മോൻസൻ കേസുമായി യാതൊരു ബന്ധവുമില്ല,പ്രതിയാക്കിയതില്‍ ഗൂഢാലോചന; നാളെ ചോദ്യംചെയ്യലിന് ഹാജരാകില്ല: കെ.സുധാകരന്‍
കൊച്ചി∙ മോൻസൻ കേസുമായി യാതൊരു ബന്ധവുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസിൽ വഞ്ചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കിയതിനു പിന്നാലെയാണ് സുധാകരന്റെ വിശദീകരണം. കേസിൽപെട്ടത് എങ്ങനെയാണെന്നു പഠിക്കുകയാണെന്ന് ആലുവയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സുധാകരൻ പറഞ്ഞു. പരാതിക്കാരുമായി ബന്ധമില്ല, നേരത്തെ തനിക്കെതിരെ പരാതിയില്ലായിരുന്നു. കേസില്ലാതിരുന്നതുകൊണ്ടാണ് എതിർ പരാതി നൽകാതിരുന്നത്. അന്വേഷണസംഘത്തിനു മുന്നിൽ നാളെ ഹാജരാകില്ലെന്നും സുധാകരൻ പറഞ്ഞു.
‘‘സാവകാശം തന്നില്ലെങ്കിൽ നിയമപരമായി നേരിടും. നിയമനടപടികൾ അഭിഭാഷകരുമായി ആലോചിക്കുകയാണ്. ഞാൻ പാർലമെന്റിലെ ധനകാര്യ സ്ഥിരംസമിതി അംഗമായിരുന്നില്ല. കേസിലെ പരാതിക്കാരെ അറിയില്ല. എന്നെയും സതീശനെയും കേസിൽ കുരുക്കാമെന്ന വ്യാമോഹിക്കുന്ന പിണറായി മൂഡസ്വർഗത്തിലാണ്. മോൻസനെ കാണുമ്പോൾ 3 പേർ അവിടെയുണ്ടായിരുന്നു, ആരെന്നറിയില്ല’’ –സുധാകരൻ കൂട്ടിച്ചേർത്തു.
നാളെ കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ നേരിട്ടു ഹാജരാകാൻ ക്രൈബ്രാഞ്ച് സുധാകരനു നോട്ടിസ് നൽകിയിരുന്നു. മോൻസന്റെ തട്ടിപ്പിനിരയായ യാക്കൂബ് പുറായിൽ, സിദ്ദിഖ് പുറായിൽ, അനൂപ് വി.അഹമ്മദ്, സലീം എടത്തിൽ, എം.ടി.ഷമീർ, ഷാനിമോൻ എന്നിവർ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിയുടെ അടിസ്ഥാനത്തിലാണ് കേസ്. അന്വേഷണത്തിൽ സുധാകരനെ പ്രതിയാക്കാവുന്ന തെളിവുകൾ ലഭിച്ചെന്നാണു ക്രൈംബ്രാഞ്ചിന്റെ നിലപാട്.
ഗൾഫിലെ രാജകുടുംബത്തിനു പുരാവസ്തുക്കൾ വിറ്റ ഇനത്തിൽ കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്രസർക്കാർ തടഞ്ഞുവച്ചിരിക്കുകയാണെന്നു മോൻസൻ തങ്ങളെ വിശ്വസിപ്പിച്ചതായി പരാതിക്കാർ പറയുന്നു. ബാങ്കിൽ കുടുങ്ങിക്കിടക്കുന്ന ഈ തുക പിൻവലിക്കാനുള്ള തടസ്സങ്ങൾ പരിഹരിക്കാനെന്ന പേരിൽ പലപ്പോഴായി 10 കോടി രൂപ വാങ്ങി. വീണ്ടും 25 ലക്ഷം രൂപ ചോദിച്ചെങ്കിലും കൊടുത്തില്ല.
തുടർന്ന് 2018 നവംബർ 22നു കൊച്ചി കലൂരിലെ മോൻസന്റെ വീട്ടിൽ വച്ചു സുധാകരൻ ഡൽഹിയിലെ തടസ്സങ്ങൾ പരിഹരിക്കാമെന്നു നേരിട്ട് ഉറപ്പു നൽകി. ഈ വിശ്വാസത്തിൽ മോൻസന് 25 ലക്ഷം കൂടി നൽകി. ഇതിൽ 10 ലക്ഷം രൂപ സുധാകരൻ വാങ്ങിയെന്ന ആരോപണവും പരാതിക്കാർ ഉന്നയിച്ചിട്ടുണ്ട്. അന്നു പാർലമെന്റിലെ ധനകാര്യ സ്ഥിരസമിതി അംഗമായിരുന്ന സുധാകരൻ ആ പദവി ഉപയോഗിച്ചു സഹായിക്കുമെന്ന ഉറപ്പിലാണു പണം നൽകിയതെന്നും പറയുന്നു. കേന്ദ്രം 2.62 ലക്ഷം കോടി തടഞ്ഞുവച്ചതായ വാദം കള്ളമാണെന്നു ബോധ്യപ്പെട്ടെന്നും പരാതിക്കാർ പറഞ്ഞതോടെയാണു സുധാകരനെതിരെ കേസ് റജിസ്റ്റർ ചെയ്യാൻ ക്രൈംബ്രാഞ്ചിനു നിയമോപദേശം ലഭിച്ചത്.