വാട്‌സാപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ ഇനി രണ്ട് ദിവസത്തിലേറെ സമയം: കൂടുതലറിയാം
മുംബൈ:വാട്‌സാപ്പ് സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ ഫീച്ചര്‍ ഉപയോഗിക്കുന്നതിന് ഇനി രണ്ട് ദിവസത്തിലേറെ സമയം ലഭിക്കും. നിലവില്‍ ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്‍ഡ് നേരത്തിനുള്ളില്‍ മാത്രമേ അയച്ച സന്ദേശം പിന്‍വലിക്കുവാന്‍ സാധിക്കുകയുള്ളൂ. ഈ സമയ പരിധിയാണ് ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.
പുതിയ അപ്‌ഡേറ്റ് പ്രകാരം വാട്‌സാപ്പ് ഉപഭോക്താവിന് താന്‍ അയച്ച സന്ദേശം പിന്‍വലിക്കാനും നീക്കം ചെയ്യാനും രണ്ട് ദിവസവും 12 മണിക്കൂറും സമയം ലഭിക്കും.
കഴിഞ്ഞ ഒരു മാസത്തിലേറെയായി ഈ അപ്‌ഡേറ്റ് ബീറ്റാ അക്കൗണ്ടുകള്‍ക്ക് ലഭിച്ചിരുന്നു. വാബീറ്റ ഇന്‍ഫോ എന്ന വെബ്‌സൈറ്റ് നേരത്തെ തന്നെ ഇത്തരം ഒരു മാറ്റം വാട്‌സാപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പുതിയ മാറ്റം എല്ലാ ഉപഭോക്താക്കളിലേക്കും എത്തിത്തുടങ്ങിയിട്ടുണ്ട്. അതേസമയം നിങ്ങള്‍ അയച്ച സന്ദേശം ലഭിച്ചയാള്‍ തന്റെ വാട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ സന്ദേശം നീക്കം ചെയ്യാന്‍ 24 മണിക്കൂര്‍ നേരം സമയം ലഭിക്കൂ. അല്ലാത്തപക്ഷം നിലവിലുള്ള ഒരു മണിക്കൂര്‍ സമയം കൊണ്ട് അത് നീക്കം ചെയ്യേണ്ടി വരും.
വാട്‌സാപ്പ് ആപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വാട്‌സാപ്പ് തിരഞ്ഞതിന് ശേഷം അപ്‌ഡേറ്റ് ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ മതി. ആപ്പുകള്‍ നിരന്തരം അപ്‌ഡേറ്റ് ചെയ്യുന്നത് ഇത്തരം പുതിയ ഫീച്ചറുകള്‍ സമയബന്ധിതമായി ലഭിക്കുന്നതിന് സഹായിക്കും.