തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകാൻ സാധ്യത. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുർബലമായിരുന്ന കാലവർഷം വരും ദിവസങ്ങൾ ശക്തി പ്രാപിച്ചേക്കും. അടുത്ത 5 ദിവസം കാലവർഷം ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.
എന്നാൽ ഇന്ന് എവിടെയും അലർട്ടുകളൊന്നും നൽകിയിട്ടില്ല. ശനി, ഞായര്‍ ദിവസങ്ങളോടെ വടക്കൻ കേരളത്തില്‍ ചെറിയ തോതിൽ കാലവര്‍ഷം ശക്തമാകുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ അറിയിപ്പിൽ പറയുന്നത്. കേരളത്തിൽ പൊതുവെ എല്ലാ ജില്ലകളിലും മഴ ലഭിക്കുമെങ്കിലും വടക്കൻ ജില്ലകളിൽ കൂടുതൽ ശക്തമായ മഴ ലഭിച്ചേക്കും. നിലവിൽ അതിതീവ്ര മഴക്കുള്ള സാധ്യത കുറവാണെന്നും വിലയിരുത്തലുണ്ട്.
ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന്‌ഒരു ജില്ലയിലും ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടില്ല. അഥവാ ജൂലൈ 13 ശനിയാഴ്‌ച തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ അന്ന് കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
പതിനാലാം തീയതി ഞായറാഴ്‌ച കണ്ണൂരിൽ ഓറഞ്ച് അലർട്ടും, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. പതിനഞ്ചാം തീയതി കാസർഗോഡ് ജില്ലയിൽ ഓറഞ്ച് അലർട്ടും കണ്ണൂർ ജില്ലയിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.
കൂടാതെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. 11-07-2024, 14-07-2024 , 15-07-2024 തീയതികളിൽ ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉള്ളതിനാലാണ് ഈ മുന്നറിയിപ്പ്.
ഉയർന്ന തിരമാലയുമായി ബന്ധപ്പെട്ട് തീരദേശ മേഖലയിൽ ഉള്ളവർക്ക് ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേരള തീരത്തും, തമിഴ്‌നാട് തീരത്തും 12-07-2024 (നാളെ) രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേകം ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.