തളര്‍ന്നു കിടന്നിരുന്ന അമ്മയെ ശ്വാസം മുട്ടിച്ചു കൊന്നു; മകനും സഹോദര പുത്രനും പിടിയില്‍
നെല്ലിയാമ്പതി: രോഗശയ്യയില്‍ തളര്‍ന്നുകിടന്നിരുന്ന അമ്മയെ മകന്‍
ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ മകനും സഹോദരപുത്രനും അറസ്റ്റില്‍. നെല്ലിയാമ്പതി കൂനംപാലം ഏലംപാടി സ്റ്റോര്‍പാടിയില്‍ പഴനിസ്വാമിയുടെ ഭാര്യ രാജമ്മയാണ്(65) കൊല്ലപ്പെട്ടത്. രാജമ്മയുടെ മകന്‍ സുരേഷ് (35), സഹോദരപുത്രന്‍ ചിന്നരാജ് (36) എന്നിവരാണ് അറസ്റ്റിലായത്.
പരിചരിക്കാന്‍ വയ്യാത്തതിനെത്തുടര്‍ന്നാണ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് ഇരുവരും പാടഗിരി പോലീസിന് മൊഴിനല്‍കി. മേയ് 27-നാണ് കൊലപാതകം നടന്നത്. ഒരുവര്‍ഷത്തോളമായി രോഗിയായിരുന്ന ശാന്തമ്മ വിഷുവിന് വീട്ടില്‍ തെന്നിവീണ് ഗുരുതര പരിക്കേറ്റതിനെത്തുടര്‍ന്ന് കിടപ്പിലായിരുന്നു. നെല്ലിയാമ്പതി ഗ്രാമപ്പഞ്ചായത്തിന് കീഴിലുള്ള സാന്ത്വനപരിചരണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ രാജമ്മയ്ക്ക് വീട്ടിലെത്തി ചികിത്സനല്‍കി വരികയായിരുന്നു. ദ്രവരൂപത്തിലുള്ള ഭക്ഷണവും വെള്ളവും കുഴലിലൂടെയാണ് നല്‍കിയിരുന്നത്. ഒരുമാസമായി രാജമ്മ തീരെ അവശയായി. അമ്മയുടെ അവസ്ഥയില്‍ മകന്‍ സുരേഷിന് ഏറെ വിഷമമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് രാജമ്മയെ കൊലപ്പെടുത്താന്‍ മകന്‍ സുരേഷും ചിന്നരാജും തീരുമാനിക്കയായിരുന്നു.