KeralaNews

മലപ്പുറം കോട്ടക്കലിൽ നിന്നും എവറസ്റ്റ് കൊടുമുടി കാണുന്നു,പ്രചാരണത്തിന്റെ വാസ്തവമെന്ത്‌

മലപ്പുറം: ഈ അടുത്ത ദിവസം ഫേസ്ബുക്കിൽ (Facebook) പ്രത്യക്ഷപ്പെട്ടൊരു പോസ്റ്റാണ്. ” മലപ്പുറം കോട്ടക്കലിൽ നിന്നും എവറസ്റ്റ് കൊടുമുടി (Everest) കാണുന്നു.!!! ” ശരിക്കും ഈ മലപ്പുറത്തൂന്ന് നോക്കിയാ രണ്ടായിരം കിലോമീറ്റർ ദൂരെയുള്ള എവറസ്റ്റ് കാണാൻ പറ്റുമോയെന്ന് ചോദിച്ചാൽ ഇല്ല എന്ന് മാത്രമേ പറയാനുള്ളൂ. ഒരു അറിവില്ലാ പോസ്റ്റായി തള്ളിക്കളയാവുന്നതല്ല ഇത്, കാണുന്നത് എവറസ്റ്റാണെന്ന് ചുമ്മാ പറയുക മാത്രമല്ല, ഭൂമി പരന്നിട്ടാണെന്നുള്ളതിന്റെ തെളിവാണ് ഇതെന്നും ഇയാൾ അവകാശപ്പെടുന്നു. 

പാഠം ഒന്ന് : ഭൂമി ഉരുണ്ടിട്ടാണ്

ഭൂമി ഉരുണ്ടിട്ടാണെന്ന് തെളിയിക്കുന്നതും വെള്ളത്തിന് നിറമില്ലെന്ന് പറഞ്ഞ് ഫലിപ്പിക്കേണ്ടി വരുന്നതും ഏകദേശം ഒരു പോലെയാണ്. എത്രയോ സഞ്ചാരികൾ കടൽ മാർഗവും, വായു മാർഗവും ലോകം ചുറ്റി സഞ്ചരിച്ചിട്ടുണ്ട്. മനുഷ്യൻ ബഹിരാകാശത്തേക്ക് ഉപഗ്രഹങ്ങളയച്ചും സ്വയം പോയും നമ്മളുടെ ഗ്രഹത്തിന്റെ എണ്ണമറ്റ ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. സാമാന്യ ബുദ്ധി വച്ച് ഭൂമി പരന്നതല്ലെന്ന് പറയാൻ ഈ തെളിവുകൾ ധാരാളം.

ഇപ്പോൾ വൈറലായ പോസ്റ്റ്.

 

ഭൂമിയും ചന്ദ്രനും സൂര്യനും എന്ന് വേണ്ട പ്രപഞ്ചത്തിലെ വലിയ വസ്തുക്കളെല്ലാം ഗോളാകൃതിയിലാണ്. അത് ഗ്രഹങ്ങളായാലും നക്ഷത്രങ്ങളായാലും. അതിന് കാരണം ഗുരുത്വാകർഷണവും. വലിയ വസ്തുക്കൾ അവയുടെ തന്നെ ഗുരുത്വാകർഷണ ബലം മൂലം ഗോളാകൃതി കൈവരിക്കുന്നുവെന്ന് പറയുന്നതാണ് എളുപ്പം. ഗ്രഹങ്ങളുടെ മധ്യഭാഗത്ത് നിന്നാണ് ഉത്ഭവിക്കുന്നത് പോലെയാണ് ഗുരുത്വാകർഷണ മണ്ഡലം പ്രവർത്തിക്കുന്നത്. ഇങ്ങനെ ഒരു ബിന്ദുവിനെ കേന്ദ്രമാക്കി ഒരു വസ്തുവിന്‍റെ എല്ലാ ഭാഗത്ത് നിന്നും ഞെരുക്കമുണ്ടായാൽ അത് ഗോളാകൃതിയിലേക്ക് മാറുകയേ നിവർത്തിയുള്ളൂ. 

ശാസ്ത്രാധ്യാപകനും എഴുത്തുകാരനുമായ വൈശാഖൻ തമ്പി തയ്യാറാക്കിയ വീഡിയോ ചുവടെ. 

ഭൂമി പരന്നിട്ടായിരുന്നുവെങ്കിൽ ഇവിടെ ജീവനും ജീവിതവും ഉണ്ടാകുമായിരുന്നില്ലെന്നതാണ് യാഥാർത്ഥ്യം, തൽക്കാലം ഭൂമി പരന്നിട്ടാണ് എന്ന് തന്നെ വിചാരിക്കുക, അങ്ങനെയായിരുന്നുവെങ്കിൽ പകലിന്റെ രാത്രിയുടേയും ദൈർഘ്യം ലോകത്തെല്ലായിടത്തും ഒരു പോലെയായേനേ. ധ്രുവപ്രദേശങ്ങളിൽ ആറ് മാസം നീണ്ടു നിൽക്കുന്ന ഇരുണ്ട കാലവും ആറ് മാസത്തെ വെളിച്ച കാലവും ഉണ്ടാകുമായിരുന്നില്ല. ഗ്രഹണങ്ങൾ ഉണ്ടാകുന്നതെങ്ങനെ എന്നതിനും അത് എല്ലായിടത്തും ഒരു പോലെ കാണാൻ പറ്റാത്തത് എന്ത് കൊണ്ട് എന്നതിനും പുതിയ നിർവചനവും നൽകേണ്ടി വന്നേനേ. പക്ഷേ നമ്മുടെ ഭാഗ്യത്തിന് ഭൂമി പരന്നിട്ടല്ല. !

ചിത്രത്തിൽ കാണുന്ന സ്ഥലം

പ്രാദേശിക മാധ്യമപ്രവർത്തകരുമായി സംസാരിച്ചതിൽ നിന്നും ഇത് മലപ്പുറം ജില്ലയിലെ ഊരകം പഞ്ചായത്താണ്. ആദ്യം കാണുന്ന ചെറിയ മല ഊരകം മലയാണ് ( ചെരുപ്പടി മലയെന്നും പറയും ) വടക്ക് കിഴക്ക് ദിശയിൽ മലനിരകൾ പോലെ കാണപ്പെടുന്നത് പശ്ചിമ ഘട്ട മലനിരകളുടെ ഭാഗമായ വാവുൽ മലയോ അങ്ങിണ്ട മുടിയോ ആയിരിക്കാം. എന്തായാലും എവറസ്റ്റ് അവിടെ നിന്ന് ഒരു കാരണവശാലും കാണാൻ കഴിയില്ല. കണ്ടത് പശ്ചിമഘട്ടം തന്നെയാണ്. 


ആരാണ് ഈ ഫ്ലാറ്റ് എർത്ത് സൊസൈറ്റിക്കാർ

ഭൂമി പരന്നതാണെന്ന് വിശ്വസിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്ന ആളുകളുടെ ഒരു കൂട്ടമാണ് ഇത്. ശാസ്ത്രീയ അടിസ്ഥാനമില്ലാതെ വളച്ചൊടിച്ച സിദ്ധാന്തങ്ങളുമായി മുന്നോട്ട് പോകുന്നവരാണ് ഇവർ. സർക്കാരുകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കയാണെന്നും ബഹിരാകാശ യാത്രകളൊക്കെ സെറ്റിട്ട് ഷൂട്ട് ചെയ്യതാണെന്നും വാദിക്കുന്നവരാണ് ഇവർ. ഈ വാദങ്ങളെല്ലാം അസത്യമാണെന്ന് മാത്രമല്ല സാമാന്യ യുക്തിക്ക് നിരക്കാത്തവയും ആണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker