KeralaNews

‘എന്റെ വില 2,400 രൂപ!, നന്ദിയുണ്ട്’ കേരള സാഹിത്യ അക്കാദമിക്കെതിരെ ബാലചന്ദ്രൻ ചുള്ളിക്കാട്

കൊച്ചി: കേരള സാഹിത്യ അക്കാദമിക്കെതിരെ എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട് രംഗത്ത്. സാഹിത്യ അക്കാദമി സംഘടിപ്പിച്ച ‘അന്താരാഷ്ട്ര സാഹിത്യോത്സവ’ത്തിൽ നൽകിയ പ്രതിഫലത്തെ വിമർശിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സുഹൃത്ത് സിഐസിസി ജയചന്ദ്രനാണ് കവിയെ ഉദ്ധരിച്ച് ഇക്കാര്യം ഫെസ്‌ബുക്കിൽ എഴുതിയത്. കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തെക്കുറിച്ചാണ് കുറിപ്പിലുള്ളത്. നിങ്ങളുടെ സാംസ്കാരികാവശ്യങ്ങൾക്കായി ദയവായി മേലാൽ എന്നെ ബുദ്ധിമുട്ടിക്കരുതെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. 

കുറിപ്പിന്റെ പൂർണരൂപംഎന്റെവില. ബാലചന്ദ്രൻചുള്ളിക്കാട്
കേരളജനത എനിക്കു നൽകുന്ന വില എന്താണെന്ന് ശരിക്കും എനിക്കു മനസ്സിലായത്  ഇക്കഴിഞ്ഞ ജനുവരി മുപ്പതാം തീയതിയാണ്.(30-01-2024).
കേരളജനതയുടെ സാഹിത്യ അക്കാദമിയിൽ അന്താരാഷ്ട്ര സാഹിത്യോൽസവം. ജനുവരി 30ന് രാവിലെ കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാൻ അക്കാദമി എന്നെ ക്ഷണിച്ചിരുന്നു.
ഞാൻ അവിടെ കൃത്യസമയത്ത് എത്തുകയും ആ വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂർ സംസാരിക്കുകയും ചെയ്തു. അൻപതു വർഷം ആശാൻകവിത പഠിക്കാൻ ശ്രമിച്ചതിന്റെ ഫലമായി എന്റെ പരിമിതമായ ബുദ്ധിയാൽ മനസ്സാക്കിയ കാര്യങ്ങളാണ് പറഞ്ഞത്.
പ്രതിഫലമായി എനിക്കു നൽകിയത്  രണ്ടായിരത്തിനാനൂറു രൂപയാണ്. (2400/-)
എറണാകുളത്തുനിന്ന് തൃശൂർവരെ വാസ് ട്രാവൽസിന്റെ ടാക്സിക്ക് വെയ്റ്റിംഗ് ചാർജ്ജും ഡ്രൈവറുടെ ബാറ്റയുമടക്കം എനിക്കു ചെലവായത്  മൂവായിരത്തി അഞ്ഞൂറു രൂപ(3500/-). 
3500 രൂപയിൽ 2400 രൂപ കഴിച്ച് ബാക്കി 1100 രൂപ ഞാൻ നൽകിയത്  സീരിയലിൽ അഭിനയിച്ചു ഞാൻ  നേടിയ പണത്തിൽനിന്നാണ്.

പ്രബുദ്ധരായ മലയാളികളേ,
നിങ്ങളുടെ സാഹിത്യ അക്കാദമിയിൽ അംഗമാകാനോ, നിങ്ങളുടെ മന്ത്രിമാരിൽ നിന്ന്  കുനിഞ്ഞുനിന്ന് അവാർഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാൻ വന്നിട്ടില്ല. ഒരിക്കലും വരികയുമില്ല.


മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നൽകുന്ന മലയാളികളേ, നിങ്ങളുടെ സാഹിത്യ അക്കാദമിവഴി എനിക്കു നിങ്ങൾ കൽപിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദി. ഒരപേക്ഷയുണ്ട്. നിങ്ങളുടെ സാംസ്കാരികാവശ്യങ്ങൾക്കായി ദയവായി മേലാൽ എന്നെ ബുദ്ധിമുട്ടിക്കരുത്. എന്റെ ആയുസ്സിൽനിന്ന് അവശേഷിക്കുന്ന സമയം പിടിച്ചുപറിക്കരുത്. എനിക്ക് വേറെ പണിയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker