തിരുവനന്തപുരം:ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വ്യാപകമാകുന്നുവെന്നും ജയ്ശ്രീറാം വിളി പ്രകോപനപരമായ യുദ്ധകാഹളമാകുന്നുവെന്നും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രമുഖ കലാ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തത് നരേന്ദ്രമോദി സര്‍ക്കാരിന്റെ സാംസ്‌കാരിക ഫാസിസമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന് ജനാധിപത്യ വിശ്വാസികളും രാജ്യസ്നേഹികളും ഭയപ്പെടുന്നു.
കൊല്ലുന്നവര്‍ സുരക്ഷിതരും അതു ചൂണ്ടിക്കാട്ടുന്നവര്‍ ജയിലിലും എന്നതാണോ മോദി സര്‍ക്കാരിന്റെ നയം? മാനഭംഗം ചെയ്യപ്പെട്ട ഇരകള്‍ക്കു ജയിലും, മാനഭംഗം നടത്തിയവര്‍ക്ക് വീരാളിപ്പട്ടും നല്കുന്നതാണോ മോദിയുടെ പുതിയ ഇന്ത്യ? ഫാസിസം അതിന്റെ ഏറ്റവും ബീഭത്സമായ രൂപമണിഞ്ഞ് ജനങ്ങളെ നിശബ്ദമാക്കുകയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.
സാമൂഹിക പ്രവര്‍ത്തകനായ നരേന്ദ്ര ധാബോല്‍ക്കര്‍, എഴുത്തുകാരായ ഗോവിന്ദ് പന്‍സാരെ, എംഎം കല്‍ബുര്‍ഗി, പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് തുടങ്ങിയവര്‍ ഫാസിസത്തിന്റെ ഇരകളായി ജീവന്‍ നഷ്ടപ്പെട്ടവരാണ്. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയ ശേഷവും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നിര്‍ബാധം തുടരുന്നു. കഴിഞ്ഞ മാസം ഗോവധം ആരോപിച്ച് ജാര്‍ഖണ്ഡില്‍ ഭിന്നശേഷിക്കാരനെയും മോഷ്ടാവെന്നു സംശയിച്ച് ഗുജറാത്തില്‍ യുവാവിനെയും ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ജയ്ശ്രീറാം വിളി അധികാരം പിടിച്ചെടുക്കാനുള്ള രാഷ്ട്രീയ മുദ്രാവാക്യം പോലെയാണ് സംഘപരിവാരങ്ങള്‍ ഉപയോഗിക്കുന്നതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
രാജ്യദ്രോഹക്കുറ്റത്തിനു പുറമേ മതവികാരം വ്രണപ്പെടുത്തല്‍, സമാധാനലംഘനം തുടങ്ങിയ കുറ്റങ്ങളും സാംസ്‌കാരിക നായകര്‍ക്കുമേല്‍ ചാര്‍ത്തിയിരിക്കുകയാണ്. ഭീകരപ്രവര്‍ത്തകര്‍ എന്നതുപോലെയാണ് ഇവരെ ഭരണകൂടം കൈകാര്യം ചെയ്യുന്നത്. ജനാധിപത്യത്തിനും ബഹുസ്വരതയ്ക്കും മതേതരത്വത്തിനും ലോകത്തിനു മാതൃകയായിരുന്ന നമ്മുടെ രാജ്യത്ത് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഒട്ടും അഭിമാനകരമല്ലെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News