23.8 C
Kottayam
Tuesday, May 21, 2024

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് ; കോവിഡിനെ പഴിചാരി മുസ്ലീംലീഗ്, ആരും പരാതിയുമായി പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചിട്ടില്ല

Must read

മലപ്പുറം: കാസര്‍കോട് ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ മഞ്ചേശ്വരം എംഎല്‍എ എം സി കമറുദീനെ പിന്തുണച്ച് മുസ്ലീം ലീഗ്. കോവിഡ് പ്രതിസന്ധിയിലാണ് ജ്വല്ലറി പൂട്ടിയതെന്നും വിഷയം സിപിഎം രാഷ്ട്രീയവത്ക്കരിക്കുകയാണെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. എംഎല്‍എ ആരേയും വഞ്ചിച്ചിട്ടില്ല. നാലു മാസത്തിനകം പണം തിരിച്ചുനല്‍കുമെന്ന് നിക്ഷേപകര്‍ക്ക് കമറുദ്ദീന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതുവരെ ആരും പരാതിയുമായി പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എംഎല്‍എ എംസി കമറുദ്ദീനെതിരെ മൂന്ന് കേസുകള്‍കൂടി രജിസ്റ്റര്‍ ചെയ്തു. മൂന്ന് പേരില്‍ നിന്നായി 10 ലക്ഷം വീതം തട്ടിയെന്ന പരാതിയില്‍ ചന്തേര പൊലീസാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇതോടെ കമറുദ്ദീനെതിരെ ഏഴു കേസുകളാണ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നേരത്തെ ചെറുവത്തൂരിലെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ കാടങ്കോട് സ്വദേശി അബ്ദുള്‍ ഷുക്കൂര്‍, ആരിഫ, സുഹറ എന്നിവര്‍ നല്‍കിയ പരാതിയില്‍ ചന്തേര പോലീസ് ജ്വല്ലറി ചെയര്‍മാന്‍ എംസി കമറുദ്ദീന്‍ എംഎല്‍ക്കും മാനേജിംഗ് ഡയറക്ടറും സമസ്ത നേതാവുമായ ടികെ പൂക്കോയ തങ്ങള്‍ക്കുമെതിരെ വഞ്ചനക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. 30 ലക്ഷം രൂപ തട്ടിയെന്ന് അബ്ദുള്‍ഷുക്കൂറും ഒരു ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് സുഹറയും മൂന്ന് ലക്ഷം തട്ടിയെന്ന് ആരിഫയും നല്‍കിയ പരാതിയിലാണ് വഞ്ചനക്കുറ്റം ചുമത്തി കേസെടുത്തത്.

2019 മാര്‍ച്ചില്‍ നല്‍കിയ പണം തിരികെ ആവശ്യപ്പെട്ടിട്ടും നല്‍കുന്നില്ലെന്നായിരുന്നു പരാതി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ നിക്ഷേപകര്‍ക്ക് ലാഭ വിഹിതം നല്‍കിയിരുന്നില്ല. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകര്‍ പരാതി നല്‍കിയത്.

ജ്വല്ലറി പ്രവര്‍ത്തിച്ചിരുന്ന കാസര്‍കോട്ടെയും പയ്യന്നൂരിലെയും ഭൂമിയും കെട്ടിടവും ബെംഗളുരുവിലെ ആസ്തിയും ചെയര്‍മാനും സംഘവും നേരത്തെ വില്‍പന നടത്തിയിരുന്നു. നഷ്ടത്തിലായതിനെ തുടര്‍ന്ന് ഫാഷന്‍ ഗോള്‍ഡിന്റെ ചെറുവത്തൂര്‍, പയ്യന്നൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും ജനുവരിയില്‍ അടച്ച് പൂട്ടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week