ജിദ്ദ: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇത്തവണയും മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കും. കഴിഞ്ഞ രണ്ട് സീസണിലും മുംബൈ ഇന്ത്യന്‍സിലായിരുന്നു താരം. 30 ലക്ഷത്തിലാണ് അര്‍ജുനെ മുംബൈ സ്വന്തമാക്കിയത്. ലേലത്തിന്റെ രണ്ടാം ദിനം അല്‍പ്പം ട്വിസ്റ്റുകള്‍ക്കൊടുവിലാണ് അര്‍ജുന്‍ മുംബൈയിലെത്തുന്നത്.
ആദ്യം അണ്‍സോള്‍ഡായിരുന്ന താരമാണ് അര്‍ജുന്‍. പേര് വിളിച്ചപ്പോള്‍ മുംബൈ അടക്കമുള്ള ടീമുകള്‍ താരത്തില്‍ ആരും താല്‍പര്യം കാണിച്ചിരുന്നില്ല. അര്‍ജുന്‍ ഐപിഎല്‍ കളിക്കില്ലെന്നാണ് മിക്കവരും കരുതിയത്. എന്നാല്‍ അവസാന നിമിഷം മുംബൈ തിരിച്ചുകൊണ്ടുവരികയായിരുന്നു താരത്തെ.
2021ലെ ഐപിഎല്‍ മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ് ബൗളിംഗ് ഓള്‍റൗണ്ടറായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. 2023ലായിരുന്നു ഐപിഎല്‍ അരങ്ങേറ്റം. എന്നാല്‍ കാര്യമായ പ്രകടനമൊന്നും നടത്താന്‍ അര്‍ജുന് സാധിച്ചിരുന്നില്ല. അരങ്ങേറ്റ സീസണില്‍ നാല് മത്സരങ്ങള്‍ കളിച്ച അര്‍ജുന്‍ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. അവസാന സീസണില്‍ ഒരേയൊരു മത്സരം മാത്രമാണ് കളിച്ചത്. 25 കാരന് ഫോമിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മലയാളി താരം വിഗ്നേഷ് പുത്തൂരിനേയും മുംബൈ സ്വന്തമാക്കിയിരുന്നു.
30 ലക്ഷത്തിലാണ് വിഗ്നേഷ് മുംബൈക്ക് വേണ്ടി കളിക്കുക. ചൈനമാന്‍ ബൗളറായ വിഗ്‌നേഷ് ഇതുവരെ കേരളത്തിന്റെ സീനിയര്‍ ടീമില്‍ കളിച്ചിട്ടില്ല. ഐപിഎല്‍ ലേലത്തിന് മുന്‍പ് വിഗ്‌നേഷിനെ മുംബൈ ഇന്ത്യന്‍സ് ട്രയല്‍സിന് ക്ഷണിച്ചിരുന്നു. ട്രയല്‍സിലെ പ്രകടനം മികച്ചതായതോടെ മുംബൈ ഇന്ത്യന്‍സ് താരത്തെ ഒപ്പം കൂട്ടുകയും ചെയ്തു. കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിന്റെ താരമായിരുന്നു. പത്തൊന്‍പതുകാരനായ വിഗ്‌നേഷ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയാണ്.
മൂന്ന് കേരളാ താരങ്ങള്‍ മാത്രമാണ് താരലേലത്തില്‍ വിറ്റുപോയത്. വിഗ്നേഷിനെ കൂടാതെ വിഷ്ണു വിനോദ്, സച്ചിന്‍ ബേബി എന്നിവരാണ് ലേലത്തില്‍ പോയത്. വിഷ്ണു വിനോദിനെ 95 ലക്ഷത്തിന് പഞ്ചാബ് കിംഗ്‌സും സച്ചിന്‍ ബേബിയെ 30 ലക്ഷത്തിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദും സ്വന്തമാക്കി.