മലപ്പുറം:നെറ്റ് വര്‍ക്ക് കണക്ഷന്‍ ദുര്‍ബലമായതോടെ വീടിനുമുകളില്‍ കയറിയിരുന്ന് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനിയിക്ക് ഒടുവില്‍ ആശ്വാസം.വീടിനുള്ളില്‍ ഇന്റര്‍നെറ്റ് സൗകര്യം കിട്ടാത്തതിനാലാണ് അരീക്കലിലെ നമിത നാരായണന്‍ വീടിനുമുകളിലിരുന്ന് ഓണ്‍ലൈന്‍ പഠനം തുടങ്ങിയത്. കുറ്റിപ്പുറം കെ എം സി ടി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ ബി എ ഇംഗ്ലീഷ് വിദ്യാര്‍ഥിനിയാണ് നമിത.ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
തിങ്കളാഴ്ച ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ നമിതക്ക് ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ മോശം നെറ്റ്വര്‍ക്ക് മൂലം ക്ലാസുകള്‍ നഷ്ടപ്പെടരുതെന്ന് കരുതിയാണ് മേല്‍ക്കൂരയില്‍ കയറാനുള്ള സാഹസത്തിലേക്ക് നമിത എത്തിയത്. ഇരുനിലവീടിന് മുകളിലിരുന്ന് പഠിക്കുന്ന നമിതയുടെ ചിത്രം കണ്ട് ചിലര്‍ ട്രോളിയപ്പോള്‍ മറ്റു ചിലര്‍ കൂടെ നില്‍ക്കുകയാണ് ചെയ്തത്. നമിതയുടെ ഈ ചിത്രം വാര്‍ത്തയാവുകയും ചെയ്തു.
‘ഞങ്ങളുടെ വീട് നില്‍ക്കുന്നിടത്ത് നെറ്റ്വര്‍ക്ക് കിട്ടുന്നില്ല. ഓണ്‍ലൈന്‍ പഠനം തുടങ്ങിയപ്പോള്‍ ഇത് നല്ല ബുദ്ധിമുട്ടായി. തന്നെ പോലെ നെറ്റ് വര്‍ക്ക് പ്രശ്നങ്ങള്‍ കാരണം ദുരിതമനുഭവിക്കുന്ന നിരവധി പേരുണ്ട്’- നമിത പറഞ്ഞു.
ഇപ്പോഴിതാ നമിതയ്ക്ക് അതിവേഗ ഇന്റര്‍നെറ്റ് സ്വകര്യം ലഭിച്ചിരിക്കുകയാണ്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ജിയോയുടെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം നമിതയുടെ വീട്ടിലെത്തി ഇന്റര്‍നെറ്റ് സ്വകര്യം ഉറപ്പാക്കുകയായിരുന്നു. ഇതുപയോഗിച്ചാണ് വ്യാഴാഴ്ച മുതല്‍ നമിത പഠനം തുടങ്ങിയത്.
ഇപ്പോള്‍ നന്നായി നെറ്റ് കിട്ടുന്നുവെന്നും സന്തോഷമുണ്ടെന്നും നമിത പറഞ്ഞു. കോട്ടയ്ക്കല്‍ എംഎല്‍എ സെയ്ദ് ആബിദ് ഹുസൈന്‍ തങ്ങള്‍ അടക്കം നിരവധി പേര്‍ വീട്ടിലെത്തി വിഷയത്തെ കുറിച്ച് തിരക്കിയെന്നും നമിത പറയുന്നു.
എന്തായാലും നമിതയുടെ പരാതിയോടെ സംസ്ഥാനത്തെ മൊബൈല്‍ ടവറുകളുടെ ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ജിയോ നടപടികള്‍ ആരംഭിച്ചു. സര്‍ക്കാര്‍ അഭ്യര്‍ത്ഥന മാനിച്ച് ജിയോ ടിവിയില്‍ സൗജന്യമായി വിക്ടേഴ്‌സ് ചാനല്‍ ഉള്‍പ്പെടുത്താനും ജിയോ തീരുമാനിച്ചു.