മുംബൈ : രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ ഇന്നു രേഖപ്പെടുത്തിയത് 922 കോവിഡ് കേസുകൾ. ഏഴ് മാസത്തിനിടെ നഗരത്തിൽ ഉണ്ടായ ഏറ്റവും ഉയർന്ന കോവിഡ് പ്രതിദിന വർധനയാണ്. കഴിഞ്ഞ ദിവസത്തേക്കാൾ 21 ശതമാനം കേസുകളാണു നഗരത്തിൽ രേഖപ്പെടുത്തിയത്.
ഇതോടെ മുംബൈയിൽ നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 4000 കടന്നു. ജൂൺ 4ന് മുബൈയിൽ 973 കേസുകൾ രേഖപ്പെടുത്തിയിരുന്നു. ഇതായിരുന്നു നഗരത്തിൽ സമീപകാലത്തു രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന കണക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.64 ശതമാനമായി വർധിച്ചു.
കോവിഡ് രണ്ടാം തരംഗത്തിൽ ഏറ്റവുമധികം കേസുകൾ ഉയർന്നുവന്ന നഗരമാണു മുംബൈ. ഇതിനിടെ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലും മാസ്കുകൾ ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ജുഹു ബീച്ചിൽ ഉൾപ്പടെ ആളുകൾ കറങ്ങിനടക്കുന്നത് പൊലീസിന് തലവേദന ആയിരിക്കുകയാണ്.