കൊല്ലം: തനിക്കെതിരായ ആരോപണം രാഷ്ട്രീയ നീക്കമാണെന്ന് നടനും കൊല്ലം എംഎല്‍എയുമായ മുകേഷ്. ആറ് വർഷങ്ങള്‍ക്ക് മുമ്പ് ഉന്നയിച്ച ആരോപണമാണ് ഇത്. അപ്പോള്‍ പോലും പറഞ്ഞത് ഇരുപത് വർഷങ്ങള്‍ക്ക് മുമ്പത്തെ ആരോപണമാണ് ഇതെന്നാണ് പറഞ്ഞത്. ആ കേസ് എന്തായി. ആറ് കൊല്ലത്തിന് ശേഷം വീണ്ടും വന്നിട്ട് ഞാന്‍ അത് ഓർക്കുന്നു എന്ന് പറയുമ്പോള്‍ എനിക്ക് ഒന്നും പറയാനില്ലെന്നും മുകേഷ് വ്യക്തമാക്കി.
ആറ് വർഷം മുമ്പ് ഇത്തരമൊരു ആരോപണം വന്നപ്പോള്‍ ഞാന്‍ പിടിക്കപ്പെട്ടു, ഇപ്പോള്‍ രാജിവെക്കും എന്ന് പറഞ്ഞ് പ്രതിപക്ഷത്ത് സ്ഥാനാർത്ഥിയാകാനുള്ള അടി വരെ നടന്നു. രാഷ്ട്രീയ ലക്ഷ്യമാണ് ഈ ആരോപണത്തിന് പിന്നില്‍. സി പി എമ്മിന്റെ നിയമസഭാംഗമായതുകൊണ്ട് കേറിയിറങ്ങി അങ്ങട്ട് പറയാമല്ലോ. ഈ ആരോപണം ഉന്നയിച്ച സ്ത്രീയെ എനിക്ക് അറിയില്ല. ആറുകൊല്ലം മുമ്പ് തന്നെ ഞാന്‍ പറഞ്ഞ കാര്യമാണ് ഇതെന്ന്.
രാത്രി ഞാന്‍ പലതവണ ഫോണ്‍ വിളിച്ചെന്ന് പറയുന്നു. പക്ഷെ ഒരിക്കല്‍ പോലും എടുത്തില്ല. എടുക്കാതെ ഞാന്‍ ആണെന്ന് എങ്ങനെ പറയും. ഇക്കാര്യങ്ങളെല്ലാം അന്ന് തന്നെ തള്ളിക്കളഞ്ഞതാണ്. ഈ വിഷയത്തില്‍ എനിക്ക് ഒന്നും പറയാനില്ല. രഞ്ജിത്തിന്റേത് പോലൊരു കാര്യമല്ല ഇത്. ഇരുപത് വർഷങ്ങള്‍ക്ക് മുമ്പ് എങ്ങോ നടന്നെന്ന് പറയുന്ന ഒരുകാര്യമെന്ന് ബാലിശമാണ്. ആരാണ് ഇതിനൊക്കെ പിന്നിലെന്ന് തനിക്ക് അറിയില്ലെന്നും മുകേഷ് വ്യക്തമാക്കി.
കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫായിരുന്നു ആറ് വർഷങ്ങള്‍ക്ക് മുമ്പ് താന്‍ ഉന്നയിച്ച ആരോപണം വീണ്ടും ഓർമ്മിപ്പിച്ചുകൊണ്ട് രംഗത്ത് വന്നത്. 'നിയമം അധികാരമുള്ളവർക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ്. എവിടെയാണ് പ്രതീക്ഷ. കുറച്ച് കാര്യങ്ങളൊക്കെ എനിക്ക് വ്യക്തമായി വരുന്നുണ്ട്' എന്നും ടെസ് ജോസഫ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.
2018 ലായിരുന്നു മുകേഷിനെതിരെ ടെസ് ജോസഫ് മീടൂ ആരോപണം ഉന്നയിച്ചത്. ഒരു ടെലിവിഷന്‍ പരിപാടിയുടെ ഷൂട്ടിങ്ങിനിടെ 19 വര്‍ഷം മുമ്പ് മുകേഷ് ചെന്നൈയിലെ ഹോട്ടലില്‍ വച്ച് മോശമായി പെരുമാറിയെന്നായിരുന്നു മുകേഷിന്റെ പേരെടുത്ത് പറഞ്ഞുകൊണ്ട് തന്നെ ടെസ് ജോസഫ് നടത്തിയ വെളിപ്പെടുത്തല്‍.
അതേസമയം, സിദ്ധീഖിന്റെ രാജിയില്‍ അഭിപ്രായം പറയാന്‍ ഇല്ലെന്നായിരുന്നു മുകേഷിന്റെ പ്രതികരണം. നിയമനടപടികള്‍ ആവശ്യമാണ്. സ്ത്രീകള്‍ ഒരിടത്തും പ്രശ്നം നേരിടരുത്. ആർക്കും ഒരു പ്രയാസമില്ലാതെ മുന്നോട്ട് പോകണം. അമ്മയുടെ കാര്യം പറയാനുള്ള അധികാരം എനിക്കില്ല. സംഘടനയുടെ കാര്യം ഔദ്യോഗികമായി പറയേണ്ടതെന്നും മുകേഷ് കൂട്ടിച്ചേർത്തു.