ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടായി എൻ.വാസു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം:തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ പുതിയ പ്രസിഡന്‍റായി അഡ്വ.എന്‍.വാസുവും ബോര്‍ഡ് അംഗമായി
അഡ്വ.കെ.എസ്.രവിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.ഉച്ചയ്ക്ക് 12.10 ന്
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനമായ നന്തന്‍കോട്ടെ സുമംഗലി ഓഡിറ്റോറിയത്തിലാണ്
സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക.ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ്.ജയശ്രീ പുതിയ പ്രസിഡന്‍റിനും അംഗത്തിനും
സത്യവാചകം ചൊല്ലിക്കൊടുക്കും.ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍,ദേവസ്വം ബോര്‍ഡ് അംഗം
അഡ്വ.എന്‍.വിജകുമാര്‍,ദേവസ്വംകമ്മീഷണര്‍ എം.ഹര്‍ഷന്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍
സംബന്ധിക്കും.സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം പ്രസിഡന്‍റും അംഗവും അധികാരം ഏറ്റെടുക്കും.തുടര്‍ന്ന്
നടക്കുന്ന സ്വീകരണപരിപാടിക്ക് ശേഷം പുതിയപ്രസിഡന്‍റിന്‍റെ അദ്ധ്യക്ഷതയില്‍ ആദ്യബോര്‍ഡ് യോഗവും
ചേരും.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ പുതിയ പ്രസിഡന്‍റായി അഡ്വ.എന്‍.വാസുവിനെയും ബോര്‍ഡ്
അംഗമായി അഡ്വ.കെ.എസ്.രവിയെയും നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം കഴിഞ്ഞ ദിവസം
പുറത്തിറക്കിയിരുന്നു. ബോര്‍ഡ് പ്രസിഡന്‍റായിരുന്ന എ.പത്മകുമാറിന്‍റെയും അംഗം കെ.പി.ശങ്കരദാസിന്‍റെയും
ഭരണകാലാവധി കഴിഞ്ഞദിവസമാണ് അവസാനിച്ചത്.
അഡ്വ.എന്‍.വാസു
————————-
കൊട്ടാരക്കര പൂവത്തൂര്‍ പ്ലാന്തോട്ടത്ത് വീട്ടില്‍ നാണുവിന്‍റെയും കാര്‍ത്ത്യായണിയുടെയും മകനാണ് അഡ്വ.എന്‍.വാസു.കൊട്ടാരക്കര,കൊല്ലം എന്നിവിടങ്ങളിലെ കോടതികളില്‍ അഭിഭാഷകനായി ജോലി നോക്കിയിരുന്നു.വിജിലന്‍സ് ട്രൈബൂണലിലൂടെ സര്‍ക്കാര്‍ സര്‍വ്വീസ് പ്രവേശിച്ചു. 1979–1984 കാലഘട്ടത്തിലും 1988–1991 കാലയളവിലും അഡ്വ.എന്‍.വാസു കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായിരുന്നു.2006 ലെ ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാരിന്‍റെ കാലത്ത് മന്ത്രിയായിരുന്ന പി.കെ.ഗുരുദാസന്‍റെ പ്രൈവറ്റ് സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.രണ്ട് തവണ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കമ്മീഷണറായി സേവനം അനുഷ്ടിച്ചു.തിരുവനന്തപുരം പേട്ടയില്‍ സ്ഥിരതാമസം.ഭാര്യശശികുമാരി(റിട്ട.എച്ച്എം.).മക്കള്‍ ചിത്ര(അസി.പ്രൊഫ.എസ്.എന്‍.ട്രയിനിംഗ് കോളേജ് നെടുങ്കണ്ടം),ഡോ.ഗായത്രി (പിഎംഎസ് ഡെന്‍റല്‍ കോളേജ് വട്ടപ്പാറ).
അഡ്വ.കെ.എസ്.രവി
—————————-
മാവേലിക്കര,ചാരുമൂട് ചുനക്കരതെക്ക് ലീലാലയത്തില്‍ സുധാകരന്‍റെ മകനാണ് അഡ്വ.കെ.എസ്.രവി.
സിപി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗമായ അഡ്വ.കെ.എസ്.രവി കഴിഞ്ഞ 43 വര്‍ഷമായി അഭിഭാഷക വൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു.കേരള ബാര്‍ കൗണ്‍സില്‍ അംഗമായിരുന്നു.അഖിലേന്ത്യാ കിസാന്‍സഭയുടെ ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് കൂടിയാണ് അഡ്വ.കെ.എസ്.രവി.ശ്രീകുമാരിയാണ് ഭാര്യ.റിട്ട.ബാങ്ക് ഉദ്ദ്യോഗസ്ഥയാണ് ശ്രീകുമാരി.രശ്മിയാണ് മകള്‍.