KeralaNews

തിരുവല്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു,യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു

ആലപ്പുഴ: തിരുവല്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തിരുവല്ല – കായംകുളം റോഡിലെ പൊടിയാടിക്ക് സമീപം മണിപ്പുഴയിൽ ആണ് സംഭവം. തീ പിടിച്ച കാറിനുള്ളില്‍ നിന്നും കാർ യാത്രികൻ അത്ഭുതകരമായി രക്ഷപെട്ടു. അമ്പലപ്പുഴ കരൂർ വടക്കേ പുളിയ്ക്കൽ വീട്ടിൽ രാമകൃഷ്ണന്റെ ഉടമസ്ഥതയിലുളള ഹ്യൂണ്ടായ് ഐ ടെൻ കാറാണ് കത്തി നശിച്ചത്.  മണിപ്പുഴ ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിന് സമീപം കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെ ആയിരുന്നു സംഭവം.

ഓടി വന്ന കാറിന്റെ അടിയിൽ നിന്നും പുക ഉയരുന്നതായി എതിരെ വന്ന വാഹന യാത്രികർ രാമകൃഷ്ണനോട് വിളിച്ച് പറഞ്ഞു. തുടർന്ന് കാർ നിർത്തി രാമകൃഷ്ണൻ കാറിൽ നിന്നും പുറത്തിറങ്ങി. അതിന് പിന്നാലെ തീആളിപ്പടരുകയായിരുന്നു. സംഭവം കണ്ട് സ്വകാര്യ ബസ് ജീവനക്കാരായ രാജീവ്, ഗോപകുമാർ, പമ്പ് ജീവനക്കാരനായ തോമസ് എന്നിവർ ചേർന്ന് പമ്പിലെ അഗ്നി ശമന സേന ഉപകരണങ്ങൾ ഉപയോഗിച്ച് പ്രാഥമിക രക്ഷാ പ്രവർത്തനം നടത്തി. 

തുടർന്ന് തിരുവല്ലയിൽ നിന്നും എത്തിയ അഗ്നി രക്ഷാ സേനാ ഉദ്യോഗസ്ഥർ ചേർന്ന് തീയണച്ചു. സംഭവത്തെ തുടർന്ന്  റോഡിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കാർ പൂർണമായും കത്തി നശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button