KeralaNews

‘വണ്ടിയെടുത്തതും പുറം പൊളിയുന്ന അടി വീണതും ഒരുമിച്ചായിരുന്നു’; ഇറച്ചി വാങ്ങാന്‍ പോയതിന് പോലീസില്‍ നിന്ന് നേരിട്ട ക്രൂര മര്‍ദ്ദനത്തെ കുറിച്ച് യുവാവ്

കോഴിക്കോട്: കൊവിഡ് പ്രതിരോധത്തിനായി ആരോഗ്യ പ്രവര്‍ത്തകരെ പോലെ തന്നെ ഏറ്റവും നന്നായി ജോലി ചെയ്യുന്ന വിഭാഗമാണ് പോലീസ്. എന്നാല്‍ ചില ഇടങ്ങളില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് മോശം നടപടികള്‍ ഉണ്ടാകുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ഇപ്പോള്‍ അത്തരത്തില്‍ പോലീസില്‍ നിന്നുണ്ടായ ദുരനുഭവം പറയുകയാണ് കൊഴിഞ്ഞില് മുഹമ്മദ് അസ്ലം എന്നയാള്‍. ഭക്ഷ്യസാധനങ്ങള്‍ വാങ്ങാന്‍ എല്ലാ രേഖകളുമായി പോയ തന്നെ പോലീസ് അകാരണമായി മര്‍ദിച്ചതായി മുഹമ്മദ് അസ്ലം പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അസ്ലം ഇക്കാര്യം പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പോലീസാണു വൈറസ്

ഇന്നു രാവിലെ കുറച്ച് ഇറച്ചി വാങ്ങാമെന്ന് കരുതി പ്രധാന അങ്ങാടിയായ കൂട്ടിലങ്ങാടിയില്‍ പോയിരുന്നു. ഒരാഴ്ച മുമ്പും ഇതേ ആവശ്യത്തിന് പോയിരുന്നു. ഇടക്കിടെ പോവാതിരിക്കാന്‍ കുറച്ചധികം ഇറച്ചി വാങ്ങാറാണ് പതിവ്. ഞാന്‍ അങ്ങാടിയിലെത്തുമ്പോഴേ പോലീസ് അവിടെയുണ്ട്. തിരിച്ചു പോകുമ്പോള്‍ എനിക്കു രണ്ടു വഴിയുണ്ട്. എളുപ്പ വഴിയില്‍ പോലീസ് വാഹനം നിര്‍ത്തിയിട്ടുണ്ട്. ഞാന്‍ ആ വഴിക്കുതന്നെ പോകാമെന്നു വച്ചു.എനിക്കൊട്ടും ഭയം തോന്നിയില്ല. കയ്യില്‍ ഇറച്ചിയുണ്ട്, വേണ്ട എല്ലാ രേഖയും കരുതിയിട്ടുമുണ്ട്. ലാത്തി നീട്ടിപ്പിടിച്ച് എന്റെ ബൈക്ക് നിര്‍ത്തിക്കുമ്പോള്‍ നിയമ സംവിധാനങ്ങളോടുള്ള എല്ലാ അനുസരണയോടും കൂടെയാണ് ഞാന്‍ വണ്ടിയൊതുക്കിയത്. ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടിയും ഇറച്ചിയും കാണിച്ചപ്പോള്‍ എന്നാല്‍ വേഗം വിട്ടോ എന്നു അയാള്‍ പറഞ്ഞതും ഞാന്‍ വണ്ടിയെടുത്തതും പുറത്തിനു താഴെ അടി വീണതും ഒരുമിച്ചായിരുന്നു..

പോലീസിന്റെ ലാത്തി ജീവിതത്തില്‍ ആദ്യമായി എന്നെ തൊട്ടു എന്നറിയുമ്പോള്‍ ഞാന്‍ കുറച്ചു മുന്നോട്ടു പോയിട്ടുണ്ട്.നിരാശയും സങ്കടവും ദേഷ്യവും ഭയവുമെല്ലാം ഒരുമിച്ചു വന്ന നേരം. വണ്ടി നിര്‍ത്താനോ എന്തിനായിരുന്നെന്ന് ചോദിക്കാനോ തോന്നിയില്ല; ലാത്തിക്കും അയാള്‍ക്കും വേണ്ടത് നിയമമല്ല ; ഇരയെയാണ്. വാണിയമ്പലത്തെ മര്‍ദ്ധനവും മനസ്സില്‍ വന്നു.

കേവലം ഒരു ഹെല്‍മെറ്റ് വെക്കാത്തതിനു പോലും എനിക്ക് പോലീസുകാര്‍ക്കു മുന്നില്‍ ഇതു വരെ തല താഴ്ത്തേണ്ടി വന്നിട്ടില്ല. ലാത്തിയുടെ ചൂട് പോയിട്ട് ഒരു ശകാരം പോലും കാക്കിയില്‍ നിന്ന് കേള്‍ക്കേണ്ടി വന്നിട്ടില്ല.. ഊട്ടിയും വയനാടും മൂന്നാറും കേറുന്ന, കുറഞ്ഞ കാലം കൊണ്ട് മീറ്റര്‍ ബോര്‍ഡില്‍ 80,000 km കടന്ന ബൈക്ക് കുറേ ദിവസങ്ങളായി വെറുതെ കിടപ്പാണ്..

ലോക് ഡൗണിനെ എങ്ങനെ സമീപിക്കുന്നുവെന്ന് ചോദിച്ചാല്‍ അത്യാവശ്യം പ്രാദേശിക പൊതുപ്രവര്‍ത്തന സ്വഭാവമുണ്ടായിട്ടും രണ്ടു പലചരക്കു കടകളും പള്ളിയും മദ്രസയും മാത്രമുളള എന്റെ ഗ്രാമത്തിലെ ചെറു അങ്ങാടിയിലേക്ക് പോലും ഇത്രയും ദിവസത്തിനുള്ളില്‍ ഞാനിറങ്ങിയത് രണ്ടു തവണ മാത്രമാണ്. അതു തന്നെ ഭക്ഷ്യ സാധനങ്ങള്‍ വാങ്ങാന്‍. പിന്നെ ചില കോവിഡ് രോഗികളുടെ വീടും സന്ദര്‍ശിച്ചു, മഴക്കെടുതി വിലയിരുത്തി വാര്‍ഡു മുതല്‍ മുകളിലേക്കുള്ള ജനപ്രതിനികളോട് കാര്യങ്ങള്‍ അറിയിച്ചു. ഇതെല്ലാം എന്റെ അയല്‍പക്കത്തില്‍.
അല്ലെങ്കിലും എനിക്കിത് കിട്ടണം, വീട്ടിലേക്ക് പാല്‍ വാങ്ങാന്‍ കുറച്ചപ്പുറത്ത് ബൈക്കില്‍ പോകുമ്പോള്‍ പോലും ‘പാല്‍ വാങ്ങാന്‍ ഇന്ന നമ്പര്‍ വാഹനത്തില്‍…’ എന്നു തുടങ്ങി സത്യവാങ്മൂലമെഴുതുന്ന എനിക്കിത് കിട്ടണം..

പോലീസിനെ സംബന്ധിച്ച് മാരക മര്‍ദ്ദനമെന്നുമല്ലായിരിക്കാം, പഠിച്ച വിദ്യാലയങ്ങളില്‍ നിന്ന് പോലും വലിയ അടിയൊന്നും വാങ്ങി ശീലമില്ലാത്തതിനാല്‍ ലാത്തിയമര്‍ന്ന് രാവിലെ തണര്‍ത്ത ഭാഗം ഇപ്പോള്‍ ചുവന്നിട്ടുണ്ട്. നാളെയത് നീല നിറമാകും , മറ്റെന്നാള്‍ കറുപ്പും. കുറച്ചു ദിവസം കമിഴ്ന്ന് കിടക്കേണ്ടി വരും, കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ അടയാളങ്ങള്‍ മാറുമായിരിക്കും. ശരീരത്തില്‍ നിന്ന് ; മനസ്സില്‍ നിന്നല്ല. നിയമം പരമാവധി പാലിക്കണമെന്ന് കരുതിയവന് നിയമപാലകരില്‍ നിന്ന് ലഭിച്ച അനീതിയുടെ അടയാളമാണത്. അതവിടെയുണ്ടാകും.
എന്നാലും ഒരുറപ്പുണ്ട്,അത് ഇരയുടെ ഉറപ്പാണ്, പടച്ചവന്റെ ഉറപ്പ് ,അന്യായമായിരുന്നെങ്കില്‍ നീയൊക്കെ അനുഭവിച്ചേ പോകൂ..
Kozhinhil Muhammed Aslam

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker