EntertainmentKeralaNews

എന്‍റെ ചിത്രം ആദ്യമായി അച്ചടിച്ചുവന്നത് ഇതിലാണ്; അപൂര്‍വ്വ നിമിഷം പങ്കുവച്ച് മമ്മൂട്ടി: വൈറലായി വീഡിയോ

കൊച്ചി: തന്‍റെ കലാലയമായ മഹാരാജാസിലേക്കുള്ള മടക്കം മനോഹരമായ ഒരു വീഡിയോയായി അവതരിപ്പിച്ച് നടന്‍ മമ്മൂട്ടി. തന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ടിലാണ് മമ്മൂട്ടി വീഡിയോ പങ്കുവച്ചത്. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ‘കണ്ണൂർ സ്‌ക്വാഡി’ന്റെ ചിത്രീകരണത്തിനായി മഹാരാജാസ് കോളേജിലെത്തിയപ്പോള്‍ എടുത്തതാണ് വീഡിയോ. 

‘എന്നെങ്കിലും ഒരിക്കല്‍ സിനിമ ഷൂട്ടിംഗിനായി ഇവിടെ വരുമെന്ന് കരുതിയിരുന്നില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം അതും സംഭവിച്ചു’- എന്നി വാക്കുകളോടെ വാഹനത്തില്‍ മഹാരാജസിന്‍റെ മുന്നില്‍ വന്നിറങ്ങുന്ന മമ്മൂട്ടിയുടെ ദൃശ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. 

‘ലൈബ്രറിയിൽ നിന്നത് മലയാളിയുടെ മഹാ നടനല്ല, ചെമ്പ് എന്ന ദേശത്തുനിന്ന് കായൽകടന്ന് കോളേജിലെത്തിയ മുഹമ്മദുകുട്ടിയെന്ന ആ പഴയ ചെറുപ്പക്കാരനാണ്. സിനിമാനടനല്ല മുഹമ്മദ് കുട്ടി കഥകളെയും കഥാപാത്രങ്ങളെയും അടുത്തറിയുകയും സ്വപ്നാടനം ചെയ്യുകയും ചെയ്ത സ്ഥലം’ എന്ന വാക്കുകളോടെയാണ് മഹാരാജാസിലെ ലൈബ്രറിയെ മമ്മൂട്ടി പരിചയപ്പെടുത്തുന്നത്. 

അവിടുത്തെ പഴയ മാഗസിനുകള്‍ അന്വേഷിച്ചതും. ആദ്യമായി തന്‍റെ ഒരു ചിത്രം അടിച്ചുവന്ന മാഗസിന്‍ കണ്ടെത്തിയതും ആവേശത്തോടെ മമ്മൂട്ടി വീഡിയോയില്‍ പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴത്തെ മഹാരാജാസിലെ കുട്ടികള്‍ക്കൊപ്പം സെല്‍ഫി എടുത്ത് മടങ്ങുന്ന മമ്മൂട്ടി അവസാനം പറയുന്ന വാചകങ്ങളും ശ്രദ്ധേയമാണ്. 

കാലം മാറും, കലാലയത്തിന്‍റെ ആവേശം അത് മാറില്ല. ആ പുസ്തകത്തിലെ ചിത്രത്തില്‍ നിന്നും ആ മൊബൈലില്‍ പതിഞ്ഞ ചിത്രത്തിലേക്കുള്ള ദൂരം – മമ്മൂട്ടി വാഹനത്തില്‍ മടങ്ങുന്ന രംഗത്തോടെ വീഡിയോ അവസാനിക്കുന്നു. 

https://www.instagram.com/p/CpK1eLxjqCC/
‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വേറിട്ട ഗെറ്റപ്പിലുള്ള പൊലീസ് കഥാപാത്രമാകും മമ്മൂട്ടിയുടേതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുക ആണ്.
ഫെബ്രുവരി 15നാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ ചിത്രീകരണം ആരംഭിച്ചത്.

മമ്മൂട്ടി ലൊക്കേഷനില്‍ എത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍ എന്നിവയ്ക്കു ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ് ഇത്.

മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന്‍ റോണി ഡേവിഡ് രാജ് ആണ്. മുഹമ്മദ് റാഹില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സുഷിന്‍ ശ്യാമും എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകറുമാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. എസ് ജോര്‍ജ് ആണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് ജിബിന്‍ ജോണ്‍, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാന്‍ റിജോ നെല്ലിവിള, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍, മേക്കപ്പ് റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, അഭിജിത്, സൗണ്ട് ഡിസൈന്‍ ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്‌സ് വി ടി ആദര്‍ശ്, വിഷ്ണു രവികുമാര്‍, വി എഫ് എക്‌സ് ഡിജിറ്റല്‍ ടര്‍ബോ മീഡിയ, സ്റ്റില്‍സ് നവീന്‍ മുരളി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഷ്ണു സുഗതന്‍, അനൂപ് സുന്ദരന്‍, ഡിസൈന്‍ ഏയ്‌സ്‌തെറ്റിക് കുഞ്ഞമ്മ. ചിത്രത്തിന്റെ ഓവര്‍സീസ് വിതരണം സമദ് ട്രൂത്തിന്റെ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ്. പി ആര്‍ ഒ പ്രതീഷ് ശേഖര്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button