KeralaNews

ഏകസിവില്‍ കോഡ്: മോദിയുടെ തെരഞ്ഞെടുപ്പ് തന്ത്രം മാത്രമെന്ന് മുസ്ലിംലീഗ്

മലപ്പുറം: ഏകീകൃത സിവില്‍ കോഡുമായി മുന്നോട്ടുപോകുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് തന്ത്രമാണെന്നും രാജ്യത്തിന്റെ വൈവിധ്യങ്ങളെ തകര്‍ക്കുന്ന നയം സ്വീകരിക്കുന്ന ബി.ജെ.പിയുടെ മരണമൊഴി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുഴങ്ങുമെന്നും മുസ്ലിംലീഗ് നാഷണല്‍ സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.

നിയമം ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന വിശ്വാസ, ജീവിത രീതിയെ ബാധിക്കുമെന്നും രാജ്യത്തെ ജനങ്ങള്‍ തമ്മില്‍ ഭിന്നിപ്പുണ്ടാക്കാനിടയാക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ഇത്തരമൊരു നിയമം ഇന്ത്യയില്‍ സാധ്യമല്ല. നിയമം പാസായാല്‍ മുസ്ലിംകളെ മാത്രമല്ല മറ്റുന്യൂനപക്ഷ വിഭാഗങ്ങളെയും ബാധിക്കും.

വിവിധ രാഷ്ട്രീയ സംഘടനകള്‍ ഇപ്പോള്‍ തന്നെ നിയമത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. പ്രധാനമന്ത്രി ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളും ഏക സിവില്‍ കോഡിനെ എതിര്‍ക്കും. നിയമനിര്‍മാണ സമിതി മുതല്‍ മുസ്ലിംലീഗ് ഏക സിവില്‍ കോഡിനെതിരെ സംസാരിച്ചിരുന്നു. ജനാധിപത്യ പാര്‍ട്ടികളുമായി സഹകരിച്ച് ഇതിനെതിരെ പടനയിക്കും. മതേതര പാര്‍ട്ടികളുമായി സംസാരിക്കുന്നുണ്ട്. പെരുന്നാള്‍ ദിനത്തില്‍ സോണിയാഗാന്ധിയുമായി വിഷയങ്ങള്‍ പങ്കുവെച്ചിരുന്നു. ബാംഗ്ലൂരില്‍ നടക്കുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിലും മുസ്ലിംലീഗ് വിഷയം പ്രധാന അജണ്ടയാക്കും.

വിഷയത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ലോ കമ്മീഷന് മുന്നില്‍ മുസ്ലിംലീഗ് ഹാജരാകും. 2018ല്‍ ഇതേവിഷയം വന്നപ്പോള്‍ അനാവശ്യമായതെന്നും അഭിലഷണീയമല്ലെന്നും പറഞ്ഞ് ലോ കമ്മീഷന്‍ തള്ളിക്കളഞ്ഞതാണ്. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് കേരളത്തിലും ഡല്‍ഹിയിലും സെമിനാറുകള്‍ സംഘടിപ്പിക്കാനും വിഷയം പാര്‍മെന്റില്‍ ഉയര്‍ത്താനും യോഗം തീരുമാനിച്ചു.

നിയമത്തിലൂടെ പ്രതിപക്ഷ ഐക്യം തകര്‍ക്കാമെന്നായിരുന്നു ബിജെപി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ രാജ്യത്തെ വിവിധ സമുദായങ്ങളെ ബാധിക്കുമെന്നതിനാല്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ലെന്നും നേതാക്കള്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

യോഗത്തില്‍ മുസ്ലിംലീഗ് മണിപ്പൂരില്‍ വേദനയനുഭവിക്കുന്നവരോട് അനുതാപം പ്രകടിപ്പിക്കുകയും കേന്ദ്ര സര്‍ക്കാരിന്റെ നിസംഗതയില്‍ അപലപിക്കുകയും ചെയ്തു. രാഹുല്‍ഗാന്ധി മണിപ്പൂരിലേക്ക് പോകാനെടുത്ത തീരുമാനത്തെ പ്രധാനമന്ത്രി അഭിനന്ദിക്കണം. മുസ്ലിംലീഗിന്റെ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ജൂലൈ 14 മുതല്‍ ഓണ്‍ലൈനായി നടത്താനും യോഗം തീരുമാനിച്ചു.

സെപ്തംബര്‍ മാസത്തോടെ സംസ്ഥാന കമ്മിറ്റികള്‍ നിലവില്‍ വരും. മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് നവംബര്‍ 17ന് ദേശീയ കൗണ്‍സില്‍ നിലവില്‍ വരികയും മുസ്ലിംലീഗ് ദേശീയ കമ്മിറ്റി ഓഫീസ് ഖാഇദേമില്ലത്ത് സെന്ററിന്റെ ഉദ്ഘാടനം നടക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ദേശീയ പ്രസിഡന്റ് പ്രൊഫ കെഎം ഖാദര്‍ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, ട്രഷറര്‍ പിവി അബ്ദുല്‍ വഹാബ് എംപി, വൈസ് പ്രസിഡന്റ് ഡോ. എംപി അബ്ദുസമദ് സമദാനി എംപി, സെക്രട്ടറി ഖുറം അനീസ് ഒമര്‍, അസി സെക്രട്ടറിമാരായ എം.പി മുഹമ്മദ് കോയ, സികെ സുബൈര്‍, ദല്‍ഹി, ബംഗാള്‍, ഝാര്‍ഖണ്ഡ്, ആസാം, ബീഹാര്‍, തെലുങ്കാന, കര്‍ണ്ണാടക, മഹാരാഷ്ട്ര, തമിഴ്നാട്, കേരളം സംസ്ഥാന ഭാരവാഹികള്‍ പങ്കെടുത്തു.

മുസ്ലിംലീഗ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം, കെപിഎ മജീദ്, ജില്ലാ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് എംഎല്‍എ, സംസ്ഥന വൈസ് പ്രസിഡന്റ് സിപി സൈതലവി, സെക്രട്ടറിമാരായ പ്രൊഫ ആബിദ് ഹുസൈന്‍ തങ്ങള്‍, അഡ്വ. എന്‍ ശംസുദ്ദീന്‍, എംഎല്‍എമാരായ മഞ്ഞളാംകുഴി അലി, കുറുക്കോളി മൊയ്തീന്‍, ടിവി ഇബ്രാഹീം, പി ഉബൈദുല്ല, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി പിഎംഎ സമീര്‍, പോഷക സംഘടനാഭാരവാഹികളായ വി.കെ ഫൈസല്‍ ബാബു, ടിപി അഷ്റഫലി, അഹമ്മദ് സാജു എന്നിവര്‍ നേരിട്ടും സിറാജ് ഇബ്രാഹീം സേട്ട്, നയീം അക്തര്‍, ദസ്തകീര്‍ ഇബ്രാഹീം ആഗ, മൗലാന നിസാര്‍ അഹ്മദ്, ശേഖ് ഫൈസല്‍ അഹ്മദ്, അഡ്വ. ഷകീല്‍ അഹ്മദ്, അഡ്വ. മുഹമ്മദ് റവൂഫ്, അഡ്വ. ബഷീര്‍ അഹ്മദ്, ഖാജ വാലി, എന്‍ ജവീദുല്ലാഹ്, അബ്ദുല്‍ ഹൊസൈന്‍ മുല്ല, അസ്ലം മുല്ല, സിഎച്ച് അബ്ദുല്‍ റഹ്മാന്‍, ആസിഫ് അന്‍സാരി, മുഹമ്മദ് അര്‍ഷദ്, അഡ്വ. ഹാരിസ് ബീരാന്‍, അഡ്വ. മുഹമ്മദ് ഷാ, എംഎസ് അലവി, നൂര്‍ബിന റഷീദ് ഓണ്‍ലൈനിലും പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker