ വാക്കുകള്‍. ഒരുമിച്ചൊരു സിനിമ ചെയ്യണമെന്ന ഇരുവരുടെയും ആഗ്രഹം നടക്കാതെ പോയതിന്റെ വിഷമവും ബാദുഷ പങ്കുവെക്കുന്നു. ‘ഒരുമിച്ച്‌ സിനിമകള്‍ ചെയ്യുന്നതിനെക്കുറിച്ച്‌ ഞങ്ങള്‍ പറയുമായിരുന്നു. എന്നാല്‍, ഇതുവരെ അത് യാഥാര്‍ഥ്യമായില്ല. അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാന്‍ ഭാഗ്യമുണ്ടായില്ലെങ്കിലും വലിയ ഇഷ്​ടമായിരുന്നു എന്നെ, എനിക്ക് അദ്ദേഹത്തെയും. ഒരു ദിവസം എന്നെ വിളിച്ചിട്ട് പറഞ്ഞു-‘മോനെ എനിക്കൊരു സിനിമ ചെയ്യണമെടാ’ എന്ന്​. അദ്ദേഹത്തിന് ഏറ്റവുമിഷ്​ടമുള്ള ടീമായ ഷാഫിയെയും ബെന്നി പി. നായരമ്ബലത്തെയും ബിജു മേനോനെയും വച്ച്‌ ഞാനൊരു പ്രൊജക്‌ട് പറയുകയും അത് അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തു.

അസുഖം ഭേദമായി വന്നുകഴിയുമ്ബോള്‍ എനിക്ക് നീ ആദ്യമത് ചെയ്തു തരണമെന്നും പറഞ്ഞു. അതെല്ലാം ഞാന്‍ സെറ്റ് ചെയ്തു വച്ചിരുന്നതുമാണ്. പക്ഷേ അതിനൊന്നും നില്‍ക്കാതെ അദ്ദേഹം യാത്രയായി’- ബാദുഷ പറയുന്നു. ഏറെ പ്രിയങ്കരനായ നൗഷാദിന് സിനിമാ ലോകം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്​ജു വാര്യര്‍, ദിലീപ്, ബി. ഉണ്ണികൃഷ്ണന്‍, ആസിഫ് അലി, മനോജ് കെ. ജയന്‍, അജു വര്‍ഗീസ്, വിനയ് ഫോര്‍ട്ട് തുടങ്ങി ഒട്ടേറെപേര്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker