FeaturedHome-bannerNationalNews

മുലായം സിങ് യാദവ് അന്തരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് അന്തരിച്ചു.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 83 വയസായിരുന്നു.

കഴിഞ്ഞ ദിവസമാണ് വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് അദ്ദേഹത്തെ ചികിത്സിച്ചിരുന്നത്.

പ്രമുഖ സോഷ്യലിസ്റ്റ് നേതാവായ അദ്ദേഹം മൂന്നു തവണയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായത്. 1996 ജൂണ്‍ മുതല്‍ 1998 മാര്‍ച്ച്‌ വരെ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായി കേന്ദ്രത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചെറുപ്പത്തില്‍ രാം മനോഹര്‍ ലോഹ്യയുടെ പത്രാധിപത്യത്തിലുള്ള ജാന്‍ എന്ന പത്രമാണ് അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് അടുപ്പിച്ചത്. കലാലയ പഠനകാലത്ത് മുലായം വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും ഒരു പ്രാവശ്യം പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇക്കാലത്ത് കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ റാലികളിലും പ്രക്ഷോഭങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു.

മകന്‍ ഒരു ഗുസ്തിക്കാരനാകണമെന്ന പിതാവ് സുധര്‍ സിംഗിന്റെ ആഗ്രഹം പോലെ മുലായം ഗുസ്തിമത്സരങ്ങളിലും താത്പര്യം പ്രകടിപ്പിച്ചിരുന്നു. മെയ്ന്‍പുരിയിലെ ഒരു ഗുസ്തിപ്പോരാട്ട വേദിയില്‍ വെച്ചാണ് പില്‍ക്കാലത്ത് മുലായത്തിന്റെ രാഷ്ട്രീയ ഗുരുവായ നത്തു സിംഗ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. ഗുസ്തിക്കളത്തിലെ പോരാട്ടത്തേക്കാളും ഈ ‘ഫയല്‍വാന്’ ചേരുന്നത് രാഷ്ട്രീയ ഗോദയിലെ വേഷമാണെന്ന് നത്തുസിംഗ് തീര്‍ച്ചപ്പെടുത്തി. പ്രാദേശിക സോഷ്യലിസ്റ്റ് നേതാവായിരുന്ന ഇദ്ദേഹമാണ് മുലായത്തെ സജീവരാഷ്ട്രീയത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. 1967ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച മുലായം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി.

അടിയന്തരാവസ്ഥക്കാലത്ത് മുലായം ജയില്‍ വാസം അനുഷ്ഠിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ ലോഹ്യയുടേതിനൊപ്പം മറ്റൊരു പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന ചരണ്‍ സിംഗിന്റെ ആശയങ്ങളും അദ്ദേഹത്തെ സ്വാധീനിച്ചു.

ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയിലെ ഒരു ഗ്രാമത്തില്‍ സുധര്‍ സിംഗിന്റെയും മൂര്‍ത്തിദേവിയുടെയും മകനായി 1939 നവംബര്‍ 22നായിരുന്നു ജനനം. ഒരു കര്‍ഷക കുടുംബമായിരുന്നു മുലായത്തിന്റേത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker