ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത വീണ്ടും കുറഞ്ഞെന്ന് നാസ; ആശങ്ക തുടരുന്നു

കാലിഫോര്‍ണിയ: 2024 YR4 എന്ന ഛിന്നഗ്രഹത്തെ നാസ സൂക്ഷ്‍മമായി നിരീക്ഷിച്ചുവരികയാണ്. 2032 ഡിസംബർ 22-ന് ഭൂമിയുമായി ഈ ഛിന്നഗ്രഹം കൂട്ടിയിടിക്കാനുള്ള സാധ്യത പ്രാരംഭ കണക്കുകൂട്ടലുകൾ സൂചിപ്പിച്ചിരുന്നു. ഏറ്റവും പുതിയ നിരീക്ഷണങ്ങളിലൂടെ 2024 വൈആര്‍4 ഛിന്നഗ്രഹത്തെ കുറിച്ചുള്ള ഡാറ്റ പരിഷ്‍കരിക്കുകയാണ് നാസയിലെ ശാസ്‍ത്രജ്ഞർ. നാസയുടെ പുതിയ വിലയിരുത്തൽ പ്രകാരം, 2024 വൈആര്‍4 എന്ന ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത വീണ്ടും ഗണ്യമായി കുറഞ്ഞു.
പുതിയ വിലയിരുത്തൽ പ്രകാരം, 2024 വൈആര്‍4 ഛിന്നഗ്രഹം ഭൂമിയിൽ ഇടിക്കാനുള്ള സാധ്യത മൂന്ന് ശതമാനത്തിൽ നിന്ന് വെറും 0.28 ശതമാനമായി കുറഞ്ഞു. ഈ ഛിന്നഗ്രഹത്തിന്‍റെ പാതയെക്കുറിച്ചുള്ള പ്രവചനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നാസയുടെ ഗ്രഹ പ്രതിരോധ സംഘങ്ങൾ ഛിന്നഗ്രഹത്തെ നിരീക്ഷിക്കുന്നത് തുടരുമെന്ന് നാസ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. അതേസമയം പുതിയ ഡാറ്റകൾ അനുസരിച്ച് ഈ ഛിന്നഗ്രഹം ചന്ദ്രനുമായി കൂട്ടിയിടിക്കാനുള്ള സാധ്യത ഒരു ശതമാനം ആയി വർധിച്ചുവെന്നും നാസ കൂട്ടിച്ചേർത്തു.
40 മുതൽ 90 മീറ്റർ വരെ വ്യാസമുള്ളതായി കണക്കാക്കപ്പെടുന്ന 2024 വൈആര്‍4 ഛിന്നഗ്രഹം, അതിന്‍റെ വലിപ്പവും അന്തരീക്ഷത്തിലേക്കുള്ള പ്രവേശനത്തിന്‍റെ സ്വഭാവവും അനുസരിച്ച് കാര്യമായ അപകടസാധ്യതകൾ സൃഷ്‍ടിക്കുമെന്ന് തുടക്കത്തിൽ വിലയിരുത്തിയിരുന്നു. യുഎസ് ബഹിരാകാശ ഏജൻസിയുടെ സെന്‍റർ ഫോർ നിയർ എർത്ത് ഒബ്‍ജക്റ്റ് സ്റ്റഡീസ് (CNEOS), 2024 YR4 നമ്മുടെ ഗ്രഹവുമായി കൂട്ടിയിടിക്കാനുള്ള സാധ്യത 3.1 ശതമാനമായി വരെ നേരത്തെ പട്ടികപ്പെടുത്തിയിരുന്നു. കൂട്ടിയിടിക്ക് ഇപ്പോഴും സാധ്യതയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് വിദഗ്‌ധർ പറഞ്ഞു.
2024 ഡിസംബർ 27-ന് ചിലിയിലെ എൽ സോസ് ഒബ്‍സർവേറ്ററിയാണ് 2024 YR4നെ കണ്ടെത്തിയത്. നാസയുടെ കണക്കുകൂട്ടലുകൾ പ്രകാരം, ഈ ഛിന്നഗ്രഹം ഭൂമിയിൽ പതിക്കാന്‍ സാധ്യതയുള്ള ദിവസം 2032 ഡിസംബർ 22 ആണ്. നിലവിൽ 2024 YR4 ഭൂമിയിൽ നിന്ന് ഏറെ അകലെയാണ് ഉള്ളത്. ഇത് ഏപ്രിലിൽ റഡാറിൽ നിന്ന് അപ്രത്യക്ഷമാകുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ 2028 വരെ അതിനെ ദൃശ്യമാകില്ല. അതുകൊണ്ടുതന്നെ കുറഞ്ഞ സമയം കൊണ്ട് ഈ ഛിന്നഗ്രഹത്തിന്‍റെ ചലനങ്ങൾ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുകയാണ് ശാസ്ത്രജ്ഞർ.