InternationalNews

ബോട്ടിൽ നിന്ന് ദുർഗന്ധം, കണ്ടെത്തിയത് 30ലേറെ മൃതദേഹം, മിക്കവയും തിരിച്ചറിയാനാവാത്ത നിലയിൽ

ഡാകർ(സെനഗൽ): തീരത്തേക്ക് ഒഴുകിയെത്തിയ ബോട്ടിൽ കണ്ടെത്തിയത് അഴുകിയ നിലയിലുള്ള മുപ്പതിലേറെ മൃതദേഹങ്ങൾ. സെനഗൽ തീരത്തേക്ക് ഒഴുകിയെത്തിയ ബോട്ടിലാണ്  30ലേറെ മൃതദേഹങ്ങൾ അഴുകിയ നിലയിൽ കണ്ടെത്തിയത്. രാജ്യ തലസ്ഥാനമായ ഡാകറിൽ നിന്ന് 70 കിലോമീറ്റഡ അകലെയായാണ് ബോട്ട് കണ്ടെത്തിയത്. മരം കൊണ്ട് നിർമ്മിച്ച ബോട്ട് നാവിക സേനയാണ് തിങ്കളാഴ്ച തുറമുഖത്തേക്ക് കെട്ടിവലിച്ച് കൊണ്ടുവന്നത്. 

മൃതദേഹങ്ങൾ ജീർണിച്ച് തുടങ്ങിയ അവസ്ഥയിൽ ആയതിനാൽ തിരിച്ചറിയൽ അടക്കമുള്ള പ്രവർത്തനങ്ങൾ വലിയ രീതിയിൽ ദുഷ്കരമെന്നാണ് അധികൃതർ വിശദമാക്കുന്നത്. മൃതദേഹങ്ങളിൽ നിന്ന് തിരിച്ചറിയാനുള്ള സാംപിളുകൾ ലഭ്യമാകുമോയെന്ന് പരിശോധിക്കുകയാണ് നിലവിൽ അധികൃതർ ചെയ്യുന്നത്. അടുത്ത കാലത്തായി സെനഗലിൽ നിന്ന് സ്പെയിനിലെ കാനറി ദ്വീപുകളിലേക്ക് പോകുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ വലിയ രീതിയിൽ വർദ്ധനവുണ്ടായിട്ടുണ്ട്.  അറ്റ്ലാൻ്റിക് സമുദ്രത്തിലൂടെ 1,500 കിലോമീറ്ററിലധികം യാത്ര ചെയ്താലാണ് ഈ കുടിയേറ്റം സാധ്യമാകുക.

മൃതദേഹങ്ങൾ അഴുകിയ നില പരിഗണിക്കുമ്പോൾ ബോട്ട് ആദ്യം കണ്ടെത്തിയ മത്സ്യത്തൊഴിലാളികൾ കണ്ടെത്തുന്നതിന് ദിവസങ്ങൾക്ക് മുൻപ് കുടിയേറ്റക്കാർ മരണപ്പെട്ടിരിക്കാമെന്നാണ് സൂചന. നിരവധി ദിവസങ്ങൾ അറ്റ്ലാൻ്റിക് സമുദ്രത്തിൽ ഒഴുകിയതിന് പിന്നാലെയാണ് മത്സ്യത്തൊഴിലാളികൾ ബോട്ട് കണ്ടെത്തിയതെന്നാണ് ലഭ്യമാകുന്ന വിവരം.ബോട്ട് എവിടെ നിന്ന് എവിടേക്കാണ് യാത്ര പുറപ്പെട്ടതെന്നും ബോട്ടിൽ എത്ര യാത്രക്കാർ ഉണ്ടായിരുന്നുവെന്നും കണ്ടെത്താനുള്ള ശ്രമങ്ങളും സൈന്യം ഊർജ്ജിതമാക്കിയിട്ടുണ്ട്. 

ഓഗസ്റ്റ് മാസത്തിൽ സെനഗലുകാരുടേയെന്ന് സംശയിക്കപ്പെടുന്ന 14ലേറെ മൃതദേഹങ്ങൾ ഡൊമിനിക്കൻ റിപ്പബ്ലിക്കിൻ്റെ തീരത്ത് മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയിരുന്നു. അടുത്തിടെ സമുദ്രത്തിലൂടെയുള്ള കുടിയേറ്റത്തിനിടയിലെ പൌരന്മാർ കൊല്ലപ്പെടുന്ന  സംഭവങ്ങൾ വർദ്ധിച്ചതിന് പിന്നാലെ അനധികൃത കുടിയേറ്റം നിയന്ത്രിക്കാനായി പത്ത് വർഷ പദ്ധതി നടപ്പിലാക്കുമെന്ന് സെനഗൽ വ്യക്തമാക്കിയിരുന്നു. തൊഴിൽ ഇല്ലായ്മ, ദാരിദ്ര്യം, ആഭ്യന്തര സംഘർഷം എന്നിവയാണ് യുവതലമുറയെ അടക്കം അറ്റ്ലാന്റിക്കിലെ വെല്ലുവിളികൾ മറികടന്ന് കാനറി ദ്വീപുകളിലേക്ക് എത്താനായി പ്രേരിപ്പിക്കുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker