KeralaNews

സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടാകുമെന്ന് ഒരു വര്‍ഷം മുമ്പേ പറഞ്ഞതാണ്; മുരളി തുമ്മാരക്കുടി

സെക്രട്ടറിയേറ്റിലെ തീപിടുത്തെ തുടര്‍ന്നുള്ള അഭ്യൂഹങ്ങളും ചര്‍ച്ചകളും പുരോഗമിക്കുകയാണ്. ഇതിനിടെ മുരളി തുമ്മാരക്കുടിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് വൈറലാകുന്നത്. സെക്രട്ടറിയേറ്റില്‍ ഒരു തീപിടിത്തം ഉണ്ടാകുമെന്ന് ഞാന്‍ ഒരു വര്‍ഷം മുമ്പേ പറഞ്ഞതാണ്. ഫയലിനകത്ത് എന്തുമാകട്ടെ എന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പോസ്റ്റിന്റെ പൂര്‍ണരൂപം

സെക്രട്ടേറിയേറ്റില്‍ തീ പിടിക്കുന്‌പോള്‍…

സെക്രട്ടേറിയേറ്റില്‍ തീ പിടുത്തമുണ്ടായി എന്നും കുറച്ചു ഫയലുകള്‍ കത്തി നശിച്ചുവെന്നും വാര്‍ത്തകള്‍ വരുന്നു.

”പ്രധാനപ്പെട്ട ഫയലുകളൊന്നും കത്തിനശിച്ചിട്ടില്ലെന്ന് പൊതുഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറി പി. ഹണി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.”

ഇതാണ് ഔദ്യോഗിക ഭാഷ്യം.

”പ്രോട്ടോക്കോള്‍ ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ ദുരൂഹതയുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാനും പ്രതികളെ സംരക്ഷിക്കാനുമുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ് ഇതിനു പിന്നിലെന്നും ചെന്നിത്തല ആരോപിച്ചു. സംഭവത്തില്‍ സമഗ്രവും നിക്ഷ്പക്ഷവുമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.”

ഫയലിനകത്ത് എന്തുമാകട്ടെ, സെക്രട്ടറിയേറ്റില്‍ ഒരു തീപിടുത്തമുണ്ടാകുമെന്ന് ഒരു വര്‍ഷം മുന്‍പേ ഞാന്‍ പറഞ്ഞിരുന്നതാണ്.

”അപ്പോള്‍ തീ എവിടെയും തുടങ്ങാം, ആരെയും കൊല്ലാം. ഇതിപ്പോള്‍ തിരക്കുള്ള നഗരത്തിന്റെ മാത്രം കാര്യമല്ല. നമ്മുടെ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് കണ്ടിട്ടുള്ള സുരക്ഷാ വിദഗ്ദ്ധര്‍ തലയില്‍ കൈവെച്ച് ഉടന്‍ സ്ഥലം കാലിയാക്കാന്‍ നോക്കും. മരത്തിന്റെ ഫ്‌ലോര്‍, പ്ലൈവുഡിന്റെ പാനല്‍, എവിടെയും കെട്ടുകെട്ടായി ഫയലുകള്‍, നിലത്തൂടെ ലൂസ് ആയി കിടക്കുന്ന ഇലക്ട്രിക് വയറുകള്‍, പല റൂമുകളിലും ചായയും കാപ്പിയും ഉണ്ടാക്കാനുള്ള സംവിധാനം. മുറികളില്‍ നിന്നും എങ്ങനെയാണ് പുറത്തെത്തുന്നത് എന്ന് സന്ദര്‍ശകര്‍ക്ക് തീരെ പിടി കിട്ടാത്ത തരത്തിലുള്ള ഇടനാഴികളും കോണികളും. ഓരോ തവണയും മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും റൂമിനടുത്തുകൂടെ പോകുന്‌പോള്‍ ഞാന്‍ ഈ കാര്യം ഓര്‍ക്കാറുണ്ട്. എന്നെങ്കിലും ഇവിടെ ഒരു ഫയര്‍ സേഫ്റ്റി ഓഡിറ്റ് നടന്നിട്ടുണ്ടോ? ഏതെങ്കിലും കാലത്ത് ഒരു ഫയര്‍ ഡ്രില്‍ അവിടെ സാധിക്കുമോ? എന്നാണ് ഭരണ സിരാകേന്ദ്രത്തിന് ”തീ പിടിക്കുന്നത്?” എനിക്ക് കരിനാക്ക് ഉണ്ടെന്ന് അറിയാവുന്നവര്‍ അവിടെയുണ്ട്, അവരൊന്നു പേടിച്ചോട്ടെ എന്നോര്‍ത്ത് പറഞ്ഞതാണ്. അങ്ങനെ എങ്കിലും ഒരു സുരക്ഷാ ഓഡിറ്റ് അവിടെ നടക്കട്ടെ! ‘

(റബര്‍ കഴുത്തുകളുടെ കേന്ദ്രം, ഫെബ്രുവരി 20, 2019)

അതെഴുതിയ സമയത്ത് കാര്യങ്ങള്‍ നിയന്ത്രണത്തിലാണെന്നും ആശങ്ക വേണ്ടെന്നും പലരും എന്നോട് പറഞ്ഞിരുന്നു. അതിന് ശേഷവും ഞാന്‍ സെക്രട്ടറിയേറ്റില്‍ പോയിരുന്നു. പഴയ കെട്ടിടങ്ങള്‍, മരത്തിന്റെ ഗോവണി, കൂട്ടിയിട്ടിരിക്കുന്ന ഫയലുകള്‍ എല്ലാം അന്നും അവിടെ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇന്നുണ്ടായതിലും എത്രയോ വലുതും നാശകാരിയുമായ അഗ്‌നിബാധ അവിടെ എന്ന് വേണമെങ്കിലും ഉണ്ടാകാം.

അതുകൊണ്ട് ഈ അഗ്‌നിബാധ ഒരു മുന്നറിയിപ്പായി കാണുക, നല്ല സുരക്ഷ ഓഡിറ്റ് നടത്തുക, പരമാവധി അപകട സാദ്ധ്യതകള്‍ ഒഴിവാക്കുക, കൂടുതല്‍ അഗ്‌നിശമന സംവിധാനം ഉണ്ടാക്കുക, ആളുകള്‍ക്ക് പരിശീലനം നല്‍കുക, ആറുമാസത്തില്‍ ഒരിക്കലെങ്കിലും മോക്ക് ഡ്രില്‍ നടത്തുക.

ഇല്ലെങ്കില്‍ ഇതിലും വലിയ തീപിടുത്തവും ആള്‍ നാശവും നാം കാണും.

മുരളി തുമ്മാരുകുടി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker