എന്റെ രാഷ്ട്രീയം,ഉണ്ണി മുകുന്ദന്‍ തുറന്നുപറയുന്നു
കൊച്ചി:തന്റെ രാഷ്ട്രീയം ഇതുവരെ പുറത്ത് പറഞ്ഞിട്ടില്ലെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ താന്‍ പ്രതികരിക്കാറില്ലെന്നും എല്ലാവരും ഓരോന്ന് ഊഹിക്കുകയാണെന്നും എഡിറ്റോറിയല്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട ഒരു പോസ്റ്റിനെ പറ്റിയുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പൊളിടിക്‌സ് വെച്ച് താങ്കളുടെ സിനിമ കാണില്ലെന്ന് തീരുമാനിച്ചായിരുന്നു, പിന്നീട് ചിന്തിച്ചു അങ്ങനെ വേണ്ട, ഷെഫീക്കിനെ പോയി കണ്ടു, വളരെ സന്തോഷം എന്നൊരാള്‍ കുറിച്ചതിനെ പറ്റിയാണ് അവതാരക ചോദിച്ചത്.
‘ആളുകള്‍ എന്റെ ഏത് പൊളിടിക്‌സ് കണ്ടുവെന്നാണ് പറയുന്നത്. പറയുന്നതിലും തെറ്റുള്ളതുകൊണ്ടാണ് ഇക്കാര്യങ്ങളിലൊന്നും ഞാന്‍ പ്രതികരിക്കാത്തത്. എന്റെ രാഷ്ട്രീയം ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ഒരു രാഷ്ട്രീയ പ്രസ്താവനയും നടത്താത്ത ആളാണ് ഞാന്‍. അറിയാതെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്.
ഓപ്പണായ ഒരാളാണ് ഞാന്‍. വരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കുമെന്നല്ലാതെ പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല. എല്ലാവരും ഓരോന്ന് അങ്ങ് ഊഹിക്കുകയാണ്. മേപ്പടിയാനിലൂടെ ഉണ്ണി ഇതായാരിക്കും ഉദ്ദേശിച്ചിട്ടുണ്ടാവുക എന്നങ്ങ് പറയും. ഞാനും വിഷ്ണുവും അനൂപുമൊക്കെ ഇതൊക്കെ കണ്ട് ചിരിക്കുമെന്നല്ലാതെ ഒന്നും സംഭവിക്കില്ല. ഇതിലൊക്കെ ഇത്രയും രാഷ്ട്രീയമുണ്ടോ എന്ന് ആലോചിക്കും. ഞാന്‍ ഭയങ്കര പൊളിടിക്കലൈസ്ഡായി ഫ്രെയിം ചെയ്യപ്പെടുമെന്നല്ലാതെ പ്രത്യേകിച്ച് ഒന്നും നടക്കില്ല.
ആ ചേട്ടന്റെ മെസേജിന് ഒരു പ്രശ്‌നമുണ്ട്. ഉണ്ണി ഇങ്ങനെയായിരിക്കും അതുകൊണ്ട് ഞാന്‍ കാണുന്നില്ല എന്ന് അദ്ദേഹത്തിന് ഒരു മുന്‍വിധിയുണ്ട്. അയാള്‍ക്കുണ്ടായ ബുദ്ധിമുട്ട് അയാള്‍ സോള്‍വ് ചെയ്തു എന്നല്ലാതെ ഞാനായിട്ട് പോയി ഞാന്‍ ഇങ്ങനല്ല, നിങ്ങള്‍ എന്റെ സിനിമ കാണണം എന്ന് പറയുന്നില്ല. ഞാന്‍ അത് ചെയ്യില്ല.
ഒരാള്‍ക്ക് ഒരു തെറ്റിദ്ധാരണ ഉണ്ടായിട്ടെങ്കില്‍ അത് തന്നത്തൊനെ തിരുത്തപ്പെടണം. നമ്മള്‍ പറഞ്ഞിട്ടാണ് മാറുന്നതെങ്കില്‍ നമ്മളോടുള്ള സിംമ്പതി കൊണ്ടാണെന്ന സംശയം നമുക്ക് തന്നെയുണ്ടാവണം. ചിലപ്പോള്‍ ഒരു വര്‍ഷം കൊണ്ടാവും. അല്ലെങ്കില്‍ പത്ത് വര്‍ഷം കൊണ്ടാവും,’ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.