FeaturedKeralaNews

‘അമ്പാൻ’സ്റ്റൈൽ സ്വിമ്മിം​ഗ് പൂൾ’ കാറിനുള്ളിൽ;വാഹനം പിടിച്ചെടുത്ത് ആർടിഒ, യൂട്യൂബർ ക്കെതിരെ നടപടി

ആലപ്പുഴ: ടാറ്റ സഫാരിയുടെ പാസഞ്ചര്‍ കംപാര്‍ട്ട്‌മെന്റില്‍ ടാര്‍പ്പോളിന്‍ വിരിച്ച് സ്വിമ്മിങ്ങ് പൂള്‍ ആക്കുകയും ഈ വാഹനവുമായി പൊതുനിരത്തില്‍ ഇറങ്ങുകയും ചെയ്ത യുവാക്കളുടെ ഡ്രൈവിങ്ങ് ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. യുട്യൂബറായ സഞ്ജു ടെക്കിയുടെയും വാഹനമോടിച്ചയാളിന്റെയും ഡ്രൈവിങ്ങ് ലൈസന്‍സാണ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. വാഹനം സ്വിമ്മിങ്ങ് പൂള്‍ ആക്കി യാത്ര ചെയ്യുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

വാഹനത്തിനുള്ളില്‍ വെള്ളം നിറച്ച് അപകടകരമായ രീതിയില്‍ പൊതുനിരത്തിലൂടെ മറ്റ് വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനമോടിച്ചതിനാണ് മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തിരിക്കുന്നത്. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ച വാഹനം കഴിഞ്ഞ ദിവസം തന്നെ മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് വാഹനമോടിച്ചയാളിന്റെയും സഞ്ജു ടെക്കിയുടെയും ലൈസന്‍സും റദ്ദാക്കിയിരിക്കുന്നത്.

ടാറ്റ സഫാരി എസ്.യു.വിയുടെ പിന്‍സീറ്റ് ഉള്‍പ്പെടുന്ന സ്ഥാനത്ത് ടാര്‍പോളിന്‍ വലിച്ചുകെട്ടി അതില്‍ വെള്ളം നിറച്ചായിരുന്നു വാഹനത്തില്‍ സ്വിമ്മിങ്ങ് പൂള്‍ ഒരുക്കിയത്. യൂട്യൂബര്‍ക്ക് പുറമെ, മൂന്ന് സുഹൃത്തുക്കളും ചേര്‍ന്നാണ് വാഹനത്തില്‍ സ്വിമ്മിങ്ങ് പൂള്‍ തീര്‍ത്തത്. ഡ്രൈവര്‍ ഒഴികെ വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഇതില്‍ ഇരുന്നും കിടന്നുമെല്ലാം യാത്ര ചെയ്യുന്നതും വീഡിയോയില്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരേ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

വാഹനത്തിനുള്ളില്‍ നിറച്ചിരിക്കുന്ന വെള്ളത്തിന്റെ മര്‍ദം മൂലം ഡ്രൈവര്‍ സീറ്റിന്റെ സൈഡ് എയര്‍ബാഗ് പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്ന് വാഹനത്തിന്റെ പിന്നിലെ ഡോര്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി കളയുകയായിരുന്നു. പകല്‍ സമയത്ത് ഗതാഗത തിരക്കുള്ളപ്പോഴായിരുന്നു സ്വിമിങ്ങ് പൂളാക്കിയ കാറുമായുള്ള ഇവരുടെ യാത്ര. ഇതും ഇവരുടെ കുറ്റകൃത്യത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍. മുമ്പും ഈ യുട്യൂബര്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആവേശം സിനിമയിലെ സീനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കാറില്‍ സ്വിമിങ്ങ് പൂള്‍ ഒരുക്കിയതെന്നാണ് വിലയിരുത്തല്‍. എന്നാല്‍, നിര്‍ത്തിയിട്ടിരിക്കുന്ന ലോറിയുടെ പിന്നില്‍ വെള്ളം നിറച്ചാണ് സിനിമയില്‍ സ്വിമ്മിങ്ങ് പൂള്‍ നിര്‍മിച്ചിരിക്കുന്നത്. ഇത് നിയമവിരുദ്ധത ആരോപിക്കാന്‍ കഴിയില്ല. അതേസമയം, പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന തിരക്കുള്ള റോഡില്‍ സഞ്ചരിക്കുന്ന വാഹനത്തിലാണ്‌ ഇത്തരം സാഹസത്തിന് ഇവര്‍ മുതിര്‍ന്നത്‌.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button