കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ രാജ്യാന്തര ഗൂഢാലോചനയെന്ന് നമ്പി നാരായണന്‍. ചാരക്കേസിലെ അന്വേഷണ മേല്‍നോട്ടച്ചുമതല ഐബി കൗണ്ടര്‍ ഇന്റലിജന്‍സ് വിഭാഗം മേധാവി രത്തന്‍ സൈഗാളിനായിരുന്നു. അമേരിക്കന്‍ ചാരസംഘടനയ്ക്ക് വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചുവെന്ന് നമ്പി നാരായണന്‍ പറഞ്ഞു.
ഇന്ത്യ ക്രയോജനിക് സാങ്കേതിക വിദ്യ സ്വന്തമാക്കുന്നതില്‍ അമേരിക്കയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു. സാമ്പത്തിക താല്‍പര്യം മുന്‍നിര്‍ത്തി അമേരിക്ക പദ്ധതിയെ ശക്തമായെതിര്‍ത്തു. ചാരക്കേസിലെ അന്വേഷണ മേല്‍നോട്ടച്ചുമതലയുണ്ടായിരുന്ന ഐബി കൗണ്ടര്‍ ഇന്റലിജന്‍സ് വിഭാഗം മേധാവി രത്തന്‍ സൈഗാള്‍ ആമേരിക്കന്‍ ചാരസംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചതായി നമ്പി നാരായണന്‍ ആരോപിക്കുന്നു. അമേരിക്കന്‍ ബന്ധം തെളിഞ്ഞതിനെത്തുടര്‍ന്ന് രത്തന്‍ സൈഗാളിനെ 1996ല്‍ ഐബിയില്‍ നിന്നും പുറത്താക്കുകയാണുണ്ടായതെന്നും നമ്പി നാരായണന്‍ ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം തനിക്കെതിരെ പോലീസ് കീഴ്‌ക്കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ യാതൊരുവിധ തെളിവുകളോ രേഖകളോ ഹാജരാക്കിയിരുന്നില്ലെന്ന് നമ്പി നാരായണന്‍ ചൂണ്ടിക്കാട്ടുന്നു. വിദേശപണം കൈപ്പറ്റിയെന്ന് പറയുമ്പോഴും അതിന് രേഖകളുണ്ടായില്ല. ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടിയും തനിക്ക് പിന്തുണ പ്രഖ്യാപിച്ചും ഡോ.സതീഷ് ധവാന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തു വന്നതിന്റെ രേഖകളും നമ്പി നാരായണന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.