കൊച്ചി: പുരവസ്തുക്കളുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിന്‍റെ ജീവിതശൈലിയാണ് അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും ഞെട്ടിച്ചത്. യൗവ്വനം നിലനിർത്താൻ വർഷങ്ങളായി ഇയാൾ അരിയാഹാരം കഴിച്ചിരുന്നില്ല. വിദേശത്തുനിന്ന് എത്തിക്കുന്ന സൗന്ദര്യവർധക ടാബ്ലറ്റുകളും ഉപയോഗിച്ചിരുന്നു.
പൊതുജനമധ്യത്തിൽ തന്നെ സൂപ്പർതാരമായി അവതരിപ്പിക്കാൻ മോൻസൺ മാവുങ്കൽ കണ്ടുപിടിച്ച വഴിയാണ് സാമൂഹ്യമാധ്യങ്ങളിലൂടെ തന്നെത്തന്നെ പെരുപ്പിച്ച് പ്രചാരണം. അതുവഴി തട്ടിപ്പിന്‍റെ വ്യാപ്തി കൂട്ടുക. ആരെയും ആകർഷിക്കുന്ന വ്യക്തിത്വവും പെരുമാറ്റശൈലിയും വേണമെന്നാണ് മോൻസൻ തന്നെ ചോദ്യം ചെയ്യലിന്‍റെ ഇടവേളയിൽ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. ഇയാളുടെ ചില പഴയ ജീവനക്കാരും ഇക്കാര്യം ശരിവയ്ക്കുന്നു.
അധിക ഭക്ഷണം കഴിയ്ക്കാതിരിക്കുക എന്നതാണ് മോൻസന്‍റെ രീതി. അരിയാഹാരം കൈകൊണ്ടുതൊടില്ല. കൊഴുപ്പുകുറഞ്ഞ ഇടയ്ക്കിടെ കഴിക്കും. കുടിക്കാൻ മധുരമില്ലാത്ത ജ്യൂസ്. പിന്നെ ഹെൽത് ഡ്രിങ്ക്. മിനറൽ വാട്ടര്‍ മാത്രമേ കുടിക്കൂ. വാർധക്യം ശരീരത്തെ ബാധിക്കാതിരിക്കാൻ സൗന്ദര്യവർധക ഗുളികകളും ഉപയോഗിച്ചുരുന്നു.നല്ല നിറം കിട്ടാനും മുഖത്തും കഴുത്തിലും ചുളിവുകൾ വരാതിരിക്കാനും മെലാനിൻ അടങ്ങിയ ഗുളികകളും കഴിച്ചിരുന്നു. ഇവ വിദേശത്തുനിന്ന് വരുത്തുകയായിരുന്നു.
വിരുന്നുകാരെ കയ്യിലെടുക്കാൻ വാരിക്കോരി സമ്മാനങ്ങൾ നൽകിയിരുന്നു. മധ്യവയസ്കരായ സ്ത്രീകൾക്ക് നിറമുളള സാരികളാണ് നൽകിയത്. പുരുഷൻമാരായ വിഐപികൾക്ക് നൽകിയത് വാച്ചുകളാണ്. കൊച്ചി നഗരത്തിന് പുറത്ത് താമസക്കാരനായ ഒരു സിനിമാ താരത്തിന് മോൻസൻ നൽകിയ പത്തുലക്ഷത്തിന്‍റെ വാച്ച് ഇദ്ദേഹം ദുബായിൽ കൊണ്ടുപോയി പരിശോധിച്ചു. 200 ദിർഹം പോലും വരില്ലെന്നാണ് കടക്കാർ പറഞ്ഞത്. സമാനമായരീതിയിൽ ഒരു ഗായകനേയും പറ്റിച്ചു.