തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെ ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ കണ്ടതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ ഗൂഢാലോചനയുണ്ടെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് ടി ജി നന്ദകുമാർ ഹൈക്കോടതിയിൽ ഹർജി നൽകി. ബിജെപി നേതാവും സ്ഥാനാർത്ഥിയുമായിരുന്ന ശോഭ സുരേന്ദ്രനും കോൺഗ്രസ് നേതാവ് കെ സുധാകരനുമെതിരെ കേസ് എടുക്കണമെന്നാണ് ആവശ്യം.
പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നും കോടതി ഇടപെടണമെന്നും ടിജി നന്ദകുമാർ ആവശ്യപ്പെട്ടു. ഇപി ജയരാജനെ പ്രകാശ് ജാവദേക്കാർ കണ്ടതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ദിവസം ഉയർന്ന ആരോപണത്തിന് പിന്നിൽ സുധാകരനും ശോഭയുമാണ്. ഗൂഢാലോചന അന്വേഷിക്കണമെന്നും കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
തനിക്കെതിരെ നടന്ന ഗൂഡാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് കണ്‍വീനർ ഇ.പി.ജയരാജൻ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം പുരോഗമിക്കുകയാണ്. ഡിജിപിക്ക് നൽകിയ പരാതി സിറ്റി പൊലിസ് കമ്മീഷണർക്ക് കൈമാറിയിരുന്നു.
ആക്കുളത്തെ ഫ്ലാറ്റിൽ പ്രകാശ് ജവദേക്കറെ ദല്ലാള്‍ നന്ദകുമാർ എത്തിച്ചതും ശോഭാ സുരേന്ദ്രനും കെ.സുധാകരനും ആരോപണം ഉന്നയിച്ചതുമെല്ലാം ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് ജയരാജൻ നൽകിയ പരാതിയിൽ പറയുന്നത്. പ്രാഥമിക അന്വേഷണ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലായിരുന്നു കേസെടുത്ത് പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള അന്വേഷണം.