മുല്ലപ്പെരിയാർ സമരസമിതി പുനസ്സംഘടിപ്പിച്ചു; പ്രക്ഷോഭം 15-ന് തീരുമാനിക്കും
ഇടുക്കി: അപകടാവസ്ഥയിലുള്ള മുല്ലപ്പെരിയാർ അണക്കെട്ട് എത്രയുംപെട്ടെന്ന് ഡീ കമ്മിഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് മുല്ലപ്പെരിയാർ സമരസമിതി ജനകീയ പ്രക്ഷോഭം ആരംഭിക്കും. പ്രക്ഷോഭം ഏതുവിധത്തിലാകണമെന്ന് 15-ന് നടക്കുന്ന കേന്ദ്രക്കമ്മിറ്റിയോഗം തീരുമാനിക്കും. ഇതിന് മുന്നോടിയായി സമിതി പുനസ്സംഘടിപ്പിച്ചു. ഷാജി പി.ജോസഫ് (ചെയർമാൻ), സിബി മുത്തുമാക്കുഴി (ജന.കൺവീനർ), പി.ഡി.ജോസഫ് (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള 51-അംഗ കേന്ദ്രക്കമ്മിറ്റിയെ തിരഞ്ഞെടുത്തു.
2006-ൽ, മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്താമെന്ന സുപ്രീംകോടതി വിധി വന്നപ്പോഴാണ് പെരിയാർ തീരവാസികൾചേർന്ന് സമരസമിതി രൂപവത്കരിച്ചത്.
പിന്നീട് മുല്ലപ്പെരിയാർ വിഷയം തണുത്തു. സമരസമിതിയും പ്രവർത്തനവും കുറഞ്ഞു. എങ്കിലും പുതിയ അണക്കെട്ട് ആവശ്യപ്പെട്ടുകൊണ്ടുള്ള പരിപാടികൾ എല്ലാവർഷവും നടത്തിയിരുന്നു.
മുല്ലപ്പെരിയാർ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതുവരെ പ്രക്ഷോഭവും നിയമപോരാട്ടവും തുടരാൻ മുല്ലപ്പെരിയാർ സമരസമിതി കൺവെൻഷൻ തീരുമാനിച്ചു. കാലാവധി കഴിഞ്ഞ മുല്ലപ്പെരിയാർ ഡാമിന്റെ ദുർബലാവസ്ഥ അന്താരാഷ്ട്ര വിദഗ്ധർ ഉൾപ്പെടുന്ന സമിതിയെകൊണ്ട് പരിശോധിപ്പിക്കണം. വയനാട് ദുരന്തവും കർണാടകയിലെ തുംഗഭദ്രാ ഡാമിലുണ്ടായ തകരാറും അപ്രതീക്ഷിതമായ മേഘവിസ്ഫോടനവും ഭൂകമ്പസാധ്യതയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഗൗരവമായി കാണണമെന്നും യോഗം ആവശ്യപ്പെട്ടു.
രക്ഷാധികാരി ഫാ. ജോയ് നിരപ്പേൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. അഡ്വ. സ്റ്റീഫൻ ഐസക്ക് അധ്യക്ഷനായിരുന്നു. ഫാ. സുരേഷ് ആന്റണി, മുൻ ചെയർമാൻ കെ.എൻ.മോഹൻദാസ്, ഷിനോജ് ജോസഫ് എന്നിവർ പ്രസംഗിച്ചു. അഡ്വ. അരുൺ പൊടിപാറ, അഡ്വ. ജെയിംസ് കാപ്പൻ എന്നിവർ ഭാരവാഹികളായി ലീഗൽ സെല്ലും, റോജി സലിം, സിനിമോൾ ജോസഫ്, റജീന റീബായ് എന്നിവർ ഭാരവാഹികളായി വനിതാസെല്ലും രൂപവത്‌കരിച്ചു.
40 ലക്ഷം മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയായ മുല്ലപ്പെരിയാർ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച 10 മുതൽ ചപ്പാത്തിൽ സർവമത പ്രാർഥനയും കൂട്ട ഉപവാസവും നടത്തും. ചപ്പാത്ത് സെയ്ൻറ് ആന്റണീസ് പള്ളി, ഹിദായത്തുൽ ഇസ്ലാം ജമാ അത്ത്, ശ്രീധർമശാസ്ത്രാക്ഷേത്രം എന്നിവയുടെ സ്റ്റേഹക്കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ചപ്പാത്ത് ടൗണിൽ സർവമത പ്രാർഥനയും കൂട്ട ഉപവാസവും നടക്കുന്നത്.