NationalNews

നേതാക്കള്‍ എ.സിയില്‍,ആയിരങ്ങള്‍ വെള്ളംപോലും കിട്ടാതെ പൊരിവെയിലില്‍,മരണം 13 ആയി,150 പേര്‍ ആശുപത്രിയില്‍,നിരവധിപേര്‍ ആശുപത്രിയില്‍,മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍

മുംബൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ സൂര്യാഘാതമേറ്റ് രണ്ടുപേർ കൂടി മരിച്ചതോടെ മരണസംഖ്യ 13 ആയി ഉയർന്നു. മരിച്ചവരിൽ 9 പേർ സ്ത്രീകളാണ്. ആശുപത്രിയിലുള്ള രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയും ചെയ്യുന്നു. ചികിത്സയിലുള്ള 20 പേർക്ക് കടുത്ത ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്നു കൂടി വ്യക്തമുമ്പോൾ ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുകയാണ്.

കടുത്ത വേനലിൽ, ഞായറാഴ്ച ഉച്ചവെയിലത്ത് നടത്തിയ മഹാരാഷ്ട്ര ഭൂഷൺ പുരസ്‌കാര വിതരണച്ചടങ്ങിൽ പങ്കെടുത്ത 150 പേരാണ് സൂര്യാഘാതത്തെ തുടർന്നു കുഴഞ്ഞുവീണത്. അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരാണ് രാത്രിയോടെ മരിച്ചത്. ലക്ഷക്കണക്കിനു പേരെ പന്തൽ പോലും ഇല്ലാതെ മണിക്കൂറുകളോളം പൊരിവെയിലത്ത് ഇരുത്തി നടത്തിയ പരിപാടി വലിയ ദുരന്തത്തിൽ കലാശിച്ചത് മഹാരാഷ്ട്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കി. സംഭവം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കി മാറ്റിയിട്ടുണ്ട്.

നവിമുംബൈയിലെ ഖാർഘറിൽ 306 ഏക്കർ വരുന്ന മൈതാനത്തായിരുന്നു പരിപാടി. ഇതര സംസ്ഥാനങ്ങളിൽനിന്നുൾപ്പെടെ 10 ലക്ഷത്തോളം പേർ ചടങ്ങിനെത്തിയിരുന്നു. പുരസ്‌കാര ജേതാവായ സാമൂഹിക പ്രവർത്തകൻ അപ്പാ സാഹെബ് ധർമാധികാരിയുടെ അണികളാണ് ചടങ്ങിനെത്തിയവരിൽ ഭൂരിഭാഗവും. സംസ്ഥാന സർക്കാരിനെ നയിക്കുന്ന ബിജെപിയും ശിവസേനയും (ഷിൻഡെ) വൻതോതിൽ അണികളെ എത്തിച്ചിരുന്നു.

നേതാക്കളെല്ലാം എയർകണ്ടീഷൻ സ്റ്റേജിൽ ഇരുന്നപ്പോൾ അണികൾ പൊരിവെയിലത്ത് മണിക്കൂറുകളോളമാണ് കാത്തു നിൽക്കേണ്ടി വന്നത്. ഇത്രയും ജനം കൂടുമ്പോൾ ഒരുക്കേണ്ട സംവിധാനങ്ങളും ഒരുക്കിയിരുന്നില്ല. 40 ഡിഗ്രിക്ക് അടുത്തായിരുന്നു താപനില. ചടങ്ങിൽ പത്തു ലക്ഷത്തിലേറെപ്പേർ പങ്കെടുത്തതായാണ് സംഘാടകർ അവകാശപ്പെടുന്നത്.

ആയിരക്കണക്കിനു പേർ ശനിയാഴ്ച തന്നെ മൈതാനത്ത് എത്തിയിരുന്നു. ലക്ഷക്കണക്കിനു പേർ എത്തുമെന്ന് ഉറപ്പുണ്ടായിട്ടും അനുയോജ്യ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയില്ലെന്ന് ആരോപണമുണ്ട്. 350 ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ഐസിയു ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ ഗ്രൗണ്ടിൽ ഉണ്ടായിരുന്നെങ്കിലും കൂടുതൽ പേർ അവശരായതോടെ നിസ്സഹായരായി.

സാമൂഹിക പ്രവർത്തകനും ആത്മീയ നേതാവുമായ അപ്പാ സാഹെബ് ധർമാധികാരി പുരസ്‌കാരമായി ലഭിച്ച 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് ചടങ്ങ് പൂർത്തിയാക്കിയതിനു ശേഷം രാത്രിയോടെയാണ് മരണവാർത്ത പുറത്തുവന്നത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ 5 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പൊതുപരിപാടിയിൽ പങ്കെടുത്ത 11 പേർ സൂര്യാഘാതമേറ്റ് മരിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് എൻസിപി രംഗത്തെത്തി. സർക്കാർ സ്പോൺസേഡ് ദുരന്തമെന്ന് എൻസിപി നേതാവ് അജിത് പവാർ ആരോപിച്ചു. ആസൂത്രണം പിഴച്ചുവെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker