ഷാർജ:ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെ 8 വിക്കറ്റിന് തകർത്ത് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി മുംബൈ ഇന്ത്യൻസ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ ഉയർത്തിയ 91 റൺസ് വിജയലക്ഷ്യം 8.2 ഓവറിൽ വെറും രണ്ടു വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി മുംബൈ മറികടന്നു.
തകർത്തടിച്ച് 25 പന്തിൽ നിന്ന് മൂന്ന് സിക്സും അഞ്ചു ഫോറുമടക്കം 50 റൺസോടെ പുറത്താകാതെ നിന്ന ഇഷാൻ കിഷനാണ് മുംബൈയെ അനായാസം വിജയത്തിലെത്തിച്ചത്.
തോൽവിയോടെ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചു. ജയത്തോടെ 12 പോയന്റുമായി മുംബൈ അഞ്ചാം സ്ഥാനത്തേക്കുയർന്നു. പ്ലേ ഓഫിൽ സ്ഥാനം ലഭിക്കുമോ എന്നറിയാൻ മുംബൈക്ക് അവസാന മത്സരം വരെ കാത്തിരിക്കണം.
13 പന്തിൽ 22 റൺസെടുത്ത രോഹിത് ശർമ, എട്ടു പന്തിൽ 13 റൺസെടുത്ത സൂര്യകുമാർ യാദവ് എന്നിവരുടെ വിക്കറ്റുകൾ മാത്രമാണ് മുംബൈക്ക് നഷ്ടമായത്. ഹാർദിക് പാണ്ഡ്യ അഞ്ചു രൺസോടെ പുറത്താകാതെ നിന്നു.
നേരത്തെ ഐ.പി.എല്ലിൽ മോശം ബാറ്റിങ് പ്രകടനം പുറത്തെടുത്ത രാജസ്ഥാൻ റോയൽസിന് 20 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 90 റൺസ് മാത്രമായിരുന്നു.
ഇത്തവണത്തെ സീസണിൽ ഷാർജയിലെ ഏറ്റവും ചെറിയ സ്കോറാണിത്. 24 റൺസെടുത്ത എവിൻ ലൂയിസാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. അഞ്ചു പേർ രണ്ടക്കം കാണാതെ പുറത്തായി.
നാലു വിക്കറ്റ് വീഴ്ത്തിയ നഥാൻ കോൾട്ടർ നൈലും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജെയിംസ് നീഷാമുമാണ് രാജസ്ഥാനെ തകർത്തത്. നാല് ഓവറിൽ വെറും 14 റൺസ് മാത്രം വഴങ്ങിയാണ് കോൾട്ടർ നൈൽ നാലു വിക്കറ്റ് വീഴ്ത്തിയത്. ബുംറ രണ്ടു വിക്കറ്റെടുത്തു.
എവിൻ ലൂയിസും യശസ്വി ജെയ്സ്വാളും ചേർന്ന് സാമാന്യം ഭേദപ്പെട്ട തുടക്കമാണ് തുടക്കമാണ് രാജസ്ഥാന് നൽകിയത്. എന്നാൽ നാലാം ഓവറിൽ ജെയ്സ്വാൾ പുറത്തായതോടെ തകർച്ച തുടങ്ങി.12 (9) റൺസെടുത്ത ജെയ്സ്വാളിനെ നഥാൻ കോൾട്ടർ നൈലാണ് മടക്കിയത്. പിന്നാലെ 24 (19) റൺസെടുത്ത എവിൻ ലൂയിസിനെ ബുംറ വിക്കറ്റിന് മുന്നിൽ കുടുക്കി.
ക്യാപ്റ്റൻ സഞ്ജു സാംസണും ഇത്തവണ നിരാശപ്പെടുത്തി. മൂന്ന് റൺസ് മാത്രമെടുത്ത സഞ്ജുവിനെ ജെയിംസ് നീഷാം പുറത്താക്കി. കഴിഞ്ഞ മത്സരത്തിലെ വിജയശിൽപി ശിവം ദുബെയുടെ ഊഴമായിരുന്നു അടുത്തത്. മൂന്ന് റൺസെടുത്ത ദുബെയേയും നീഷാമാണ് മടക്കിയത്. തുടർന്നെത്തിയ ഗ്ലെൻ ഫിലിപ്പിനും പിടിച്ചുനിൽക്കാനായില്ല. നാലു റൺസ് മാത്രമെടുത്ത താരത്തെ കോൾട്ടർ നൈലാണ് മടക്കിയത്.
രാഹുൽ തെവാട്ടിയ (12), ശ്രേയസ് ഗോപാൽ (0), ചേതൻ സക്കറിയ (6) എന്നിവരും പിന്നാലെ മടങ്ങി.നേരത്തെ ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.